Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലെ പരമ്പര വിജയത്തിൽ ഇന്ത്യയ്ക്ക് പത്തിൽ പത്ത്; ഓസ്ട്രേലിയയ്ക്കൊപ്പം

indian-cricket-team-win

ഹൈദരാബാദ്∙ ക്രിക്കറ്റ് റെക്കോർഡ് ബുക്കിന്റെ താളുകളിലേക്ക് ഒരുപിടി പുത്തൻ ഏടുകൾ സമ്മാനിച്ചാണ് ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഹൈദരാബാദിൽ തിരശീല വീഴുന്നത്. പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരത്തിനും മൂന്നാം ദിനത്തിൽത്തന്നെ വിരാമമാകുമ്പോൾ, സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കിത് തുടർച്ചയായ 10–ാം പരമ്പര വിജയമാണ്. ഓസ്ട്രേലിയയ്ക്കു ശേഷം ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമുമായി ഇന്ത്യ. നാട്ടിലെ അടുത്ത പരമ്പര കൂടി സ്വന്തമാക്കിയാൽ ഓസീസിനെ മറികടന്ന് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്.

ഓസ്ട്രേലിയ രണ്ടു തവണയാണ് സ്വന്തം നാട്ടിൽ തുടർച്ചയായി 10 പരമ്പരകൾ ജയിച്ചിട്ടുള്ളത്. 1994–95 മുതൽ 2000–01 വരെയും 2004 മുതൽ 2008–09 വരെയുമായി രണ്ടു തവണ ഓസീസ് സ്വന്തം നാട്ടിൽ പത്തു തുടർ പരമ്പരകളിൽ ജേതാക്കളായി. ഇന്ത്യയാകട്ടെ 2012നു ശേഷം ഇതുവരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല.

2012–13ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ഓസ്ട്രേലിയയെ 4–0ന് തകർത്താണ് ഇന്ത്യ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരകളിൽ അജയ്യരായി മാറിയത്. അവിടുന്നിങ്ങോട്ട് വെസ്റ്റ് ഇൻഡീസ് (2013–14ൽ 2–0), ദക്ഷിണാഫ്രിക്ക (2015–16ൽ 3–0), ന്യൂസീലൻഡ് (2016–17ൽ 3–0), ഇംഗ്ലണ്ട് (2016–17ൽ 4–0), ബംഗ്ലദേശ് (2016–17ൽ 1–0), ഓസ്ട്രേലിയ (2016–17ൽ 2–1), ശ്രീലങ്ക (2017–18ൽ 1–0), അഫ്ഗാനിസ്ഥാൻ (2018ൽ 1–0), വെസ്റ്റ് ഇൻഡീസ് (2018ൽ 2–0) എന്നിവർക്കെതിരെ നാട്ടിൽ ടെസ്റ്റ് പരമ്പര ജയിച്ചു.

∙ ഈ വർഷം നാട്ടിൽ നടക്കുന്ന തുടർച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇന്ത്യ മൂന്നു ദിവസത്തിനുള്ളിൽ ജയിച്ചുകയറുന്നത്. ഇന്ത്യയിൽ അരങ്ങേറ്റ ടെസ്റ്റ് കളിക്കാനെത്തിയ അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ദിവസം തന്നെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ്‍ ഇൻഡീസിനെതിരായ രണ്ടു ടെസ്റ്റും മൂന്നാം ദിനം തന്നെ ജയിച്ചുകയറി.

∙ ഈ കലണ്ടർ വർഷം (2018) ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമായും ഇന്ത്യ മാറി. ഈ വർഷം ഇതുവരെ ഇന്ത്യയുടെ അ‍ഞ്ചാം ടെസ്റ്റ് വിജയമാണ് ഹൈദരാബാദിലേത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും ഈ വർഷം അഞ്ചു ടെസ്റ്റ് വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ശ്രീലങ്ക (നാല്), വെസ്റ്റ് ഇൻഡീസ് (മൂന്ന്), ഓസ്ട്രേലിയ, പാക്കിസ്ഥാൻ (രണ്ട്), ന്യൂസീലൻഡ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ടീമുകൾ ഈ വർഷം നേടിയ ടെസ്റ്റ് വിജയങ്ങളുടെ എണ്ണം.

