Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 പരമ്പരയില്‍ കഥ മാറും; വിൻഡീസിനെ പേടിച്ചേ തീരൂ: സുനില്‍ ഗാവസ്കർ

west-indies-celebration

സൂപ്പർ താരങ്ങളില്ലാതെയാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു വിൻഡീസ് എത്തിയതെങ്കിൽ ട്വന്റി20 പരമ്പരയിൽ കഥ മാറും. ട്വന്റി20 സ്പെഷ്യലിസ്റ്റുകളായ സൂപ്പർ താരങ്ങൾ കൂടി ടീമിനൊപ്പം ചേരുന്നതോടെ അവർ കൂടുതൽ അപകടകാരികളാകും. ക്രിക്കറ്റ് ഭൂപടത്തിലെ ട്വന്റി20 ക്ലബ് മൽസരങ്ങൾ കളിക്കുന്ന തിരക്കിലായതിനാലാണ് ഈ സൂപ്പർ താരങ്ങൾ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിൽനിന്നു വിട്ടുനിന്നത്.

ഇന്ന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്താൻ പോന്ന ടീം. നായകൻ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത് എന്നതും വിൻഡീസിനെ തുണയ്ക്കും. ഐപിഎല്ലിൽനിന്നുള്ള മൽസര പരിചയം ഇന്ത്യൻ താരങ്ങൾക്ക് ആവോളം ഉണ്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ ഇതു വിലപ്പോയേക്കില്ല. ഒട്ടേറെ സ്ലോ ബോളർമാരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേഗം കുറഞ്ഞ വിക്കറ്റുകൾ പരീക്ഷിക്കാനുള്ള തന്ത്രമാണിത്. എന്നാൽ പവർ ഹിറ്റർമാർ ഫോം കണ്ടെത്തിയാൽ സ്ലോ ബോളർമാർക്കും രക്ഷയില്ല എന്നതാണു വാസ്തവം എം.എസ്. ധോണി പരമ്പരയ്ക്കില്ലാത്തത് ഋഷഭ് പന്തിനും ദിനേശ് കാർത്തികിനും നല്ല അവസരമാണു നൽകുന്നത്. ഐപിഎല്ലിൽ‌ മികച്ച റെക്കോർഡുള്ള ഇവർക്ക് വിൻഡീസിനെതിരെയും മികവു തുടരാൻ കഴിഞ്ഞാ‍ൽ ടീമിൽ സ്ഥാനം സ്ഥിരപ്പെടുത്താം.

ഇന്ത്യയുടെയും വിൻഡീസിന്റെയും യുവതാരങ്ങളാണ് ഈ ട്വന്റി20 പരമ്പരയുടെ ഗുണഭോക്താക്കൾ. പിഴവുകളില്ലാത്ത പ്രകടനത്തിലൂടെ ട്വന്റി20യിലെ മേൽക്കോയ്മ തുടരാൻ ഇതുടീമുകളും ഇറങ്ങുമ്പോൾ പോരാട്ടത്തിൽ തീപാറും എന്നതു തീർച്ച.
 

related stories