Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

400 റൺസ് അടിച്ചാലും ഇന്ത്യയ്ക്കെതിരെ വിൻഡീസിന് രക്ഷയില്ലായിരുന്നു: ലാറ

brian-lara ബ്രയാൻ ലാറ

ഗുവാഹത്തി∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 400 റൺസ് നേടിയിരുന്നെങ്കിൽപ്പോലും വെസ്റ്റ് ഇൻഡീസ് ജയിക്കുന്ന കാര്യം സംശയമാണെന്ന് അവരുടെ ഇതിഹാസ താരം ബ്രയാൻ ലാറ. ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും പ്രകടമാക്കിയ ഫോം പരിഗണിച്ചാൽ എത്ര വലിയ ടോട്ടലും ഇന്ത്യ അനായാസം മറികടക്കുമെന്നതായിരുന്നു സ്ഥിതിയെന്നും ലാറ ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇൻഡീസിനേക്കാൾ വളരെയേറെ മികച്ച ടീമാണ് ഇന്ത്യയെന്നും ലാറ ചൂണ്ടിക്കാട്ടി. വിശാഖപട്ടണത്ത് രണ്ടാം മൽസരത്തിന് തയാറെടുക്കുമ്പോൾ, സ്വന്തം പ്രകടനം മെച്ചപ്പെടുത്താനാകണം വിൻഡീസ് മുൻഗണന നൽകേണ്ടതെന്നും ലാറ അഭിപ്രായപ്പെട്ടു. എങ്കിൽത്തന്നെ വിജയം നേടാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഏകദിന ലോകകപ്പ് ഏഴു മാസം അകലെ നിൽക്കെ മികച്ചൊരു ടീമിനെ രൂപപ്പെടുത്തുന്നതിലാകണം വിൻഡീസിന്റെ ശ്രദ്ധ. മികച്ച താരങ്ങളെ ലോകകപ്പിനായി ലഭ്യമാക്കാൻ സാധിക്കണം. ഓരോ കളിയിൽനിന്നും പാഠമുൾക്കൊണ്ട് വളരാൻ വിൻഡീസിനാകണമെന്നും ലാറ പറഞ്ഞു.

ഗുവാഹത്തിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടിയെങ്കിലും, 47 പന്തുകൾ ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടിരുന്നു. സെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ വിരാട് കോഹ‍്‌ലി (107 പന്തിൽ 140), രോഹിത് ശർമ (117 പന്തിൽ പുറത്താകാതെ 152) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഓപ്പണർ ശിഖർ ധവാനെ സ്കോർ ബോർഡിൽ പത്തു റൺസ് മാത്രമുള്ളപ്പോൾ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (246) തീർത്താണ് കോഹ്‍ലി–രോഹിത് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

related stories