Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലി, രോഹിത്, ബുമ്ര, കുൽദീപ്... ഫോമിൽ താരങ്ങൾ; ലോകം പിടിക്കാൻ ഇന്ത്യ

indian-cricket-team വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമംഗങ്ങൾ.

70 ശതമാനം. ഈ വർഷം രാജ്യാന്തര ഏകദിന മൽസരങ്ങളിൽ ഇന്ത്യയുടെ വിജയക്കണക്കാണിത്. 20 കളികളിൽ 14 വിജയം. മറ്റൊരു ലോകകപ്പ് ടൂർണമെന്റ് തൊട്ടടുത്തെത്തി നിൽക്കെ കിരീടപ്പോരാട്ടത്തിനുള്ള ഒരുക്കത്തിന് അതു മതിയാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഉപനായകൻ രോഹിത് ശർമയും മിന്നുന്ന ഫോം തുടർന്നാൽ ഇംഗ്ലണ്ടിലെ പുൽമൈതാനങ്ങളിൽ ഇന്ത്യയ്ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്; ഏകദിന മൽസരങ്ങളുടെ ഭാഗധേയ നിർണയത്തിൽ ബാറ്റിങ് പ്രകടനത്തിന് വലിയ സ്ഥാനമുണ്ടെന്നതിനാൽ പ്രത്യേകിച്ചും. നിലവിൽ ഏകദിന റാങ്കിങ്ങിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാമതാണ് ഇന്ത്യ.

∙ മികവിന്റെ കയറ്റിറക്കം

വർഷത്തിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ വിജയക്കുതിപ്പു തുടങ്ങിവച്ചത്. ടെസ്റ്റ് പരമ്പരയിലെ ആവേശം ഏകദിനങ്ങളിലേക്കു കൂടി പകർന്നാടിയിപ്പോൾ, ആദ്യ മൂന്നു മൽസരങ്ങളിൽ ഉജ്വല ജയം നേടിയപ്പോൾ, മഴ കളി തടസ്സപ്പെടുത്തിയ 4–ാം കളിയിൽ ഡക്ക്‌വർത്ത്– ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചു. അടുത്ത 2 മൽസരങ്ങളിലും ആതിഥേയരെ നിഷ്പ്രഭമാക്കിയ ഇന്ത്യയ്ക്ക് അടുത്ത പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഇതേ മികവ് തുടരാനായില്ല. ആദ്യ മൽസരത്തിലെ വിജയത്തിനു ശേഷം 2 കളികളിലും കോഹ്‌ലിയും സംഘവും തീർത്തും നിഷ്പ്രഭരായി പരമ്പര ഇംഗ്ലണ്ടിന് അടിറവു വച്ചു.

ക്യാപ്റ്റൻ കോഹ്‌ലിയെ സിലക്ടർമാർ വിശ്രമിക്കാൻ അനുവദിച്ച ഏഷ്യ കപ്പിൽ, പകരം ചുമതല വഹിച്ച രോഹിത് ശർമയുടെ നേതൃത്വം ഇന്ത്യയെ ഒരിക്കൽക്കൂടി കിരീടനേട്ടത്തിലേക്കു നയിച്ചു. പാക്കിസ്ഥാനെ 2 തവണ നിഷ്പ്രഭമാക്കിയ ഇന്ത്യ ഫൈനലിൽ ബംഗ്ലേദശിനെ മറികടന്നു. ഈ മൽസരങ്ങളെല്ലാം വിദേശമണ്ണിലായിരുന്നെങ്കിൽ വെസ്റ്റിൻ‍ഡീസിനിതിരെ സ്വന്തം തട്ടകത്തിലാണ് പരമ്പര വിജയം. ആദ്യത്തെ മൂന്നു കളികളിൽ നന്നായി മൽസരിച്ച വിൻഡീസിനെ 3–1നു കീഴടക്കി.

∙ കോഹ്‌ലി– രോഹിത് സഖ്യം

ഈ കലൻഡർ വർഷത്തിൽ രാജ്യാന്തര ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയത് കോഹ്‌ലിയാണ്. 14 ഇന്നിങ്സുകളിൽനിന്ന് 133.25 ശരാശരിയിൽ 1202 റൺസ്. 6 സെ‍ഞ്ചുറികളും 3 അർധ സെഞ്ചുറികളും ഈ വർഷം നേടിയ നായകന്റെ മികച്ച സ്കോർ 160 റൺസ്. 19 ഇന്നിങ്സിൽ 1030 റൺസ് കുറിച്ച് രോഹിത്താണ് പട്ടികയിൽ രണ്ടാമത്.

