Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമുവൽസിനു നേരെ അട്ടഹാസം: യുവതാരം ഖലീലിന് താക്കീത്, ഡിമെറിറ്റ് പോയിന്റ്

Khalil

ദുബായ് ∙ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ മുംബൈയിൽ നടന്ന നാലാം മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെ യുവ പേസ് ബോളർ ഖലീൽ അഹമ്മദിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ താക്കീത്. ഉജ്വല ബോളിങ് പ്രകടനവുമായി ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് ഖലീലിന് താക്കീത് ലഭിച്ചത്. അഞ്ച് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്താണ് ഇരുപതുകാരനായ ഖലീൽ മത്സരത്തിൽ ഇന്ത്യയ്ക്കു വിജയത്തിലേക്കു വഴിതുറന്നത്.

വിൻഡീസ് ഇന്നിങ്സിന്റെ പതിനാലാം ഓവറിലാണ് വിലക്കിന് ആസ്പദമായ സംഭവം നടന്നത്. 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം കരകയറാൻ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഇന്ത്യൻ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന മർലോൺ സാമുവൽസ് ഖലീലിന്റെ പന്തിൽ സ്ലിപ്പിൽ രോഹിത് ശർമ പിടിച്ച് പുറത്തായി. ഇതോടെ ആവേശം മൂത്ത ഖലീൽ സാമുവൽസിനടുത്തെത്തി അട്ടഹസിക്കുകയായിരുന്നു.

സാമുവൽസിനു സമീപത്തേക്ക് ഖലീൽ ഓടിയെത്തിയതു കളിക്കാരുടെ പെരുമാറ്റച്ചട്ട ലംഘനമാണെന്നും വിൻഡീസ് താരത്തെ ഇതു പ്രകോപിതനാക്കാൻ സാധ്യതയുണ്ടായിരുന്നെന്നും ഫീൽഡ് അംപയർമാരായ ഇയാൻ ഗൗൽഡും അനിൽ ചൗധരിയും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് ഖലീലിനു താക്കീത് നൽകിയത്. ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയുണ്ട്. 24 മാസത്തിനിടെ നാലു ഡിമെറിറ്റ് പോയിന്റായാൽ കളിയിൽ വിലക്കുണ്ടാവും.

മൽസരത്തിനു തൊട്ടുപിന്നാലെ തന്നെ തനിക്കു സംഭവിച്ച പിഴവ് ഖലീൽ സമ്മതിച്ചിരുന്നു. മാച്ച് റഫറിയുടെ താക്കീത് അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഔദ്യോഗിക വാദം കേൾക്കലൊന്നും കൂടാതെ തന്നെ മാച്ച് റഫറി അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.