Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു തോൽവികൾക്കുശേഷം ഓസീസിന് ഏഴു റൺസ് ജയം; പരമ്പരയിൽ ഒപ്പം

australia-wicket-celebration ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസീസ് താരങ്ങൾ.

അഡ്‍ലെയ്ഡ്∙ അഡ്‍ലെയ്ഡ് വീണ്ടും ഓസ്ട്രേലിയയ്ക്ക് ഭാഗ്യ മൈതാനമായി. അവസാനമായി ഏകദിനം ജയിച്ച അ‍ഡ്‌ലെയ്ഡിലേക്കുള്ള മടങ്ങിവരവിൽ വീണ്ടും വിജയം കണ്ടെത്തിയ ഓസീസ്, തുടർച്ചയായ ഏഴു തോൽവികൾക്കുശേഷം വീണ്ടും വിജയവഴിയിൽ. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയെ ഏഴു റൺസിനാണ് ഓസീസ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 231 റൺസിന് എല്ലാവരും പുറത്തായെങ്കിലും, അതേ നാണയത്തിൽ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്കയെ 224 റൺസിൽ ഒതുക്കിയാണ് വിജയം പിടിച്ചെടുത്തത്.

ഓസീസിനായി 41 റൺസ് നേടുകയും മികച്ച ബോളിങ്, ഫീൽഡിങ് മാറ്റങ്ങളുമായി മുന്നിൽനിന്നു നയിക്കുകയും ചെയ്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി. ആദ്യ മൽസരം ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിനു ജയിച്ചിരുന്നു. നിർണാടകമായ മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി ഓസീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓസീസ് നിരയിൽ ആർക്കും അർധസെഞ്ചുറി പോലും നേടാനാകാതെ പോയതോടെ അവർ 231 റൺസിന് എല്ലാവരും പുറത്തായി. 72 പന്തിൽ നാലു ബൗണ്ടറികളോടെ 47 റൺസെടുത്ത അലക്സ് കാറേയ് ആണ് അവരുടെ ടോപ് സ്കോറർ. ക്രിസ് ലിൻ (44 പന്തിൽ 44), ആരോൺ ഫിഞ്ച് (63 പന്തിൽ 41) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ രണ്ടും പ്രിട്ടോറിയസ് മൂന്നും സ്റ്റെയിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്കും തുടക്കത്തിലേ തിരിച്ചടിയേറ്റു. 48 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ അവർക്ക് ഒരു ഘട്ടത്തിലും ആധിപത്യം നേടാനായില്ല. അർധസെഞ്ചുറി നേടിയ ഡേവി‍ഡ് മില്ലറാണ് സന്ദർശകരുടെ ടോപ് സ്കോറർ. 71 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് മില്ലർ 51 റൺസെടുത്തത്. ഫാഫ് ഡുപ്ലേസി 65 പന്തിൽ 47 റൺ‌സെടുത്തു. ഗ്ലെൻ മാക്സ്‍വെൽ എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 20 റൺസ് വേണ്ടിയിരുന്നെങ്കിലും 13 റൺസേ നേടാനായുള്ളൂ. 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത മാർക്കസ് സ്റ്റോയ്നിസിന്റെ പ്രകടനവും ഓസീസിന് വിജയം സമ്മാനിക്കുന്നതിൽ നിർണായകമായി.

related stories