Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം രണതുംഗ, പിന്നെ ജയസൂര്യ; ലങ്കയുടെ ‘രാഷ്ട്രീയക്കളിക്കാർ’ ഇവരാണ്!

jayasuriya-ranatunga സനത് ജയസൂര്യ, അർജുന രണതുംഗ

ശ്രീലങ്കയിൽ ചൂടുപിടിച്ചിരിക്കുകയാണ് രാഷ്ട്രീയം. പ്രതിസന്ധിയുടെ ദിനങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെയും ശ്രദ്ധ മരതകദ്വീപിലേക്കാണ്. കാരണം ആ രാജ്യത്തിന്റെ മുൻ ക്രിക്കറ്റ് നായകൻ  അർജുന രണതുംഗെയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയനാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ പക്ഷക്കാരനായ രണതുംഗെയെ  പ്രസിഡന്റ് സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടം വളഞ്ഞപ്പോൾ, അംഗരക്ഷകൻ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കയിൽ എംപിയും  പെട്രോളിയം വിഭവ വികസന മന്ത്രിയുമാണ് രണതുംഗെ.

ശ്രീലങ്കൻ ക്രിക്കറ്റിനെ ഉന്നതങ്ങളിലെത്തിച്ച രണ്ടു താരങ്ങളാണ് രാഷ്ട്രീയരംഗത്തു തിളങ്ങിയത്– അർജുന രണതുംഗെയും സനത് ജയസൂര്യയും. 1996 ലോകകപ്പിൽ ശ്രീലങ്കയെ ലോകകപ്പ് ചൂടിച്ചത് ഇരുവരുടെയും മാസ്മരിക പ്രകടനങ്ങളിലൂടെയായിരുന്നു. അക്കുറി രണതുംഗെ ശ്രീലങ്കയുടെ നായകനായിരുന്നെങ്കിൽ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ജയസൂര്യയായിരുന്നു മാൻ ഓഫ് ദ് സീരീസ്. 

∙ അർജുന രണതുംഗെ

ശ്രീലങ്കയുടെ ക്രിക്കറ്റ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ നായകനാണ് അർജുന രണതുംഗെ. 1990കളിൽ ശ്രീലങ്കയെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചത് ‘ക്യാപ്റ്റൻ കൂളി’ന്റെ മിടുക്കിലാണ്. 1982ൽ ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ രണതുംഗെയും ടീമിലുണ്ടായിരുന്നു. കൊളംബോയിൽ  ഇംഗ്ലണ്ടിനെതിരെയായിരുന്നു ലങ്കയുടെ അരങ്ങേറ്റം. അന്നു നായകൻ ബന്ദുല വർണപുര. റോയി ഡയസ്, ദുലീപ് മെൻഡിസ്, രഞ്ജൻ മദുഗലെ എന്നിവർക്കൊപ്പം ടീമിൽ ഇടംനേടിയ രണതുംഗെ ആദ്യ ഇന്നിങ്സിൽ അരസെഞ്ചുറി പൂർത്തിയാക്കി അരങ്ങേറ്റം കൊഴുപ്പിച്ചു.

അതിനു തൊട്ടുമുൻപായിരുന്നു ഏകദിന ക്രിക്കറ്റിലെയും രണതുംഗെയുടെ ആദ്യ മൽസരം. അന്ന് ഇംഗ്ലീഷുകാരെ തോൽപിച്ച ടീമിലും രണതുംഗെ മികച്ച പ്രകടനം പുറത്തെടുത്തു. 1996ൽ ഇന്ത്യ കൂടി ആതിഥ്യംവഹിച്ച ലോകകപ്പിൽ ‘ആരുമറിയാത്ത’ ലങ്ക കിരീടം ചൂടി. ആതിഥേയരായ ഇന്ത്യയെ സെമിയിലും കരുത്തരായ ഓസ്ട്രേലിയയെ ഫൈനലിലും തോൽപിച്ചു രണതുംഗെ കിരീടം ഏറ്റുവാങ്ങിയപ്പോൾ ക്രിക്കറ്റ് ലോകം ഞെട്ടി. 93 ടെസ്റ്റുകളിൽനിന്നായി 5105 റൺസ് നേടിയപ്പോൾ 269 ഏകദിനങ്ങളിൽനിന്നായി 7456 റൺസും 79 വിക്കറ്റുകളും സ്വന്തമാക്കി. 2000ൽ ക്രിക്കറ്റിനോട് വിടചൊല്ലി.

