Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്ന്, രണ്ട്, മൂന്ന്...; മൂന്നാം തുടർ സെഞ്ചുറിയുമായി കോഹ്‍ലി റെക്കോർഡ് ബുക്കിൽ

PTI10_24_2018_000129A

പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ തേടി ഇനി എവിടെപ്പോകും? ഓരോ മൽസരം കഴിയുമ്പോഴും പ്രകടനമികവുകൊണ്ടു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന കോഹ്‍ലി, പുണെയിൽ നടന്ന മൂന്നാം ഏകദിനത്തിലും പുതിയ റെക്കോർഡ് സ്ഥാപിച്ചു. തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ. തുടർച്ചയായി നാലു സെഞ്ചുറി നേടിയ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര ഒന്നാമതു നിൽക്കുന്ന പട്ടികയിൽ, മറ്റ് എട്ടു താരങ്ങൾക്കൊപ്പം രണ്ടാം സ്ഥാനത്താണ് കോഹ്‍ലി. മുംബൈയിൽ നടക്കുന്ന നാലാം ഏകദിനത്തിൽ കൂടി സെഞ്ചുറി നേടിയാൽ, സംഗക്കാരയ്ക്കൊപ്പം ഒന്നാം സ്ഥാനത്തേക്കു കയറാമെന്നു ചുരുക്കം.

പാക്കിസ്ഥാൻ താരങ്ങളായ സഹീർ അബ്ബാസ്, സയീദ് അൻവർ, ബാബർ അസം, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഹെർഷേൽ ഗിബ്സ്, എ.ബി. ഡിവില്ലിയേഴ്സ്, ക്വിന്റൺ ഡികോക്ക്, ന്യൂസീലൻഡിന്റെ റോസ് ടെയ്‍ലർ, ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ എന്നിവരാണ് കോഹ്‍ലിക്കു മുൻപ് തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ സെഞ്ചുറി നേടിയിട്ടുള്ളത്.

സ്വന്തം നാട്ടിൽ തുടർച്ചയായി നാല് ഏകദിനങ്ങളിൽ സെഞ്ചുറി നേടുന്ന  ആദ്യ താരമായും കോഹ്‌ലി മാറി. വെസ്റ്റ് ഇൻഡീസിനെതിരെയും തുടർച്ചയായി നാലാം സെഞ്ചുറിയാണ് കോഹ്‍ലിക്കിത്. ഇന്ത്യൻ മണ്ണിൽ കളിച്ച അവസാന നാല് ഏകദിനങ്ങളിൽ കോഹ്‌ലിയുടെ പ്രകടനം ഇങ്ങനെ: ന്യൂസീലൻഡിനെതിരെ 106 പന്തിൽ 113, വിൻഡീസിനെതിരെ 107 പന്തിൽ 140, 129 പന്തിൽ പുറത്താകാതെ 157, 119 പന്തിൽ 107. 

∙ അതേസമയം, ഒരു രാജ്യത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാമനാണ് കോഹ്‍ലി. യുഎഇയിൽ തുടർച്ചയായി അഞ്ചു സെഞ്ചുറി കുറിച്ച പാക് താരം ബാബർ അസമാണ് ഒന്നാമത്. ഇന്ത്യൻ മണ്ണിൽ തുടർച്ചയായി നാലു സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിനൊപ്പമാണ് കോഹ്‍ലി രണ്ടാമതുള്ളത്.

∙ കോഹ്‍ലി സെഞ്ചുറി നേടിയിട്ടും ഇന്ത്യ‍ നാട്ടിൽ തോൽക്കുന്ന ആദ്യ ഏകദിനം കൂടിയാണ് പുണെയിൽ സമാപിച്ചത്. രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ മാത്രം ഇതുവരെ കോഹ്‍ലി നേടിയിട്ടുള്ളത് 23 സെ‍ഞ്ചുറികളാണ്. ഇന്ത്യക്കാരായ സെഞ്ചുറി വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള സാക്ഷാൽ സൗരവ് ഗാംഗുലിയുടെ പേരിൽ ആകെയുള്ളത് 22 സെഞ്ചുറികളാണെന്ന് ഓർക്കണം.

∙ ഏകദിനത്തിൽ മൂന്നാം നമ്പറിൽ ബാറ്റു ചെയ്ത് ഏറ്റവും കൂടുൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് കോഹ്‍ലി. 155 മൽസരങ്ങളിൽനിന്ന് 8090 റൺസാണ് മൂന്നാം നമ്പറിൽ കോഹ്‍ലിയുടെ സമ്പാദ്യം. റിക്കി പോണ്ടിങ് (335 മൽസരങ്ങളിൽനിന്ന് 12,662 റൺസ്), കുമാർ സംഗക്കാര (243 മൽസരങ്ങളിൽനിന്ന് 9747 റൺസ്) എന്നിവർ മാത്രമാണ് കോഹ്‍ലിക്കു മുന്നിലുള്ളത്.

∙ 2016നുശേഷം മാത്രം ഏകദിനത്തിൽ കോഹ്‍ലിയുടെ റൺസ് ശരാശരി 97.10 ആണ്. റൺസ് പിന്തുടരുമ്പോൾ 28 ഇന്നിങ്സുകളിൽനിന്ന് ഇക്കാലയളവിൽ കോഹ്‍ലി നേടിയത് 1845 റൺസ്.

related stories