Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയെ 89 റൺസിന് എറിഞ്ഞിട്ട് പാക്കിസ്ഥാൻ; ജയം 66 റൺസിന്

pakistan-vs-australia-t20 ഓസ്ട്രേലിയയ്ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ.

ദുബായ്∙ പന്തു ചുരണ്ടൽ വിവാദത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ലെന്ന് സൂചന നൽകി പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയ്ക്ക് ദയനീയ തോൽവി. ട്വന്റി20 ചരിത്രത്തിലെ തങ്ങളുടെ ചെറിയ സ്കോറിനു പുറത്തായ ഓസ്ട്രേലിയ, 66 റൺസിനാണ് പാക്കിസ്ഥാനോടു തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തപ്പോൾ, ഓസീസിന്റെ മറുപടി 89 റൺസിലൊതുങ്ങി. ട്വന്റി20യിൽ ഓസീസിന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണിത്. ഇതോടെ മൂന്നു മൽസരങ്ങൾ അടങ്ങിയ പരമ്പരയിൽ പാക്കിസ്ഥാൻ 1–0ന് മുന്നിലെത്തി.

നാല് ഓവറിൽ 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിമാണ് ഓസീസ് ഇന്നിങ്സിനെ ഛിന്നഭിന്നമാക്കിയത്. വെറും 22 റൺസ് എടുക്കുമ്പോഴേയ്ക്കും ആറു വിക്കറ്റ് നഷ്ടമാക്കിയ ഓസീസിനെ, 29 പന്തിൽ ആറു ബൗണ്ടറി സഹിതം 34 റൺസെടുത്ത കോൾട്ടർനീലിന്റെ പ്രകടനമാണ് നാണക്കേടിൽനിന്നു കരകയറ്റിയത്. 23 പന്തിൽ രണ്ടു ബൗണ്ടറികളോടെ 19 റൺസെടുത്ത ആഷ്ടൻ ആഗറും നാണക്കേടിന്റെ കാഠിന്യം കുറച്ചു.

ഇവർക്കു പുറമെ ഓസീസ് നിരയിൽ രണ്ടക്കം കടന്നത് ക്രിസ് ലിൻ (15 പന്തിൽ 14) മാത്രം. ആരോൺ ഫിഞ്ച് (പൂജ്യം), ഡാർസി ഷോർട്ട് (നാല്), മാക്സ്‌വെൽ (രണ്ട്), മക്ഡെർമോട്ട് (പൂജ്യം), കാറെ (ഒന്ന്), ആദം സാംപ (മൂന്ന്), ആൻഡ്രൂ ടൈ (ആറ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇമാദ് വാസിമിന്റെ മൂന്നു വിക്കറ്റ് പ്രകടനത്തിനു പുറമെ രണ്ടു വിക്കറ്റ് വീതം വീല്ത്തിയ ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി എന്നിവരും പാക്കിസ്ഥാനായി തിളങ്ങി.

നേരത്തെ, 55 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 68 റൺസെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ ബാബർ അസമിന്റെ പ്രകടനമാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഫഖർ സമാൻ (12 പന്തിൽ 14), മുഹമ്മദ് ഹഫീസ് (30 പന്തിൽ 39) എന്നിവരും തിളങ്ങിയതോടെ 14.3 ഓവറിൽ രണ്ടിന് 110 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓസീസ് ബോളർമാർ അവരെ 155ൽ ഒതുക്കി. അവസാനത്തെ 33 പന്തിൽ ആറു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാന് നേടാനായത് 45 റൺസ് മാത്രം. ഓസീസിനായി സ്റ്റാൻലേക്ക്, ആൻഡ്രൂ ഡൈ എന്നിവർ മൂന്നു വിക്കറ്റ് പിഴുതു.

related stories