Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോൾട്ട് ഹാ‘ട്രിക്കിൽ’ 12–ാം തവണയും പാക്കിസ്ഥാനു തോൽവി

trend-boult-hat-trick പാക്കിസ്ഥാനെതിരെ ഹാട്രിക് നേടിയ ട്രെന്റ് ബോൾട്ടിന്റെ ആഹ്ലാദം.

അബുദാബി∙ ട്വന്റി20 പരമ്പര തൂത്തുവാരി നാണംകെടുത്തിയ പാക്കിസ്ഥാനെ ഏകദിന പരമ്പരയിലെ ആദ്യ മൽരത്തിൽ തകര്‍ത്തെറിഞ്ഞ് ന്യൂസീലൻഡിന്റെ തകർപ്പൻ തിരിച്ചുവരവ്. ഹാട്രിക്കുമായി വരവറിയിച്ച ട്രെന്റ് ബോൾട്ടിന്റെ ബോളിങ് പ്രകടനത്തിന്റെ ചിറകിലേറി 47 റൺസിനാണ് കിവീസ് പാക്കിസ്ഥാനെ തകർത്തുവിട്ടത്. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ന്യസീലൻഡ് 1–0ന് മുന്നിലെത്തി. ഏകദിനത്തിൽ ന്യൂസീലൻഡിനെതിരെ പാക്കിസ്ഥാന്റെ തുടർച്ചയായ 12–ാം തോൽവിയാണിത്.

ഏകദിനത്തിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ന്യൂസീലൻഡ് ബോളറാണ് ബോൾട്ട്. ഡാനി മോറിസൻ (1994ൽ ഇന്ത്യയ്ക്കെതിരെ), ഷെയൻ ബോണ്ട് (2007ൽ ഓസ്ട്രേലിയയ്ക്കെതിരെ) എന്നിവരാണ് മുൻപ് ഹാട്രിക് നേടിയ കിവീസ് താരങ്ങൾ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. അർധസെഞ്ചുറി നേടിയ റോസ് ടെയ്‍ലർ (112 പന്തിൽ 80), ടോം ലാഥം (64 പന്തിൽ 68) എന്നിവരാണ് ന്യൂസീലൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നാലാം വിക്കറ്റിൽ ടെയ്‍ലർ–ലാഥം സഖ്യം 130 റൺസ് കൂട്ടിച്ചേർത്തത് കിവീസ് ഇന്നിങ്സിൽ നിർണായകമായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദി, ഷതാബ് ഖാൻ എന്നിവർ പാക്കിസ്ഥാനായി മികച്ച പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ, മൂന്നാം ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകളിൽ യഥാക്രമം ഫഖർ സമാൻ (അഞ്ചു പന്തിൽ ഒന്ന്), ബാബർ അസം (പൂജ്യം), മുഹമ്മദ് ഹഫീസ് (പൂജ്യം) എന്നിവരെ പുറത്താക്കി ഹാട്രിക് തികച്ച ട്രെന്റ് ബോൾട്ട് തകർത്തെറിയുകയായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് (69 പന്തിൽ 64), ഇമാദ് വസിം (72 പന്തിൽ 50) എന്നിവർ പൊരുതി നോക്കിയെങ്കിലും പാക്കിസ്ഥാനെ രക്ഷിക്കാനായില്ല. ഒടുവിൽ 16 പന്തുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാൻ 219 റൺസിന് എല്ലാവരും പുറത്തായി. ബോൾട്ടിനു പുറമെ ഫെർഗൂസനും വിൻഡീസിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. ഗ്രാൻഡ്ഹോമും രണ്ടു വിക്കറ്റ് സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.