Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുതിക്കയറാൻ മിടുക്കൻമാരാണ്; കുൽദീപ്, പന്ത്, ഷാ ഇവരാണ് ഭാവി: ഗാവസ്കർ

Sunil Gavaskar

പ്രതീക്ഷാനിർഭരമായ തുടക്കമായിരുന്നു രണ്ടാം ടെസ്റ്റിന്റേത്. പക്ഷേ എന്തു പറയാൻ, വെറും മൂന്നു ദിവസത്തിനുള്ളിൽ വെസ്റ്റ് ഇൻഡീസിനെ ചുരുട്ടിക്കെട്ടി ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കി. ഒരു കാലത്തു ക്രിക്കറ്റിലെ രാജാക്കന്മാരായിരുന്നവരുടെ ഗതികേട് ഓർത്തു നിരാശപ്പെടുന്ന ക്രിക്കറ്റ് പ്രേമികൾ ഒട്ടേറെയുണ്ടാവും. എങ്കിലും വിൻഡീസിന്റെ നല്ലകാലത്ത് ഇത്തരം തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു തലമുറയുടെ പ്രതിനിധിയായ എനിക്ക് ഇന്ത്യൻ യുവതാരങ്ങൾ കാഴ്ചവയ്ക്കുന്ന പ്രകടനം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. 

ട്വന്റി20 ലീഗുകൾ കളിക്കാൻ താൽപര്യപ്പെടുന്ന ചില മികച്ച താരങ്ങൾ വിട്ടുനിന്നതോടെ പൂർണ കരുത്തോടെയുള്ള വിൻഡീസല്ല ഇന്ത്യയിലെത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ വെസ്റ്റ് ഇൻഡീസ് ടീമിനു മുഴുക്കരുത്തിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. മനോഹരമാണു കരീബിയൻ ദ്വീപസമൂഹമെങ്കിലും ജീവിക്കാൻ തക്ക ജോലി കണ്ടെത്താനുള്ള അവസരങ്ങൾ കുറവാണ്. അതുകൊണ്ടു തന്നെ വെസ്റ്റ് ഇൻഡീസിനു വേണ്ടി ടെസ്റ്റ് കളിച്ചു സമയം കളയുന്നതിലും ഭേദം പണക്കൊഴുപ്പിന്റെ ട്വന്റി20 ലീഗുകളിൽ പങ്കെടുക്കുന്നതാണു നല്ലതെന്നു കരീബിയൻ താരങ്ങൾ കരുതുന്നതിൽ ന്യായമുണ്ട്. 

കാര്യമായ ടേണില്ലാത്ത പിച്ചുകളിൽ വിൻഡീസ് ബാറ്റ്സ്മാൻമാർ കാഴ്ചവച്ച തല്ലിപ്പൊളി ബാറ്റിങ്ങാണ് ഏറ്റവും നിരാശപ്പെടുത്തിയത്. റോസ്റ്റൺ ചേസും ക്യാപ്റ്റൻ ജാസൻ ഹോൾഡറും ഹൈദരാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കാഴ്ചവച്ച ബാറ്റിങ് പ്രകടനം മറ്റുള്ളവർക്കും പാഠമാകുമെന്നും രണ്ടാം ഇന്നിങ്സിൽ ഭേദപ്പെടുമെന്നും കരുതി. എന്നാൽ ഹെറ്റ്മയേറും ആംബ്രിസും പുറത്തായ രീതി കാണുമ്പോൾ അവർ ഈ തലത്തിൽ കളിക്കാൻ അർഹരാണോയെന്ന സംശയം പോലും എനിക്കുണ്ട്. ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്താൻ കഴിയാത്തതു വിൻഡീസ് ബാറ്റിങ് നിരയുടെ ബലഹീനതയാണ്. ചേസും ഹോൾഡറും നേരത്തെ ബാറ്റു ചെയ്യാൻ എത്തേണ്ടതായിരുന്നു. 

പരമ്പര വിജയം ഇന്ത്യക്ക് ഏറെ ആശ്വാസം പകരുന്നുണ്ടാവും. കൂടാതെ യുവതാരങ്ങളുടെ പ്രകടനം നൽകുന്ന ആത്മവിശ്വാസവും. റൺദാഹം കൊണ്ടു പൃഥ്വി ഷാ ശ്രദ്ധിക്കപ്പെട്ടു. ബാറ്റിങ്ങും കീപ്പിങ്ങും ഋഷഭ് പന്തിനെ സ്വീകാര്യനാക്കുന്നു. ലൈനും ലെങ്തും സാഹചര്യത്തിനനുസരിച്ചു ക്രമപ്പെടുത്തി അഞ്ചു വിക്കറ്റു നേട്ടം സ്വന്തമാക്കിയ കുൽദീപ് യാദവിന്റെ ബോളിങ്ങും ശ്രദ്ധേമായി. ഈ മൂന്നു താരങ്ങളാവും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി. ഏതൊരു താരത്തെയും പോലെ അവരുടെ യാത്രയിലും ഉയർച്ച താഴ്ചകളുണ്ടാവും. എങ്കിലും പൊരുതിക്കയറി വരാൻ മിടുക്കുള്ളവരാണ് മൂവരും. 

ആദ്യമായി പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഉമേഷ് യാദവും ശ്രദ്ധിക്കപ്പെട്ടു. മികച്ച ന്യൂ ബോൾ ബോളർമാരുടെ ഒരു നിര തന്നെ ഇന്ത്യക്കുണ്ട്. തീർച്ചയായും ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാം. ഇനി എല്ലാ കണ്ണുകളും പരിമിത ഓവർ ക്രിക്കറ്റിലേക്ക്. ടെസ്റ്റ് പരമ്പര അനായാസം ജയിച്ചതിന്റെ നെഞ്ചുറപ്പോടെയാകും ഇന്ത്യ ഏകദിന പരമ്പരയെ സമീപിക്കുന്നത്. 

related stories