Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്ക്: മുന്നറിയിപ്പുമായി ഗാംഗുലിയുടെ കത്ത്

Ganguly, Kohli

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ഭരണം നാശത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി ബിസിസിഐയുടെ ഇടക്കാല ഭരണസമിതിക്ക് മുൻ താരവും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കത്ത്. ബിസിസിഐയുടെ സിഇഒ രാഹുൽ ജോഹ്റിക്കെതിരെ ‘മി ടൂ’ മുന്നേറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടെ വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ ക്രിക്കറ്റ് നാശത്തിലേക്കാണ് നീങ്ങുന്നതെന്ന ഗാംഗുലിയുടെ മുന്നറിയിപ്പ്.

ബിസിസിഐയുടെ പ്രതിച്ഛായ മോശമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനത്തെ രക്ഷിക്കാൻ സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരോട് കത്തിലൂടെ അഭ്യർഥിച്ചു.

‘ഇന്ത്യൻ ക്രിക്കറ്റ് ഭരണസംവിധാനത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന തികഞ്ഞ ആശങ്കയോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഇന്ത്യയ്ക്കായി ദീർഘകാലം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിലും അവിടുത്തെ ജയപരാജയങ്ങൾ ഏറെക്കാലം ജീവിതത്തെ ചൂഴ്ന്നു നിന്നിട്ടുള്ളതിനാലും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. എങ്കിലും ഏറെ ആശങ്കയോടെ (ആശങ്ക എന്ന വാക്കാണ് ഞാൻ ഉപയോഗിക്കുന്നത്) ഒരു കാര്യം കുറിക്കട്ടെ. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്ക്കൊത്ത രീതിയിലല്ല’ – ഗാംഗുലി കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന് സ്വന്തമായുള്ള വലിയ ആരാധക പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയും ഗാംഗുലി പങ്കുവയ്ക്കുന്നുണ്ട്. വളരെയേറെ വർഷത്തെ കഠിനാധ്വാനം കൊണ്ട് പ്രതിജ്ഞാബദ്ധരായ ഭരണകർത്താക്കളും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളും ചേർന്നാണ് ലക്ഷക്കണക്കിനു പേരെ ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകരാക്കി മാറ്റിയതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ രീതി തുടർന്നാൽ ഈ ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്കയാണ് ഗാംഗുലി കത്തിലൂടെ പങ്കുവയ്ക്കുന്നത്.

രാഹുൽ ജോഹ്‍റിക്കെതിരായ ‘മി ടൂ’ ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെ ഗാംഗുലിയുടെ പരാമർശം ഇങ്ങനെ:

‘ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല. എങ്കിലും അടുത്ത കാലത്ത് ഉയർന്ന പീഡന ആരോപണം ബിസിസിഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ സംഭവം കൈകാര്യം ചെയ്ത രീതിയിലെ പിഴവുകൾ. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി നാലു പേരിൽനിന്നു രണ്ടു പേരായി ചുരുങ്ങിയിരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ടു പേരും വിഭജിക്കപ്പെട്ടതായി കാണുന്നു’.

related stories