Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒന്നാമൻ കോഹ്‍ലി’ സ്ഥിരമായി രണ്ടാമനാകുന്ന ഒരിടമുണ്ട്; അവിടെ രാജാവ് രോഹിതാണ്!

rohit-kohli-records രോഹിത് ശർമയും വിരാട് കോഹ്‍ലിയും.

മുംബൈ∙ ഏകദിന ഫോർമാറ്റിൽ ഇപ്പോഴത്തെ ടീമിൽ ഇന്ത്യയുടെ സൂപ്പർതാരം ആരാണ്? ക്യാപ്റ്റൻ‌ വിരാട് കോഹ്‍ലിയെന്നാകും ഉത്തരം. നേടുന്ന റണ്ണുകളുടെയും അടിക്കുന്ന സെഞ്ചുറികളുടെയും സൂക്ഷിക്കുന്ന റൺ ശരാശരിയുടെയുമൊക്കെ കാര്യത്തിൽ അതു ശരിയുമാകാം. എന്നാൽ, രണ്ടു മേഖലകളിൽ കോഹ്‍ലിക്കു പിടികൊടുക്കാതെ കുതിക്കുന്ന കോഹ്‍ലിയുടെ സമകാലികനുണ്ട്, ടീമിൽ. ഓപ്പണർ രോഹിത് ശർമയാണത്. കോഹ്‍ലി ഇല്ലാത്തപ്പോൾ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെടുന്ന പകരക്കാരൻ ക്യാപ്റ്റൻ!

ഇന്ത്യൻ ടീമിൽ രോഹിത് ശർമയുടെ സുവർണകാലം ആരംഭിക്കുന്ന 2013 മുതൽ ഇങ്ങോട്ട്, നേടിയിട്ടുള്ള റൺസിന്റെ കാര്യത്തിൽ ഉൾപ്പെടെ കോഹ്‍ലി മുന്നിൽത്തന്നെയുണ്ട്. ഏകദിനത്തിൽ സ്ഥിരം ഓപ്പണറായശേഷം (2013 ജനുവരി മുതൽ‌) 105 ഇന്നിങ്സുകളിൽനിന്ന് രോഹിത് ശർമ നേടിയിട്ടുള്ളത് 5413 റൺസാണ്. ഇക്കാലയളവിൽ രോഹിതിനേക്കാൾ റൺസ് നേടിയിട്ടുള്ളത് കോഹ്‍ലി മാത്രം (6171). മാത്രമല്ല, ഇക്കാലയളിൽ രോഹിതിനേക്കാൾ റൺ ശരാശരിയുള്ളത് കോഹ്‍ലി (67.81), എ.ബി. ഡിവില്ലിയേഴ്സ് (60.30) എന്നിവർക്കു മാത്രം. 59.48 ആണ് രോഹിതിന്റെ ശരാശരി. സെഞ്ചുറിയെണ്ണത്തിലും രോഹിതിനു മുന്നിൽ കോഹ്‍ലി മാത്രം. രോഹതിന്റെ പേരിലുള്ളത് 19 സെഞ്ചുറികൾ. കോഹ്‍ലി നേടിയതാകട്ടെ 25ഉം.

കാര്യമിതാണെങ്കിലും, രണ്ടു മേഖലകളിൽ രോഹിതിനെ തൊടാൻ സാക്ഷാൽ കോഹ്‍ലിക്കും സാധിച്ചിട്ടില്ല. അതിലൊന്ന്, ഗാലറിയെ ചുംബിക്കുന്ന സിക്സുകളുടെ എണ്ണമാണ്. ഇക്കാലയളവിൽ നേടിയ സിക്സുകളുടെ എണ്ണത്തിൽ രോഹിതിനു മുന്നിൽ ആരുമില്ല. രോഹിത് 175 സിക്സുകളാണ് നേടിയത്. ഏകദിന കരിയറിലാകെ ഇതുവരെ 198 സിക്സുകൾ നേടി ഇന്ത്യക്കാരിൽ രണ്ടാമതെത്തിയ രോഹിത് കഴിഞ്ഞ ദിവസം പിന്നിലാക്കിയത് മറ്റാരെയുമല്ല. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെയാണ് 195 സിക്സ് നേടിയിട്ടുള്ള സച്ചിനെ പിന്തള്ളിയ രോഹിതിനു മുന്നിൽ ഇനി ഒരേയൊരു ഇന്ത്യക്കാരൻ മാത്രം, മഹേന്ദ്രസിങ് ധോണി. 331 ഏകദിനങ്ങളിൽനിന്ന് ഇതുവരെ 218 സിക്സുകളാണ് ധോണിയുടെ സമ്പാദ്യം. വെറും 192 ഏകദിനങ്ങളിൽനിന്നാണ് രോഹിത് സിക്സുകളുടെ എണ്ണം 198ൽ എത്തിച്ചത്. ഇതുവരെ 215 ഏകദിനങ്ങൾ കളിച്ച കോഹ്‍ലിയുടെ പേരിൽ 111 സിക്സുകളാണുള്ളത്.

