Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻഡീസിന് വിക്കറ്റ് ‘നിഷേധിച്ചു’; ചമ്മലോടെ മാപ്പുപറഞ്ഞ് അംപയർ – വിഡിയോ

ian-gould റീപ്ലേയുടെ സമയത്ത് അംപയർ ഇയാൻ ഗൗള്‍ഡിന്റെ പ്രതികരണം.

ഹൈദരാബാദ്∙ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ എൽബിഡബ്ല്യു അപ്പീൽ നിരസിച്ച് വിൻഡീസിന് അർഹമായ വിക്കറ്റ് നിഷേധിച്ച അംപയർ ഇയാൻ ഗൗൾഡ് ക്ഷമ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെ പന്തിൽ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോഴാണ് ഗൗൾഡ് വിൻഡീസിന് വിക്കറ്റ് നിഷേധിച്ചത്.

വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സംഭവം. ഹോൾഡർ ബോൾ ചെയ്ത അഞ്ചാം ഓവറിലെ ആദ്യ പന്ത് ബൗൺസറാണെന്നു കരുതി ഷാ നിലത്തിരുന്ന് ഒഴിഞ്ഞുമാറി. എന്നാൽ, ഷായുടെ കണക്കുകൂട്ടൽ തെറ്റിച്ച പന്ത് നേരെ വന്ന് കയ്യിലിടിച്ചു. വിൻഡീസ് താരങ്ങൾ എൽബിക്കായി അപ്പീൽ ചെയ്തെങ്കിലും അംപയർ നിരസിച്ചു.

ഇതോടെ ഹോൾഡർ തീരുമാനം റിവ്യൂ ചെയ്യുകയായിരുന്നു. റീപ്ലേയിൽ ഷാ ഔട്ടാണെന്നു വ്യക്തമായി. എങ്കിലും ‘അംപയേഴ്സ് കോളി’ന്റെ ആനുകൂല്യത്തിൽ ഷായ്ക്ക് ആയുസ് നീട്ടിക്കിട്ടി. അംപയർ വിളിച്ചിരുന്നത് ഔട്ടായിരുന്നുവെങ്കിൽ ഷാ പുറത്തുപോകേണ്ടി വരുമായിരുന്നു.

റിവ്യൂവിൽ തന്റെ തീരുമാനത്തിന്റെ ആനുകൂല്യത്തിൽ ബാറ്റ്സ്മാൻ ക്രീസിൽ തുടരുകയും വിൻഡീസിന് അർഹിച്ച വിക്കറ്റ് നഷ്ടമാകുകയും ചെയ്തതോടെയാണ് ഹോൾഡറിനെ നോക്കി അംപയർ ഇയാൻ ഗൗൾഡ് ‘സോറി’ പറഞ്ഞത്. റിവ്യൂവിൽ ‘അംപയേഴ്സ് കോൾ’ എന്നു വ്യക്തമായ ഉടൻ ഗൗൾഡ് മുഖംപൊത്തി ചമ്മി ചിരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

ഗൗൾഡിന്റെ ‘മാപ്പപേക്ഷ’യോട് ഹോൾഡറും ചിരിയോടെ പ്രതികരിച്ചതോടെ സമ്മർദ്ദമകന്നു. ക്രീസിൽ തുടർന്ന പൃഥ്വി ഷാ തന്നെ ഒടുവിൽ ബൗണ്ടറിയിലൂടെ ഇന്ത്യയ്ക്ക് വിജയ റൺ സമ്മാനിച്ചു. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഷാ തന്നെ.

related stories