Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 വർഷത്തിനിടെ സിംബാബ്‌വെയ്ക്ക് വിദേശത്ത് ആദ്യ ടെസ്റ്റ് ജയം; നാണംകെട്ട് ബംഗ്ലദേശ്

zimbabwe-cricket-team സിംബാബ്‍വെ താരങ്ങളുടെ വിജയാഘോഷം.

സിൽഹെട്ട്∙ ഏകദിന പരമ്പര തൂത്തുവാരിയ ആതിഥേയരായ ബംഗ്ലദേശിനെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ നാണം കെടുത്തി സിംബാബ്‍‌വെയുടെ തകർപ്പൻ തിരിച്ചുവരവ്. സിൽഹെട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ 151 റൺസിനാണ് സിംബാബ്‍‌വെയുടെ ജയം. രണ്ടാം ഇന്നിങ്സിൽ 321 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ്, ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ 169 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, രണ്ടു മൽസരങ്ങളടങ്ങിയ പരമ്പരയിൽ സിംബാബ്‌വെ 1–0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി.

സ്കോർ: സിംബാബ്‍‌വെ – 282 & 181, ബംഗ്ലദേശ് – 143 & 169

ഒന്നാം ഇന്നിങ്സിൽ 88 റൺസുമായി സിംബാബ്‍വെ ഇന്നിങ്സിന് കെട്ടുറപ്പു പകർന്ന സീൻ വില്യംസാണ് കളിയിലെ കേമൻ. ഒന്നാം ഇന്നിങ്സിൽ വഴങ്ങിയ 139 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് മൽസരത്തിൽ ബംഗ്ലദേശിന് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്സിൽ സിംബാബ്‍വെയെ 181 റൺസിന് എറിഞ്ഞിട്ടെങ്കിലും വിജയലക്ഷ്യമായ 321 റൺസ് മറികടക്കാൻ ബംഗ്ലദേശിനായില്ല. 43 റൺസെടുത്ത ഓപ്പണർ ഇമ്രുൾ കയീസാണ് അവരുടെ ടോപ് സ്കോറർ. അരങ്ങേറ്റ താരം ആരിഫുൽ ഹഖ് 37 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 38 റൺസെടുത്തു.

10 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ താരം ബ്രണ്ടൻ മാവുത്തയാണ് ബംഗ്ലദേശിനെ തകർത്തത്. സിക്കന്ദർ റാസ മൂന്നു വിക്കറ്റ് വീഴ്ത്തി. റാസ ഒന്നാം ഇന്നിങ്സിലും മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. മൽസരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് താരം ടയ്‌ജുൽ ഇസ്‍ലാമിന്റെ പോരാട്ടം പാഴായി.

എവേ ടെസ്റ്റിൽ മൂന്നാമത്തെ മാത്രം വിജയം കുറിച്ച സിംബാബ്‍വെ, 2001നുശേഷം വിദേശ മണ്ണിൽ കുറിക്കുന്ന ആദ്യ ടെസ്റ്റ് ജയമാണിത്. 2013നു ശേഷം ടെസ്റ്റിൽ ജയിക്കുന്നതും ആദ്യം. ആൻഡി ഫ്ലവർ, ഗ്രാൻഡ് ഫ്ലവർ തുടങ്ങിയവർ ഉൾപ്പെട്ട സുവർണ തലമുറയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‍വെ സാന്നിധ്യമറിയിച്ച മൽസരം കൂടിയായി ഇത്.