Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഭയിൽ മുന്നിൽ രോഹിത്; കഠിനാധ്വാനം ചെയ്ത് കോഹ്‍ലി മുന്നിൽക്കയറി: ഹർഭജൻ

harbhajan-rohit-kohli ഹർഭജൻ സിങ്, രോഹിത് ശർമയും കോഹ്‍ലിയും.

ഗുവാഹത്തി∙ പ്രതിഭ മാത്രം പരിഗണിച്ചാൽ കോഹ്‍ലി ഉൾപ്പെടെയുള്ള സഹാതാരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എന്നാൽ, കഠിനാധ്വാനം കൊണ്ട് കോഹ്‍ലി മറ്റെല്ലാവരെയും പിന്നിലാക്കിയെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. ഗുവാഹത്തി ഏകദിനത്തിൽ ഇരുവരും ചേർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ച പശ്ചാത്തലത്തിലാണ് പ്രശംസയുമായി ഹർഭജൻ രംഗത്തെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 322 റണ്‍സ് നേടിയിരുന്നു. യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ സെഞ്ചുറിയായിരുന്നു വിൻഡീസ് ഇന്നിങ്സിന്റെ നട്ടെല്ല്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ രണ്ടാം വിക്കറ്റിൽ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടു തീർത്ത കോഹ്‍ലി–രോഹിത് സഖ്യം ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് സമ്മാനിച്ചത്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനായ കോഹ്‍ലി 107 പന്തിൽ 140 റൺസെടുത്തു പുറത്തായപ്പോൾ, രണ്ടാം സ്ഥാനക്കാരനായ രോഹിത് 117 പന്തിൽ 152 റണ്‍സുമായി പുറത്താകാതെ നിന്നു.

∙ ഒന്നാം നമ്പരാണ് കോഹ്‍ലി, രോഹിതും!

റാങ്കിങ്ങിലെ സ്ഥാനം സാധൂകരിക്കുന്ന പ്രകടനമാണ് ഇരുവരും ഗുവാഹത്തിയിൽ പുറത്തെടുത്തതെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി.

‘തീർത്തും വ്യത്യസ്തമായ തലത്തിലുള്ള കളിക്കാരനാണ് രോഹിത് ശർമ. വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഒരുമിച്ചു കളിക്കുമ്പോൾ മികച്ചതാരെന്നു കണ്ടെത്തുക തീർത്തും ദുഷ്കരമാണ്. ഏകദിന റാങ്കിങ്ങിൽ ഒന്ന്, രണ്ട് സ്ഥാനക്കാരായിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഇരുവരും പ്രകടനം കൊണ്ട് വിശദീകരിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ച് ഇരുവരും ലോക ഒന്നാം നമ്പർ താരങ്ങളാണ്. ഇരുവരും ഒരുമിച്ചു ബാറ്റു ചെയ്യുമ്പോൾ ഇവരുടെ സഖ്യവും ഒന്നാം നമ്പർ തന്നെ. ബോളർമാർക്കു മേൽ ഇത്രയേറെ മേധാവിത്തം പുലർത്തുന്ന മറ്റൊരു സഖ്യമില്ല’ – ഹർഭജൻ പറഞ്ഞു.

‘ഒരിക്കൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ഓസ്ട്രേലിയൻ ടീമിനെതിരെ മൂന്നാം നമ്പറിനു താഴെയുള്ള ബാറ്റ്സ്മാൻമാർക്ക് കളത്തിലിറങ്ങാൻ പോലും അവസരം നൽകിയില്ല ഇരുവരും. ഒരുമിച്ചു ക്രീസിൽ നിൽക്കുന്നിടത്തോളം കാലം കീഴടക്കാൻ ബുദ്ധിമുട്ടുള്ളവരാണ് തങ്ങളെന്ന് ഇരുവരും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. അപൂർവമായിട്ടേ എതിർ ടീമിന് ഇവർ അവസരം നൽകാറുള്ളൂ. എന്തുകൊണ്ടും അസാമാന്യ പ്രതിഭയുള്ള താരങ്ങളാണ് ഇരുവരും’ – ഹർഭജൻ വിശദീകരിച്ചു.

