Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരമിക്കൽ ടെസ്റ്റിൽ ഗോളിൽ ‘സെഞ്ചുറി’ കടന്ന് ഹെറാത്ത്; മുരളീധരനും ആൻഡേഴ്സനുമൊപ്പം

rankana-herath

ഗോൾ∙ രാജ്യാന്തര കരിയറിലെ വിരമിക്കൽ ടെസ്റ്റ് കളിക്കുന്ന ശ്രീലങ്കൻ താരം രംഗണ ഹെറാത്ത് റെക്കോർഡ് പുസ്തകത്തിൽ. ഗോളിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സന്ദർകരുടെ ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കിയാണ് ഹെറാത്ത് പുതിയ റെക്കോർഡ് കുറിച്ചത്. ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹെറാത്തിന്റെ നൂറാം വിക്കറ്റാണിത്. മുത്തയ്യ മുരളീധരൻ, ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേഴ്സൻ എന്നിവർക്കുശേഷം ഒരു വേദിയിൽ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമാണ് ഹെറാത്ത്.

ഗോൾ, കാൻഡി, എസ്എസ്എസി കൊളംബോ എന്നീ വേദികളിൽ മുരളീധരൻ 100 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വിഖ്യാതമായ ലോർഡ് ക്രിക്കറ്റ് മൈതാനത്താണ് ആൻഡേഴ്സൻ 100 വിക്കറ്റ് നേട്ടം പിന്നിട്ടത്.

ഇതിനു പുറമെ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ന്യൂസീലൻ‌ഡിന്റെ ഇതിഹാസ താരം റിച്ചാർഡ് ഹാഡ്‌ലിക്കൊപ്പമെത്താനും ഹെറാത്തിനായി. 93–ാം ടെസ്റ്റ് കളിക്കുന്ന ഹെറാത്തിന്റെ 431–ാമത്തെ ഇരയാണ് ഇംഗ്ലണ്ട് നായകൻ. 86 ടെസ്റ്റിൽനിന്നാണ് ഹാ‍ഡ്‌ലി 431 വിക്കറ്റ് വീഴ്ത്തിയത്. മൂന്നു വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇംഗ്ലണ്ട് താരം സ്റ്റ്ുവാർട്ട് ബ്രോഡിനെയും നാലു വിക്കറ്റ് കൂടി വീഴ്ത്തിയാൻ ഇന്ത്യൻ താരം കപിൽ ദേവിനെയും പിന്തള്ളാൻ ഹെറാത്തിന് അവസരമുണ്ട്.

133 ടെസറ്റുകളിൽനിന്ന് 800 വിക്കറ്റ് പൂർത്തിയാക്കിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളുമായി ഓസീസ് താരം ഷെയ്ൻ വോൺ രണ്ടാമതും 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റുകളുമായി ഇന്ത്യൻ താരം അനിൽ കുംബ്ലെ മൂന്നാം സ്ഥാനത്തുമുണ്ട്.

related stories