Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാമങ്കത്തിലും ഓസീസിന് ദയനീയ തോൽവി; പാക്കിസ്ഥാൻ പരമ്പര തൂത്തുവാരി

pakistan-vs-australia-third-t20 ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളുടെ വിജയാഹ്ലാദം.

ദുബായ്∙ തുടർച്ചയായ മൂന്നാം മൽസരത്തിലും ഓസ്ട്രേലിയയെ തകർത്തുവിട്ട പാക്കിസ്ഥാൻ മൂന്നു മൽസരങ്ങളടങ്ങിയ ട്വന്റി20 പരമ്പര തൂത്തുവാരി. 33 റൺസിനാണ് മൂന്നാം മൽസരത്തിൽ പാക്കിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തപ്പോൾ, അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് 117 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷതബ് ഖാനാണ് ഓസീസിനെ തകർത്തത്. ഷതബ് ഖാനാണ് കളിയിലെ കേമൻ. ബാബർ അസം പരമ്പരയുടെ താരമായി.

നേരത്തെ, പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ബാബർ അസമിന്റെ തകർപ്പൻ പ്രകടനമാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 40 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 50 റൺസായിരുന്നു അസമിന്റെ സമ്പാദ്യം. ഓപ്പണിങ് വിക്കറ്റിൽ അസം–സാഹിബ്സദ ഫർഹാൻ സഖ്യം കൂട്ടിച്ചേർത്ത 93 റൺസാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഫർഹാൻ 38 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 39 റൺസെടുത്തു.

നാലു റൺസിനിടെ ഇരുവരും പുറത്തായശേഷം ഓസീസ് ബോളർമാർ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 20 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസ് പാക് സ്കോർ 150ൽ എത്തിച്ചു. ശുഐബ് മാലിക്ക് (12 പരന്തിൽ 18), ആസിഫ് അലി (നാല്), ഫഹീം അഷ്റഫ് (പൂജ്യം), ഇമാദ് വാസിം (പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. കാറേയ് (ഒൻപതു പന്തിൽ 20), ക്രിസ് ലിൻ (13 പന്തിൽ 15), മക്ഡെർമോട്ട് (20 പന്തിൽ 21), ഡാർസി ഷോർട്ട് (15 പന്തിൽ 10) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ആരോൺ ഫിഞ്ച് (ഒന്ന്), ഗ്ലെൻ മാക്സ്‍വെൽ (നാല്), കോൾട്ടർനീൽ (പൂജ്യം), ആൻഡ്രൂ ടൈ (അഞ്ച്), ആദം സാംപ (ഒൻപത്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

related stories