∙ രോഹിത് പ്രതിഭാധനൻ‌, കോഹ്‍ലി കഠിനാധ്വാനി

ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ കോഹ്‍ലിയെ പുറത്താക്കാൻ ബുദ്ധിമുട്ടാണെന്നും ഹർഭജൻ നിരീക്ഷിച്ചു. ‘തീർത്തും വ്യത്യസ്തമായൊരു മൈതാനത്ത് ബാറ്റു ചെയ്യുന്ന ലാഘവത്തോടെയാണ് കോഹ്‍ലി ഗുവാഹത്തിയിൽ നിലയുറപ്പിച്ചത്. ബോളർമാർക്കുമേൽ മേധാവിത്തം പുലർത്താനായി മാത്രം ക്രീസിലെത്തിയ കോഹ്‍ലി കീഴടങ്ങാൻ ഒരുക്കുമായിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ കോഹ്‍ലി നടത്തുന്ന കഠിനാധ്വാനം കാണാതെ പോകരുത്. അപൂർവമായി മാത്രമേ അദ്ദേഹം പിഴവു വരുത്താറുള്ളൂ. നിലം പറ്റെ ഷോട്ടുകൾ കളിക്കാനാണ് കോഹ്‍ലിക്കു താൽപര്യം. പന്തുകൾ ഉയർത്തിയടിക്കുന്നത് വല്ലപ്പോഴും മാത്രം. അതുകൊണ്ടുതന്നെ പുറത്താക്കാനും ബുദ്ധിമുട്ടാണ്. കരിയറിലെ ഏറ്റവും മികച്ച ബോൾ തന്നെ ചിലപ്പോൾ അതിനായി എറിയേണ്ടി വരും’ – ഹർഭജൻ പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും കോഹ്‍ലിക്കു മികവേറി വരികയാണെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി. കോഹ്‍ലിയെ എങ്ങനെ പുറത്താക്കുമെന്ന് അറിയാതെ എതിർ ടീമിലെ ബോളർമാർ വിഷമിക്കുകയാണ്. കോഹ്‍ലി കളി നിർത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾ തകർക്കാൻ ഏറെ ദുഷ്കരമായിരിക്കുമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ കോഹ്‍ലിയോടു കിടപിടിക്കുന്ന ഒരു താരമുണ്ടെങ്കിൽ അതു രോഹിത് ശർമയാണെന്നും ഹർഭജൻ പറഞ്ഞു. ക്രിക്കറ്റ് കളത്തിൽ കോഹ്‍ലിയുടെ പേരിൽ റെക്കോർഡുകൾ ഏറി വരികയാണ്. അതിനടുത്തെങ്കിലും ആരെങ്കിലുമുണ്ടെങ്കിൽ അതു രോഹിത് ശർമയാണെന്നു ഞാൻ പറയും. കോ‌ഹ്‌ലിയോളം നല്ല കളിക്കാരനല്ല രോഹിത് എന്നു പറഞ്ഞാൽ അതു നീതികേടാകും. അവർ രണ്ടുപേരും ഒന്നാം നമ്പർ കളിക്കാരാണ് – ഹർഭജൻ പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്ന സമയത്ത് ഇരുവരും എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തിന് ഹർഭജന്റെ മറുപടി ഇങ്ങനെ:

ടീമിലെത്തിയ കാലത്തെ അപേക്ഷിച്ച് റൺസിനായുള്ള കോഹ്‍ലിയുടെ ദാഹം വളരെയധികം വളർന്നു കഴിഞ്ഞു. അണ്ടർ 19 തലത്തിൽ കളിക്കുന്ന കാലം മുതലേ റൺദാഹം കോഹ്‍ലിക്കൊപ്പമുണ്ട്. പ്രതിഭയുടെ കാര്യത്തിലും അയാൾ അസാമാന്യ താരം തന്നെ. എല്ലാറ്റിലുമുപരി കഠിനാധ്വാനം ഒന്നു മാത്രമാണ് പഴയ കോഹ്‍ലിയെ ഇപ്പോഴത്തെ കോഹ്‍ലിയാക്കി മാറ്റിയത്. തുടക്കക്കാലത്ത് വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി ഹുക് ഷോട്ടുകൾ കളിച്ചു പുറത്താകുന്ന പതിവ് കോഹ്‍ലിക്കുണ്ടായിരുന്നു. ഇതോടെ അടുത്ത പരമ്പരയിൽ കോഹ്‍ലി ടീമിലുണ്ടാകില്ലെന്ന സ്ഥിതി വന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ ഈ പ്രശ്നം പരിഹരിച്ച കോഹ്‍ലി, ലോക ഒന്നാം നമ്പർ താരമായി വളർന്നിരിക്കുന്നു – ഹർഭജൻ ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഡർബനിലെ വേഗവും ബൗൺസുമുള്ള പിച്ചിൽ മോണി മോർക്കലിനെതിരെ മൂന്നോ നാലോ സിക്സ് നേടിയപ്പോഴാണ് ഞാൻ ആദ്യമായി രോഹിതിനെ ശ്രദ്ധിക്കുന്നത്. പ്രതിഭയുടെ കാര്യത്തിൽ ഒന്നാം നമ്പർ താരമാണ് രോഹിത് എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞതാണ്. പ്രതിഭ മാത്രം പരിഗണിച്ചാൽ കോഹ്‍‍ലിക്കും മുകളിലാണ് രോഹിതിന്റെ സ്ഥാനം. എന്നാൽ കഠിനാധ്വാനം കൊണ്ട് കോഹ്‍ലി എല്ലാവരെയും പിന്നിലാക്കിയിരിക്കുന്നു – ഹർഭജൻ നിരീക്ഷിച്ചു.

കുറച്ചുകൂടി കഠിനാധ്വാനം ചെയ്താൽ കോഹ്‍ലിക്കു മുന്നിലെത്താനുള്ള പ്രതിഭ രോഹിതിനുണ്ട്. എങ്കിലും ലോക ക്രിക്കറ്റിലെ മുൻനിരക്കാരായ രണ്ടു താരങ്ങൾ ഇന്ത്യക്കാരാണെന്നതിൽ അഭിമാനമുണ്ട്. അവർ കളം അടക്കിഭരിക്കുന്നതിൽ ആവേശവും – ഹർഭജൻ പറഞ്ഞു.

related stories