Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം ഏകദിനം ഇന്ന്; വിൻഡീസ് പ്രഹരത്തിൽ ബാലൻസ് തെറ്റി ഇന്ത്യ

dhoni മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ പരിശ‍‍‍ീലനം വീക്ഷിക്കുന്ന മഹേന്ദ്ര സിങ് ധോണി. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

മുംബൈ ∙ മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ തെറ്റിയ ‘ബാലൻസ്’ ശരിപ്പെടുത്താനുറച്ച് നാലാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ടീം ബാലൻസ് തെറ്റിയതാണു തോൽവിയുടെ കാരണം എന്ന വിലയിരുത്തലിലാണ് ഇന്ത്യ. 5 സ്പെഷലിസ്റ്റ് ബോളർമാരെ ടീമിൽ ഉൾപ്പെടുത്തിയ തന്ത്രം പിഴച്ചതോടെ 43 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ തോൽവി. 5 കളിയുടെ പരമ്പര 1–1നു തുല്യതയിലായതോടെ ഇനിയുള്ള രണ്ടു മൽസരങ്ങളും ഇരു ടീമുകൾക്കും നിർണായകമാണ്.

കേദാർ ജാദവ് പരുക്കിനെത്തുടർന്നു ടീമിനു പുറത്തായതും, മധ്യനിരയിൽ എം.എസ്. ധോണിയുടെ മോശം ഫോമുമാണ് ഇന്ത്യയെ വലയ്ക്കുന്നത്. 4 വിക്കറ്റ് നേട്ടത്തോടെ ടീമിലേക്കു മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും ഭുവനേശ്വർ കുമാറിനും ഇന്ന് ഉത്തരവാദിത്തം കൂടും. ടീമിലേക്കു തിരിച്ചെത്തിയ കേദാർ ജാദവ് ഇന്നു കളിക്കാൻ സാധ്യതയേറെയാണ്. അങ്ങനെയെങ്കിൽ കഴിഞ്ഞ മൽസരത്തിൽ വിൻഡീസ് താരങ്ങളുടെ പ്രഹരമേറ്റുവാങ്ങിയ ഖലീൽ അഹമ്മദ് പുറത്തിരിക്കും. രവീന്ദ്ര ജഡേജയ്ക്ക് വീണ്ടും അവസരം നൽകുമോ എന്നും ഉറ്റുനോക്കുകയാണ് ആരാധകർ.

അതേസമയം, ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിനുശേഷം ഏകദിന പരമ്പരയിലെ തിരിച്ചുവരവിന്റെ തലയെടുപ്പിലാണു വിൻഡീസ്. ഷായ് ഹോപിന്റെയും ഷിമ്രോൺ ഹെറ്റ്മിയറുടെയും ബാറ്റിങ് ഫോമിലാണു വിൻഡീസ് പ്രതീക്ഷകൾ. ഇരുവരെയും നേരത്തെ മടക്കി വിൻഡീസ് ഇന്നിങ്സിനു പെട്ടെന്നു ഷട്ടറിടാനായില്ലെങ്കിൽ ഇന്നും ഇന്ത്യയ്ക്കു വിയർക്കേണ്ടിവരും.

ഈ മൽ‌സരം കാത്തുവയ്ക്കുന്ന ചില കൗതുകക്കണക്കുകൾ

∙ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ക്യാപ്റ്റൻ‌ വിരാട് കോഹ്‍ലിയിൽനിന്ന് സ്വന്തമാക്കാൻ ഓപ്പണർ ശിഖർ ധവാന് 109 റൺസ്കൂടി മതി. അങ്ങനെ സംഭവിച്ചാൽ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയ്ക്കു ശേഷം ഏറ്റവും വേഗത്തിൽ 5000 റൺസ് ക്ലബ്ബിലെത്തുന്ന താരവുമാകും ധവാൻ.

∙ ഏകദിനത്തിൽ 4000 റൺസ് കൂട്ടുകെട്ടു തികയ്ക്കാൻ ശിഖർ ധവാൻ – രോഹിത് ശർമ കൂട്ടുകെട്ടിന് 40 റൺസ് കൂടി മതി. സച്ചിൻ തെൻഡുൽക്കർ – വീരേന്ദർ സേവാഗ് സഖ്യത്തിനുശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമാകാൻ വേണ്ടത് വെറും അഞ്ചു റൺസും.

∙ ഇന്ത്യയ്ക്കായി ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കാൻ മഹേന്ദ്രസിങ് ധോണിക്ക് 24 റൺസ് കൂടി മതി. ഏകദിനത്തിൽ ധോണി നിലവിൽ 10,000 റൺസ് ക്ലബ്ബിൽ അംഗമാണെങ്കിലും അതിൽ ലോക ഇലവനായി നേടിയ റൺസ് കൂടി ഉൾപ്പെട്ടിട്ടുണ്ട്.

∙ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിൽ 1000 റൺസ് തികയ്ക്കാൻ രോഹിത് ശർമയ്ക്ക് ആറു റൺസ് കൂടി മതി.

∙ ഏകദിനത്തിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതല് റൺസ് നേടിയ രണ്ടാമത്തെ ക്യാപ്റ്റനാകാൻ വിരാട് കോഹ്‍ലിക്ക് 33 റൺസ് കൂടി.

∙ മുംബൈയിൽ ഇന്നും സെഞ്ചുറി നേടാനായാൽ കുമാർ സംഗക്കാരയ്ക്കുശേഷം ഏകദിനത്തിൽ തുടർച്ചയായി നാലു സെഞ്ചുറി നേടുന്ന ആദ്യ താരമായി കോഹ്‍ലി മാറും.

∙ ഏകദിനത്തിൽ 100 വിക്കറ്റ് ക്ലബ്ബിലെത്താൻ ഭുവനേശ്വർ കുമാറിന് മൂന്നു വിക്കറ്റിന്റ അകലം മാത്രം.

∙ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിൽ 1000 റൺസ് പൂർത്തിയാക്കാൻ മഹേന്ദ്രസിങ് ധോണിക്കു വേണ്ടത് 74 റൺസ് മാത്രം.

∙ ഇനത്തെ മൽസരം നടക്കുന്ന ബ്രാബോൺ സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ മൽ‌സരം കളിച്ചിട്ടുള്ള ടീമാണ് വെസ്റ്റ് ഇൻഡീസ്. നാലു മൽസരങ്ങൾ. അതിൽ മൂന്നു മൽസരങ്ങൾ തോറ്റപ്പോൾ ഒരെണ്ണം മാത്രം ജയിച്ചുകയറി.

related stories