Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി? ഇന്ത്യ–ഇംഗ്ലണ്ട് മൽസരവും സംശയനിഴലിൽ

munavar വാതുവയ്പുകാരൻ അനീൽ മുനവർ( അൽ ജസീറ ചാനൽ പുറത്തുവിട്ട ചിത്രം)

ദോഹ∙ അൽജസീറ ചാനലിന്റെ വെളിപ്പെടുത്തലി‍ൽ ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം. 2011–12 വർഷങ്ങൾക്കിടെ നടന്ന 15 കളികളിൽ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്പോട് ഫിക്സിങ് നടന്നതിനുള്ള തെളിവുകൾ ഇന്നലെ അൽജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകളിലെ താരങ്ങൾ സ്പോട് ഫിക്സിങ്ങിൽ ഏർപ്പെട്ടതായാണു വെളിപ്പെടുത്തൽ. ഇതിൽ ഒന്ന് 2011ജൂലൈയിൽ നടന്ന ഇംഗ്ലണ്ട്– ഇന്ത്യ ടെസ്റ്റ് മൽസരമാണ്.

ക്രിക്കറ്റ് താരങ്ങളെ സ്വാധീനിച്ചു മൽരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം മാറ്റിമറിക്കുന്ന പ്രക്രിയയാണു സ്പോട് ഫിക്സിങ്. ഉദാഹരണത്തിന് പവർപ്ലേ ഓവറുകളിൽ ഒരു ടീം നിർദിഷ്ട റൺസിനു മുകളിൽ നേടുമോ ഇല്ലയോ, അവസാന ഓവറിൽ ബാറ്റ്സാമാൻ നിർദിഷ്ട റൺസിനു മേൽ സ്കോർ ചെയ്യുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളാണു സ്പോട് ഫിക്സർമാർ നിശ്ചയിക്കുക. ഇതു സംബന്ധിച്ച് താരങ്ങളുമായി ധാരണയുണ്ടാക്കിയതിനുശേഷം വാതുവയ്പ്പിൽ ഏർപ്പെടുന്നതാണു രീതി.

കുപ്രസിദ്ധ വാതുവയ്പ്പു സംഘത്തലവൻ മുംബൈ സ്വദേശി അനീർ മുനവറുമായി ചാനൽ റിപ്പോർട്ടർ വാതുവയ്പ്പുകാരനെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്. സ്പോട് ഫിക്സിങ്ങിന്റെ ഭാഗമായി ബാറ്റ്സ്മാൻമാർ സ്വാഭാവിക ശൈലിക്കുചേരാത്ത പ്രകടനം നടത്തിയതായാണു ചാനലിന്റെ കണ്ടെത്തൽ. പല പ്രമുഖ താരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഒരു കളിക്കിടെ ഒന്നിലധികം തവണ സ്പോട് ഫിക്സിങ് നടത്തിയതായും പറയുന്നു.

കുപ്രസിദ്ധ കുറ്റവാളി ദാവുദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും അനീർ മുനവറിനു ബന്ധമുണ്ടെത്രെ. ഫോൺ സംഭാഷണങ്ങളിൽ മുനവർ നടത്തുന്ന 26 പ്രവചനങ്ങളിൽ 25 എണ്ണവും ശരിയായിട്ടുണ്ട് എന്നതാണു സ്പോട് ഫിക്സിങ് നടന്നതിനുള്ള തെളിവായി കാണുന്നത്. ഇയാളുടെ ഫോൺ സംഭാഷണങ്ങളുടെ കൂടുതൽ വിവരം വരും ദിവസങ്ങളിലും പുറത്തുവിടുമെന്നു ചാനൽ അറിയിച്ചു. സംഭവത്തെപ്പറ്റി ഐസിസി പ്രതികരിച്ചിട്ടില്ല.