Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമുഖ താരങ്ങളൊന്നുമില്ലാതെ വിൻഡീസ്; വെല്ലുവിളിയില്ലാതെ ഇന്ത്യ

Indian team members ഗുവാഹത്തിയിൽ അംഗരക്ഷകരുടെ അകമ്പടിയോടെ പരിശീലനത്തിന് എത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.

ആവേശം അകന്നുനിന്ന ടെസ്റ്റ് പരമ്പരയാണു കടന്നുപോയത്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ മാത്രമാണ് ഇന്ത്യയ്ക്ക് അൽപമെങ്കിലും സമ്മർദം അനുഭവപ്പെട്ടതായി തോന്നിയത്. ഒരു കാലത്ത് ക്രിക്കറ്റിലെ അജയ്യ ശക്തിയായിരുന്ന വിൻഡീസാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മൽസരങ്ങളിലും പൊരുതാൻ പോലുമാകാതെ കീഴടങ്ങിയത്. 1960 കളിൽ വിൻഡീസിനെതിരായ ടെസ്റ്റുകളിൽ മൂന്നു ദിവസംകൊണ്ടു കീഴടങ്ങിയിരുന്ന ഇന്ത്യ, ഇന്നത്തെ വിൻഡീസിനെ അതേ നാണയത്തിൽ കീഴടക്കുന്ന കാഴ്ച കൂടിയായിരുന്നു ഇത്.

വിൻഡീസിന്റെ പ്രമുഖ താരങ്ങളെല്ലാം ഏകദിന പരമ്പരയിൽനിന്നു വിട്ടുനിൽക്കുകയാണ്. ഇതിൽ ചിലർ ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ക്ലബ് ക്രിക്കറ്റ് കളിക്കുന്ന തിരക്കിലാണ്. മാച്ച് വിന്നർമാരായ ഈ താരങ്ങളെ കൂടാതെയിറങ്ങുന്ന വിൻഡീസ്, ഇന്ത്യയ്ക്ക് എങ്ങനെ വെല്ലുവിളി ഉയർത്താനാണ് എന്നു ചിന്തിക്കേണ്ടതുണ്ട്.

വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഇറക്കുന്ന ടീമിനെതിരെ കളിക്കുക എന്നതേ തൽക്കാലം ഇന്ത്യയ്ക്ക് ചെയ്യാനുള്ളൂ. വിജയം തുടർക്കഥയാക്കി മാറ്റിക്കഴിഞ്ഞ ഇന്ത്യയ്ക്ക് ഈ പരമ്പരയിലും അതു തുടരാം. സ്വയം വിലയിരുത്താനും മെച്ചപ്പെടാനുമുള്ള അവസരമായി വേണം ഇന്ത്യ പരമ്പരയെ കാണാൻ. പവർപ്ലേ ഓവറുകളിൽ ടീമിനു മികച്ച തുടക്കം നൽകിയശേഷം മധ്യ ഓവറുകളിൽ ഇന്നിങ്സ് കെട്ടിപ്പടുക്കാനും, അവസാന ഓവറുകളിൽ തകർത്തടിക്കാനും ബാറ്റ്സ്മാൻമാർക്കു ശീലിക്കാം. മികച്ച പ്രകടനം പുറത്തെടുത്ത് സീനിയർ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയുടെ രണ്ടാം നിര ബോളർമാർക്കും അവസരമുണ്ട്.

നായകൻ വിരാട് കോഹ്‌ലിക്ക് ഏഷ്യാ കപ്പിലെ വിശ്രമത്തിനു ശേഷം അടുത്ത സെഞ്ചുറി നേട്ടത്തിലേക്കു കണ്ണുവയ്ക്കാം. ഇതിനുള്ള അവസരം രോഹിത് ശർമയും ശിഖർ ധവാനും കോഹ്‌ലിക്കു വിട്ടുനൽകണം എന്നു മാത്രം! മരുഭൂമിയിലെ മഞ്ഞുവീഴ്ച പോലെ എന്തെങ്കിലും അദ്ഭുതം കാട്ടാൻ വിൻഡീസിനായില്ലെങ്കിൽ മറ്റൊരു ഏകപക്ഷീയമായ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിൻഡീസ്, ദയവായി എന്റെ വാക്കുകൾ തെറ്റാണെന്നു തെളിയിക്കുക.