Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ പേസർമാരെ ഐപിഎല്ലിൽനിന്ന് ഒഴിവാക്കണം, നഷ്ടം ബിസിസിഐ നികത്തണം: കോഹ്‍ലി

Bumrah-Bhuvaneshwar ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ

മുംബൈ∙ ഏകദിന ലോകകപ്പിനു മുൻപ് വിശ്രമം അനിവാര്യമായതിനാൽ വരുന്ന ഐപിഎൽ സീസണിൽ ഇന്ത്യൻ പേസ് ബോളർമാർക്ക് വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ അഭ്യർ‌ഥന. ഐപിഎല്ലിനു തൊട്ടുപിന്നാലെ ഏകദിന ലോകകപ്പും വരുന്ന സാഹചര്യത്തിലാണ് കോഹ്‍ലിയുടെ അഭ്യർഥന. ഐപിഎൽനിന്ന് മാറിനിന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കൂടുതൽ ഉൻമേഷത്തോടെയും കായികക്ഷമതയോടെയും പങ്കെടുക്കാൻ പേസ് ബോളർമാർക്ക് സാധിക്കുമെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു. അതേസമയം, വൻതുക മുടക്കി താരങ്ങളെ ടീമിലെടുത്ത ഐപിഎൽ ടീമുകൾ ഈ നിർദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ്‍ലി ഈ നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ തുടങ്ങിയ താരങ്ങൾക്കു വിശ്രമം അനുവദിക്കണമെന്നാണ് അഭ്യർഥന. ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവാണ് ലോകകപ്പിൽ ഇന്ത്യൻ പേസ് ബോളിങ് യൂണിറ്റിൽ അംഗങ്ങളാകാൻ സാധ്യതയുള്ള മറ്റു താരങ്ങൾ. അതേസമയം, കോഹ്‍ലിയുടെ അഭ്യർഥനയോടുള്ള ഇടക്കാല ഭരണസമിതിയുടെ പ്രതികരണം അറിവായിട്ടില്ല.

അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രിൽ ആദ്യ വാരമാണ് തുടക്കമാകുക. മേയ് മൂന്നാമത്തെ ആഴ്ച വരെ  ഐപിഎൽ നീണ്ടുനിൽക്കും. അതായത്, ഐപിഎല്ലിനു തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പിന് തിരശീല ഉയരുക. ഈ സാഹചര്യത്തിൽ പേസ് ബോളർമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും പരുക്കിന്റെ സാധ്യതകളിൽനിന്നു സംരക്ഷിക്കാനുമാണ് കോഹ്‍ലി വിശ്രമം നിർദ്ദേശിച്ചത്.

ഐപിഎല്ലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഈ താരങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബിസിസിഐ നികത്തണമെന്ന നിർദ്ദേശവും ടീം മാനേജ്മെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, വിശ്രമം ആവശ്യമെങ്കിൽ ഐപിഎൽ സീസണിന്റെ ആദ്യപകുതിയിലോ രണ്ടാം പകുതിയിലോ മാത്രമായി ഇതൊതുക്കണമെന്നു നിർദ്ദേശിക്കുന്നവരും ടീം മാനേജ്മെന്റിലുണ്ട്. അതിനിടെ, വൻതുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബുകൾ ഈ നിർദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് വൃത്തങ്ങൾ. താരങ്ങൾക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇടക്കാല ഭരണസമിതി ഐപിഎൽ അധികൃതരുമായി ചർച്ച നടത്തിയതായാണ് വിവരം. ഇത്തരമൊരു നീക്കം നടത്തുന്നുണ്ടെങ്കിൽ താരങ്ങളുടെ കൈമാറ്റ കാലാവധി അവസാനിക്കുന്നതിനു മുൻപേ അക്കാര്യം ടീമുകളെ അറിയിക്കാന്‍ ഐപിഎൽ അധികൃതർ നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീം കാഴ്ചവച്ച ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി വിളിച്ചുചേർത്ത റിവ്യൂ യോഗത്തിലാണ് കോഹ്‌ലിയും ടീം മാനേജ്മെന്റും ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ഇടക്കാല ഭരണസമിതി അംഗങ്ങൾക്കു പുറമെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പിനു പോകുന്ന ടീമംഗങ്ങൾക്ക് വാഴപ്പഴം ലഭ്യമാക്കുക, ഭാര്യമാരെ കൂടെ കൊണ്ടുപോകാൻ അനുവദിക്കുക, ഇംഗ്ലണ്ടിലെ യാത്രകൾക്ക് ഒരു ട്രെയിൻ കംപാർട്മെന്റ് പൂർണമായും ബുക്കു ചെയ്യുക തുടങ്ങി ഈ യോഗത്തിൽ ടീം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു.

related stories