5 തവണ മൂന്നക്കം പിന്നിട്ട രോഹിത്തിന്റെ പേരിൽ 3 അർധ സെഞ്ചുറികളുമുണ്ട്. ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ(22 ഇന്നിങ്സിൽ 1025 റൺസ്), ജോ റൂട്ട്(24 ഇന്നിങ്സിൽ 946 റൺസ്) എന്നിവരാണ് ഇന്ത്യൻ താരങ്ങളുടെ പിന്നിലുള്ളത്. വിൻഡീസിനെതിരായ പരമ്പരയിൽ, ഏറ്റവും വേഗത്തിൽ 10,000 റൺസ് തികച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ കോഹ്‌ലി തുടരെ 3 സെഞ്ചുറികളും കുറിച്ചു. 5 കളിയിൽ 453 റൺസ് തികച്ച് പരമ്പരയിലെ ടോപ് സ്കോററും ഇന്ത്യൻ നായകനാണ്.

രണ്ടു  വമ്പൻ സെഞ്ചുറികളടക്കം 389 റൺസ് നേടിയ രോഹിത്താണ് രണ്ടാമത്. പരമ്പരയിൽ 3 വൻ കൂട്ടുകെട്ടുകളിലും രോഹിത് പങ്കാളിയായി. ആദ്യ മൽസരത്തിൽ കോഹ്‍‌ലിക്കൊപ്പവും പുണെ ഏകദിനത്തിൽ അമ്പാട്ടി റായുഡുവിനൊപ്പവും രോഹിത് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുകൾ പടുത്തുയർത്തി. അവസാന മൽസരത്തിൽ കോഹ്‌ലിക്കൊപ്പം 99 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലും ഉപനായകൻ പങ്കാളിയായി.

∙ അമ്പാട്ടിയുടെ വരവ്, ജഡേജയുടെ മികവ്

4–ാം നമ്പർ സ്ഥാനത്ത് റായുഡു സ്ഥാനമുറപ്പിച്ചതാണ് വിൻഡീസ് പരമ്പരയിൽ ഇന്ത്യയുടെ നേട്ടങ്ങളിലൊന്ന്. മനീഷ് പാണ്ഡെ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക് തുടങ്ങിയവരെ പരീക്ഷിച്ചു കൈപൊള്ളിയ ശേഷമെടുത്ത തീരുമാനം ശരിവയ്ക്കുന്ന പ്രകടനം  നടത്തിയ റായുഡു 4 ഇന്നിങ്സുകളിൽ ഒരു സെഞ്ചുറിയടക്കം 217 റൺസ് കുറിച്ചു.

ഏഷ്യ കപ്പിൽ ടീംഇന്ത്യയിലേക്കു തിരികെയെത്തിയ രവീന്ദ്ര ജഡേജയുടെ കരുത്തുറ്റ ഓൾറൗണ്ട് പ്രകടനവും ഇന്ത്യയുടെ കുതിപ്പിൽ നിർണായകമായി. 7 വിക്കറ്റുകൾ നേടിയ ജഡേജ ടീമിലെത്തിയതോടെ യുസ്‌വേന്ദ്ര ചാഹൽ പുറത്തിരിക്കേണ്ടി വന്നു എന്നതും ശ്രദ്ധേയം. ഓൾറൗണ്ടറായി ശോഭിക്കാ‍ൻ ശേഷിയുള്ള ജഡേജയുടെ സാന്നിധ്യം ടീമിന്റെ സന്തുലനാവസ്ഥയിലും നിർണായകമാണ്. അതേസമയം, ഹാർദിക് പാണ്ഡ്യയെയും ജ‍ഡേജയെയും ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്താൻ സാധ്യയില്ലാത്തതിനാൽ ഇനിയുള്ള അടുത്ത പരമ്പരയി‍ല്‍ ഓൾറൗണ്ടർ സ്ഥാനത്തേക്കു പോരാട്ടം കടുക്കും.

∙ ധോണിയുടെ ഭാവി

ഏകദിനത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്ന ഖ്യാതിക്കു തിളക്കം കൂട്ടുന്ന പ്രകടനം പുറത്തെടുക്കാൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിക്കു കഴിയാതെ പോയ പരമ്പരയുമാണിത്. മു‍ൻനിര ഉജ്വല പ്രകടനം നടത്തിയതിനാൽ, ധോണിയുൾപ്പെടെയുളള മധ്യനിര കാര്യമായി പരീക്ഷിക്കപെട്ടതുമില്ല. 3 ഇന്നിങ്സിൽ 50 റൺസാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. പിൻഗാമിയായ ഋഷഭ് പന്ത് ഉൾപ്പെടെയുള്ള യുവതാരങ്ങൾ ധോണിയെ മറികടക്കുന്ന കാലം വിദൂരമല്ലെങ്കിലും അടുത്ത ലോകകപ്പിൽക്കൂടി മഹിയെ ഇന്ത്യൻ നിരയിൽ കാണാനാകുമെന്നാണ് ആരാധരുടെ പ്രതീക്ഷ.

രോഹിത്തും കോഹ്‌ലിയും തിളങ്ങുന്നതിനിടെ, ശിഖർ ധവാൻ നിറം മങ്ങിയത് അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല. 5 ഇന്നിങ്സിൽ 112 റൺസാണ് ഓപ്പണറുടെ സമ്പാദ്യം. ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.

related stories