Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ - വിൻഡീസ് ആദ്യ ഏകദിനം ഇന്ന്; വിജയപരമ്പര തുടരാൻ കോഹ്‍ലിയും സംഘവും

Kohli ഇന്ത്യൻ ടീം ഫിസിയോ പാട്രിക് ഫർഹാർടിനൊപ്പം വ്യായാമം ചെയ്യുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി.

ഗുവാഹത്തി∙ ഏഷ്യാകപ്പിലെ‍ വിശ്രമം സമ്മാനിച്ച ഉണർവോടെ വിരാട് കോഹ്‌ലി. ഇരട്ട സെഞ്ചുറി തിളക്കത്തിൽ ശിഖർ ധവാൻ, നായകന്റെ കുപ്പായവും വഴങ്ങുമെന്നു തെളിയിച്ച് രോഹിത് ശർമ. വിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ ഇവരിൽ ആരെ മെരുക്കുന്നതിനാകും വിൻഡീസ് മുൻഗണന? ഇവർ മൂവരെയും പിടിച്ചുകെട്ടാൻ പാകത്തിനുള്ള ബോളിങ് ലൈനപ്പ് തൽക്കാലം വിൻഡീസിന് അവകാശപ്പെടാനില്ല. 

വിൻഡീസ് നായകൻ‌ ജാസൻ ഹോൾഡറും കെമർ റോച്ചും മാത്രമാണ് ഇന്ത്യൻ ബാറ്റിങ്ങ് നിരയ്ക്ക് അൽപമെങ്കിലും ഭീഷണി ഉയർത്താൻ പോന്നവർ. വിൻഡീസ് സ്പെഷവലിസ്റ്റ് സ്പിന്നർ ദേവേന്ദ്ര ബിഷുവിനെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അനായാസം നേരിടുന്നതാണ് ടെസ്റ്റ് പരമ്പരയിൽ കണ്ടത്. വമ്പൻ അടിക്കു പേരുകേട്ട ഓപ്പണർ ക്രിസ് ഗെയ്‌ലും എവിൻ ലൂയിസും പരമ്പരയിൽനിന്നു പിൻമാറിയതും വിൻഡീസിനു തിരിച്ചടിയാണ്. ഇരുന്നൂറാം മൽസരത്തിനിറങ്ങുന്ന മാർലൺ സാമുവൽസിലാണ് വിൻഡീസിന്റെ ബാറ്റിങ് പ്രതീക്ഷ. വമ്പൻ സ്കോർ ചേസ് ചെയ്യുമ്പോൾ‌ സാമുവൽസ് ക്രീസിൽ നങ്കൂരമിട്ടേക്കും എന്നാണ് അവരുടെ കണക്കുകൂട്ടൽ. 

മറുവശത്ത് കരുത്തോടെയിറങ്ങുന്ന ഇന്ത്യയ്ക്ക് പേസ് ബോളിങ് വിഭാഗത്തിൽ മാത്രമാണ് അൽപം ആശങ്കയുള്ളത്. ചെറിയ ഇടവേളയ്ക്കുശേഷം ഏകദിന ടീമിലേക്കു മടങ്ങിയെത്തുന്ന ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണു പരമ്പര. കുൽദീപും ചാഹലും നയിക്കുന്ന സ്പിൻ വിഭാഗത്തിലേക്ക് ഓൾറൗണ്ടറുടെ റോളിൽ ജഡേജയും എത്തിയേക്കും. 

∙ ഏകദിനത്തിൽ 9779 റൺസാണ് വിരാട് കോഹ്‌ലിയുടെ ഇതുവരെയുള്ള നേട്ടം. വിൻഡീസിനെതിരായ പരമ്പരയിൽ 221 റൺസ് കൂടി നേടിയാൽ എകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് കോഹ്‌ലിക്കു സ്വന്തമാകും. 

∙ 259 ഇന്നിങ്സിൽനിന്ന് 10,000 റൺസ് തികച്ച സച്ചിൻ തെൻഡുൽക്കറാണ് ഏറ്റവും കുറവ് ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയത്. 183 ഇന്നിങ്ങ്സുകളിൽനിന്ന് 9779 റൺസ് നേടിയ കോഹ്‌ലി ഈ പരമ്പരയിൽ സച്ചിന്റെ ഈ റെക്കോർഡും മറികടന്നേക്കും. 

∙ പരമ്പരയിൽ 187 റൺസ് കൂടി നേടിയാൽ വിൻഡീസിനെതിരെ ഏകദിനത്തിൽ ഏറ്റവും അധികം റൺസ് നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ് വിരാട് കോഹ്‌ലിക്കു സ്വന്തമാകും. 39 കളിയിൽ 1573 റൺസെടുത്ത സച്ചിന്റെ പേരിലാണ് നിലവിലുള്ള റെക്കോർഡ്. 27 കളികളിൽ കോഹ്‌ലി 1387 റൺസ് എടുത്തിട്ടുണ്ട്. 

∙ ഇതുവരെ ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരകളിൽ ഒന്നിൽപ്പോലും വിൻഡീസ് സമ്പൂർണ പരാജയം രുചിച്ചിട്ടില്ല. 

∙ ''മികച്ച ഫോമിലാണ് ഇന്ത്യ. ബാറ്റ്സ്മാന്മാർ നന്നായി കളിക്കുന്നു, ബോളർമാർ നന്നായി പന്തെറിയുന്നു. ബാറ്റിങ് ഓർഡറിലെ നാലാം സ്ഥാനം അശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഏഷ്യാ കപ്പിൽ സ്ഥിരതയുള്ള പ്രകടനം നടത്തിയ അമ്പാട്ടി റായുഡു ആ കുറവും പരിഹരിക്കും. മധ്യനിര താരങ്ങളുടെ പരിചയസമ്പത്തും ടീമിനു ഗുണമുണ്ടാക്കും.'' – വിരാട് കോഹ്‌ലി, ഇന്ത്യൻ നായകൻ