∙ വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിലും വിദേശത്തുമായി ഇന്ത്യ സ്വന്തമാക്കുന്ന തുടർച്ചയായ ഏഴാം ടെസ്റ്റ് പരമ്പര വിജയവുമാണിത്. മാത്രമല്ല, വെസ്റ്റ് ഇൻഡീസിനെതിരെ തോൽവി അറിയാതെ പിന്നിടുന്ന തുടർച്ചയായ 21–ാം ടെസ്റ്റ് മൽസരമാണ് ഹൈദരാബാദിൽ ഇന്നലെ സമാപിച്ചത്. 2002നു ശേഷം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിക്കാൻ വെസ്റ്റ് ഇൻഡീസിനു സാധിച്ചിട്ടില്ല.

∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എട്ടാമത്തെ മാത്രം 10 വിക്കറ്റ് വിജയമാണ് ഹൈദരാബാദിൽ കുറിക്കപ്പെട്ടത്. മുംബൈയിലെ ബ്രാബൗൺ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യമായി ടെസ്റ്റിൽ 10 വിക്കറ്റ് വിജയം നേടിയത്. അതിനുശേഷം പാക്കിസ്ഥാൻ (ചെന്നൈ, 1980), ന്യൂസീലൻഡ് (ഹൈദരാബാദ്, 1988), ഇംഗ്ലണ്ട് (മൊഹാലി, 2001), സിംബാബ്‍വെ (ഹരാരെ, 2005), ന്യൂസീലൻഡ് (ഹാമിൽട്ടൺ, 2009), ബംഗ്ലദേശ് (മിർപുർ, 2010) എന്നീ രാജ്യങ്ങളെയും ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെയും ഇന്ത്യ 10 വിക്കറ്റിനു കീഴടക്കി.

ടെസ്റ്റിൽ നേടിയ 10 വിക്കറ്റ് വിജയങ്ങളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനം മാത്രമേയുള്ളൂ ഇന്ത്യയ്ക്ക്. 29 തവണ 10 വിക്കറ്റ് വിജയം നേടിയ ഓസ്ട്രേലിയയാണ് ഇക്കാര്യത്തിൽ മുന്നിൽ. മുൻപ് ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചിരുന്ന വിൻഡീസ് 25 തവണ 10 വിക്കറ്റ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് 20 തവണയും പാക്കിസ്ഥാൻ 13 തവണയും 10 വിക്കറ്റ് വിജയത്തിന് അവകാശികവായി. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾ ഇന്ത്യയ്ക്കൊപ്പം എട്ടു തവണ 10 വിക്കറ്റ് വിജയം കൈക്കലാക്കി. ന്യൂസീലൻഡ് നാലു തവണ മാത്രമാണ് 10 വിക്കറ്റ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.

∙ മൂന്നു ഫോർമാറ്റിലുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ 10 വിക്കറ്റ് വിജയങ്ങൾ സ്വന്തമാക്കിയ ടീം വെസ്റ്റ് ഇൻഡീസാണ്. 36 തവണ. ഓസ്ട്രേലിയ 34 തവണയും ഇംഗ്ലണ്ട് 29 തവണയും 10 വിക്കറ്റ് വിജയം നേടിയിട്ടുണ്ട്. പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾ 17 തവണയാണ് 10 വിക്കറ്റ് വിജയം നേടിയത്. 16 പത്ത് വിക്കറ്റ് വിജയങ്ങളുമായി ഇന്ത്യ ഈ പട്ടികയിലും അഞ്ചാമതാണ്. ന്യൂസീലൻഡ് (15), ശ്രീലങ്ക (14), കെനിയ (മൂന്ന്), അഫ്ഗാനിസ്ഥാൻ, അയർലൻഡ് (രണ്ട്) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ 10 വിക്കറ്റ് വിജയങ്ങളുടെ എണ്ണം.

related stories