ഏകദിനത്തിലെ ഉയർന്ന സ്കോറുകളുടെ കാര്യത്തിലും രോഹിതിന്റെ ഏഴയലത്തില്ല കോഹ്‍ലി. രോഹിത് ഇതുവരെ ഏകദിനത്തിൽ മൂന്നു തവണ 200 കടന്നപ്പോൾ, കോഹ്‍ലിയുടെ പേരിൽ ഒരു ഇരട്ടസെഞ്ചുറി പോലുമില്ല. പാക്കിസ്ഥാനെതിരെ നേടിയ 183 റൺസാണ് ഏകദിനത്തിൽ കോഹ്‍ലിയുടെ ഉയർന്ന സ്കോർ. ഏകദിനത്തിൽ വമ്പൻ സ്കോറുകളോടുള്ള ഇഷ്ടം തുടർക്കഥയാക്കിയ രോഹിത്, 2013ൽ ബെംഗളൂരുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇരട്ടസെഞ്ചുറി നേടിയാണ് പ്രയാണം ആരംഭിക്കുന്നത്. ആ വർഷത്തെ ഏറ്റവും ഉയർന്ന രണ്ട് വ്യക്തിഗത സ്കോറുകളും രോഹിതിന്റേതായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ബെംഗളൂരുവിൽ 209ഉം ജയ്പൂരിൽ പുറത്താകാതെ 141 റൺസും.

തൊട്ടടുത്ത വർഷം കൊൽക്കത്ത ഈ‍ഡൻ ഗാർഡൻസിൽ 264 റൺസടിച്ച് ഏകദിനത്തിലെ റെക്കോർഡുകൾ ഒന്നാകെ കടപുഴക്കി, രോഹിത്. ടീമുകൾ ഒരുമിച്ചുപോലും 250 പിന്നിടുന്നത് ബുദ്ധിമുട്ടേറിയ കാലത്താണ് രോഹിത് ഒറ്റയ്ക്ക് 264 റൺസടിച്ചത്! ആ വർഷം ഏകദിനത്തിൽ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ വിരാട് കോഹ്‍ലി ഓസ്ട്രേലിയയ്ക്കെതിരെ തന്നെ പുറത്താകാതെ നേടിയ 139 റൺസായിരുന്നു!

2015ലും പതിവുപോലെ രോഹിത് 150 പിന്നിട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാൺപുരിൽ നേടിയ 150 റൺസായിരുന്നു ആ വർഷം ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ. ഇന്ത്യക്കാരന്റെ രണ്ടാമത്തെ ഉയർന്ന സ്കോറും നേടിയത് രോഹിത് തന്നെ. ഓസ്ട്രേലിയയ്ക്കെതിരെ 138 റൺസ്. അതേ വർഷം കോഹ്‍ലിയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 138 റൺസെടുത്തു.

2016ലും കൂറ്റൻ സ്കോറിനായുള്ള രോഹിതിന്റെ പടയോട്ടത്തിൽ ചതഞ്ഞരഞ്ഞത് ഓസ്ട്രേലിയ. പെർത്തിൽ ആതിഥേയർക്കെതിരെ പുറത്താകാതെ നേടിയ 171 റൺസായിരുന്നു ആ വർഷത്തെ ഉയർന്ന സ്കോർ. ന്യൂസീലൻഡിനെതിരെ പുറത്താകാതെ 154 റൺസ് നേടിയ കോഹ്‍ലി വീണ്ടും രണ്ടാമതായി.

2017ൽ രോഹിത് വീണ്ടും ഇരട്ടസെഞ്ചുറിയിലേക്ക് ബാറ്റെടുത്തു. ഇക്കുറിയും തല്ലുകൊള്ളികളായത് ശ്രീലങ്കക്കാർ തന്നെ. ഇത്തവണ മൊഹാലിയിൽ പുറത്താകാതെ നേടിയത് 208 റൺസ്. യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ കട്ടക്കിൽ നേടിയ 150 റൺസായിരുന്നു രണ്ടാമത്. ഇതിനു പിന്നാലെയാണ് 2018ൽ രണ്ടാം തവണയും രോഹിത് വിൻഡീസിനെതിരെ 150 കടന്നത്. ഈ വർഷം ഏകദിനത്തിൽ രോഹിതിന്റെ ഉയർന്ന സ്കോറാണ് മുംബൈയിൽ നേടിയ 162 റൺസ്!

related stories