Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ധോണിക്കു നിർണായകമെന്ന് ഗാംഗുലി

Dhoni-Ganguly എം.എസ്. ധോണി, ഗാംഗുലി

കൊൽക്കത്ത∙ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾ മഹേന്ദ്രസിങ് ധോണിയെ സംബന്ധിച്ച് നിർണായകമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്കു സാധിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. വിക്കറ്റിനു പിന്നിൽ മികച്ച പ്രകടനം തുടരുമ്പോഴും ബാറ്റിങ്ങിൽ ധോണി തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ പരാമർശങ്ങൾ.

വിക്കറ്റ് കീപ്പറായി ധോണി ഇന്ത്യൻ ടീമിൽ തുടരുമ്പോൾ തന്നെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ യുവതാരം ഋഷഭ് പന്തിനെയും സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നു. ഗുവാഹത്തിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ബാറ്റ്സ്മാനെന്ന നിലയിൽ പന്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യ എട്ടു വിക്കറ്റിനു ജയിച്ച മൽസരത്തിൽ പന്തിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിരുന്നില്ല.

അതേസമയം, ധോണി ടീമിൽ തുടരുമ്പോൾ പന്തിനെക്കൂടി ഉൾപ്പെടുത്തിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ‘എന്തു തരത്തിലുള്ള ഒരു ടീമിനെയാണ് അവർ ലക്ഷ്യമിടുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ലോകകപ്പിൽ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ഇക്കാര്യത്തിൽ ധോണിയെ സംബന്ധിച്ച് നിർണായകമാകും’ – ഗാംഗുലി പറഞ്ഞു.

ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ നാലു മൽസരങ്ങളിൽ ധോണിക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചെങ്കിലും 19.25 റൺസ് ശരാശരിയിൽ 77 റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ. നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റിന് പേരുകേട്ട ധോണിയുടെ ഏഷ്യാകപ്പിലെ സ്ട്രൈക്ക് റേറ്റ് 62.09 ആയിരുന്നു.

ഈ കലണ്ടർ വർഷത്തിൽ ഇതുവരെ 15 മൽസരങ്ങളിൽ 10 മൽസരങ്ങളിലും ധോണി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. ഇത്രയും മൽസരങ്ങളിൽനിന്ന് ധോണിയുടെ ശരാശരി 18.12 മാത്രം. സ്ട്രൈക്ക് റേറ്റ് 67.36ഉം. ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലും മികവു കണ്ടെത്താനാകാതെ പോയ ധോണിക്ക്, ഇംഗ്ലിഷ് മണ്ണിൽ ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ല. ഇംഗ്ലണ്ടിൽ ഇതുവരെ 20 ഏകദിനങ്ങൾ കളിച്ച ധോണിയുടെ അവിടുത്തെ റൺസ് ശരാശരി 38.06 ആണ്. ഏകദിന കരിയറിലെ ശരാശരി 50.61 ആയിരിക്കുമ്പോഴാണ് ഇത്.

അതേസമയം, ധോണിയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണെന്നാണ് ഗാംഗുലിയുടെ പക്ഷം. ‘ലോകകപ്പിനു പോകും മുൻപ് കളിക്കാർ എത്തരത്തിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതാണ് പ്രധാനം. റൺസ് കണ്ടെത്തുക എന്നതാണ് മുഖ്യം. അതുകൊണ്ടായിരിക്കാം പന്തിനും അവസരം നൽകിയത്’ – കോഹ്‍ലി പറഞ്ഞു.

റൗണ്ട് റോബിൻ ഫോർമാറ്റിൽ ക്രമീകരിച്ചിരിക്കുന്ന ഇംഗ്ലണ്ട് ലോകകപ്പിൽ, പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന നാലു ടീമുകൾ സെമിയിലേക്കു മുന്നേറും. ഇംഗ്ലണ്ട്–ദക്ഷിണാഫ്രിക്ക മൽസരത്തോടെ ഓവലിൽ മേയ് 30ന് ആണ് ലോകകപ്പ് ആരംഭിക്കുക.

‘ഏകദിനത്തിൽ ഇന്ത്യ മികച്ച ടീമാണ്. ഇക്കുറി ലോകകപ്പ് ആരാധകർക്ക് മികച്ചൊരു അനുഭവമായിരിക്കും. എല്ലാ ടീമുകളും പരസ്പരം പോരടിച്ച് ഏറ്റവും മികച്ച നാലു ടീമുകളാണ് സെമിയിൽ എത്തുക. മികച്ച പോരാട്ടങ്ങൾ പ്രതീക്ഷിക്കാമെന്നു ചുരുക്കം’ – കോഹ്‍ലി പറഞ്ഞു.

related stories