പിതാവിന്റെ പാത പിൻപറ്റിയാണ് രണതുംഗെ 2001ൽ ദേശീയ രാഷ്ട്രീയത്തിൽ കാലുറപ്പിച്ചത്. മൂന്നു ജില്ലകളിൽനിന്നായി മൂന്നു തവണ പാർലമെന്റംഗം. ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയിലൂടെയാണു രാഷ്ട്രീയത്തിൽവന്നത്.  2001ലെ തിരഞ്ഞെടുപ്പിൽ ആദ്യ ജയം. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വ്യവസായം, വിനോദസഞ്ചാര, നിക്ഷേപ മന്ത്രി. 2010ൽ  ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്നെങ്കിലും 2012ൽ ആ പാർട്ടിയോടു വിടപറഞ്ഞു. 2015ൽ ഹൈവേ, തുറുഖം, ഷിപ്പിങ് മന്ത്രി. 2017ൽ പെട്രോളിയം വികസന മന്ത്രി. ഇതിനിടെ 2008–09ൽ  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അധ്യക്ഷ പദവിയിലുമെത്തി

∙ സനത് ജയസൂര്യ

1996 ലോകകപ്പിൽ അർജുന രണതുംഗെയാണു ശ്രീലങ്കയെ നയിച്ചതെങ്കിൽ ആ നേട്ടത്തിന്റെ മുഖ്യ ശിൽപി സനത് ജയസൂര്യ എന്ന ഇടതുകൈയൻ ഓൾറൗണ്ടറായിരുന്നു. ബാറ്റ്കൊണ്ടും ബോൾ കൊണ്ടും ആ ടൂർണമെന്റിൽ ഇന്ദ്രജാലം കാട്ടിയ ജയസൂര്യ ശ്രീലങ്കയെ കിരീടം ചൂടിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. പിന്നീട് ഏകദിനക്രിക്കറ്റിൽ ലോകത്ത് ഏറെനാൾ ജയസൂര്യയുടെയും ശ്രീലങ്കയുടെയും ആധിപത്യമായിരുന്നു. ഇതിനിടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച  ഓൾറൗണ്ടർ എന്ന പേരുസ്വന്തമാക്കി.

കുറച്ചു പന്തുകളിൽ നിന്നു നിമിഷനേരം കൊണ്ടു സ്ട്രൈക്ക് റേറ്റ് ഉയർത്തി വൻസ്കോർ  പടുത്തുയർത്തുന്ന വിദ്യ ജയസൂര്യയാണു ലോകത്തെ പഠിപ്പിച്ചത്. നായകനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ചു. രമേഷ് കലുവിതരണെയ്ക്കൊപ്പം വിസ്ഫോടാത്മകമായ ബാറ്റിങ്ങിലൂടെ ഏകദിന ക്രിക്കറ്റിൽ വിപ്ലവം തീർത്ത ജയസൂര്യയാണ് ഇന്നത്തെ ‘അടിച്ചുപൊളിപ്പൻ’ ബാറ്റിങ്ങിന്റെ സ്ഥാപകൻ.

1989–2011ൽ ഏകദിനക്രിക്കറ്റിലും 1991–2007ൽ ടെസ്റ്റിലും ജയസൂര്യ സ്വന്തം മേൽവിലാസം കുറിച്ചാണ് മടങ്ങിയത്. ട്വന്റി20യിലും ദേശീയ ടീമിനുവേണ്ടി കളിച്ചു. ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. 110 ടെസ്റ്റുകളിൽനിന്നായി 6973 റൺസും 98 വിക്കറ്റുകളും നേടിയപ്പോൾ 445 ഏകദിനങ്ങളിൽനിന്നായി 13430  റൺസും 323 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനക്രിക്കറ്റിൽ 12,000 റൺസും 300 വിക്കറ്റും നേടിയ ഏക താരമാണു ജയസൂര്യ. വിരമിച്ച ശേഷം ചീഫ് സിലക്ടറായും പ്രവർത്തിച്ചു.

2010–15 കാലത്ത് പാർലമെന്റംഗം. മഹീന്ദ രജപക്ഷെയുടെ യൂണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് പാർട്ടിയിലൂടെ വൻഭൂരിപക്ഷത്തിൽ പാർലമെന്റിലെത്തി. 2013ൽ തപാൽ സേവന വകുപ്പിൽ ഡപ്യൂട്ടി മന്ത്രിയായി. 2015ൽ തദ്ദേശം, ഗ്രാമവികസനമന്ത്രിയായി. 2015ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ലെങ്കിലും യൂണൈറ്റഡ് നാഷണൽ പാർട്ടിക്കുവേണ്ടി പ്രചരണരംഗത്തുണ്ടായിരുന്നു. 

related stories