Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രിക്കറ്റിന്റെ ക്രിസ്റ്റ്യാനോ’യ്ക്ക് മുപ്പതാം പിറന്നാൾ; ഹാപ്പി ബർത്ഡേ, കോഹ്‌ലി!

Virat Kohli

30 വർഷം 30 ഓവറുകൾ പോലെ കടന്നു പോയിരിക്കുന്നു. വിരാട് കോഹ്‌ലിയെക്കുറിച്ച് മുൻപു ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് പറഞ്ഞു: ‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണു കോഹ്‌ലി’!

വീര്യമാണു വിരാടിന്റെ മുഖമുദ്ര. പോർച്ചുഗൽ ഫുട്ബോള‍ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്തു കാണാറുള്ള അതേഭാവം. ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച വിരാട് കോഹ്‌ലിക്കു മുന്നിൽ ആരും ക്രിക്കറ്റ് ടീമിന്റെ വാതിലുകൾ തുറന്നിട്ടിരുന്നില്ല. ഗോഡ്ഫാദർമാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ, ഓരോ റെക്കോർഡും തന്നെ കടന്നു പോകുമ്പോൾ, അത്യാവേശമില്ലാതെ പവിലിയനെയും ഗാലറിയെയും പിന്നെ ചിലപ്പോഴൊക്കെ ഭാര്യ അനുഷ്‌കയെയും നോക്കി കണ്ണിറുക്കാറേയുള്ളു വിരാട്.

ഏകദിനത്തിൽ അതിവേഗം 10,000 റൺസ് നേടിയ റെക്കോർഡ് കുതിപ്പിൽ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെയും മറികടന്നു കഴിഞ്ഞു കോഹ്‌ലി. പ്രതിഭകൊണ്ടു സച്ചിന് അരികിൽ വരില്ലെന്നു വാദിക്കുന്നവരുണ്ടാകാം, സച്ചിന്റ കാലത്തേക്കാൾ എതിരാളികൾ ദുർബലരാണെന്ന വിലയിരുത്തലുകളുണ്ടാവാം. അതൊന്നും താരതമ്യങ്ങളിൽ കോഹ്‌ലിയെ നിസ്സാരനാക്കുന്നതേയില്ല. 

Virat-Kohli-Childhood

വിരാടിന്റെ പിതാവ് പ്രേം കോഹ്‌ലി ഡൽഹിയിലെ ക്രിമിനൽ അഭിഭാഷകനായിരുന്നു. അദ്ദേഹമാണു മകനെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ, വിരാടിനു 18 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. 

ശാന്തമായി മുന്നേറിക്കൊണ്ടിരുന്ന ഇന്നിങ്സ് ഇടയ്ക്കു മുറിഞ്ഞതു പോലെയായിരുന്നു ആ വിയോഗം. ‘‘കഷ്ടകാലം എന്താണെന്ന് എനിക്കു നന്നായി അറിയാം. ചെറുപ്പത്തിൽ അച്ഛൻ പോയി. കുടുംബ ബിസിനസ് നഷ്ടമായി, വാടകവീട്ടിലേക്കു താമസം മാറി. അച്ഛനായിരുന്നു എന്റെ ഏറ്റവും വലിയ പിന്തുണ. ആ നഷ്ടം ക്രീസിൽ നിൽക്കുമ്പോൾ പോലും എനിക്ക് അനുഭവപ്പെടാറുണ്ട്...’’– മുൻപൊരു അഭിമുഖത്തിൽ കോഹ്‌ലി പറഞ്ഞു. 

Virat Kohli

ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുമായുള്ള താരതമ്യം വെറും തമാശയല്ല. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച കാലത്തെ ക്രിസ്റ്റ്യാനോയല്ല ഇപ്പോൾ ഇറ്റലിയിലെ യുവെന്റസിൽ കളിക്കുന്നത് എന്നതിനു ശാസ്ത്രീയമായ പഠനങ്ങളുണ്ടായിട്ടുണ്ട്. പന്ത് നിയന്ത്രിക്കുന്ന രീതി മാറി.   ഫേയ്ക്കിങ്ങും ഡ്രിബ്ലിങ്ങും വഴി ആരാധകരെ സൃഷ്ടിച്ചെടുത്ത ക്രിസ്റ്റ്യാനോ ഇപ്പോൾ പവർ ഷോട്ടുകളും ഹെഡറുകളും ഓവർഹെഡ് കിക്കുകളും വഴിയാണ് കാണികളെ അമ്പരപ്പിക്കുന്നത്. 2008 ഓഗസ്റ്റ് 18നു ശ്രീലങ്കയ്ക്കെതിരെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയ കാലത്തെ കോഹ്‌ലിയല്ല ഇപ്പോൾ. കോഹ്‌ലിയുടെ ഡ്രൈവുകളും ഫ്ലിക്കുകളും പക്വത നേടി. ‌കളിയുടെ സ്വഭാവത്തിന് അനുസരിച്ചു റൺറേറ്റ് ഉയർത്താനും താഴ്ത്താനുമറിയാവുന്ന മഹാപ്രതിഭയായി. സെഞ്ചുറി നേടിയ ഇന്നിങ്സിൽ ആദ്യ 50 റൺസ് വരെ ചിലപ്പോൾ ഒരു ബൗണ്ടറിപോലും നേടിയിട്ടുണ്ടാവില്ല. പക്ഷേ, സെഞ്ചുറിയോട് അടുക്കുമ്പോൾ ആ ബാറ്റിൽനിന്നു വെടിപൊട്ടും. അതിവേഗം സ്ട്രൈക്ക് റേറ്റ് അങ്ങനെ പാഞ്ഞുപോകും!

കഠിനാധ്വാനികൾ പ്രതിഭകളെ നിസ്സാരരാക്കുന്ന കാഴ്ച  പല വേദികളിലുമുണ്ട്. അതിലൊന്നാണു കോഹ്‌ലിയുടെ കരിയറും. ഒപ്പം കളിക്കുന്നവരിൽ, തന്നേക്കാൾ പ്രതിഭാസ്പർശമുള്ളവരെ കഠിനാധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ബാറ്റുകൊണ്ട് അളക്കുമ്പോൾ കോഹ്‌ലി പിന്നിലാക്കുന്നതും അതുകൊണ്ടാണ്. കഴിഞ്ഞ ദിവസം വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ പറഞ്ഞു: ഈ കോഹ്‌ലിയിൽ ആധുനിക ക്രിക്കറ്റിന് വേണ്ട  ഒരു  നായകനുണ്ട്! 

related stories