Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വർഷത്തിനുശേഷം ഇംഗ്ലണ്ടിന് വിദേശത്ത് ടെസ്റ്റ് ജയം; ഹെറാത്ത് ‘തോറ്റു മടങ്ങി’

ali-leach രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും.

ഗോൾ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വിദേശ മണ്ണിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 211 റൺസിന്റെ കൂറ്റൻ വിജയമാണ് ഇംഗ്ലിഷ് പട സ്വന്തമാക്കിയത്. 462 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക, 250 റൺസിന് എല്ലാവരും പുറത്തായി. 2016 ഒക്ടോബറിൽ ബംഗ്ലദേശിനെ 22 റൺസിനു തോൽപ്പിച്ചശേഷം ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ ടെസ്റ്റ് ജയമാണിത്. ഇതിനിടെ 13 ടെസ്റ്റുകളാണ് വിജയമറിയാതെ ഇംഗ്ലണ്ട് വിദേശത്തു പിന്നിട്ടത്.

സ്കോർ: ഇംഗ്ലണ്ട് – 342 & 322/6d, ശ്രീലങ്ക – 203 & 250

അതേസമയം, ലങ്കയുടെ സ്പിൻ ഇതിഹാസം രംഗന ഹെറാത്തിന്റെ വിടവാങ്ങൽ പരാജയത്തിന്റെ കയ്പു നിറഞ്ഞതായി. പ്രിയ വേദിയായ ഗോളിൽ 100 വിക്കറ്റ് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിനിടയിലും അവസാന ടെസ്റ്റിൽ ഹെറാത്തിനു നേടാനായത് മൂന്നു വിക്കറ്റ് മാത്രം. അവസാന ഇന്നിങ്സിൽ അഞ്ചു റൺസിനു പുറത്താകുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റ് വീഴ്ത്തി മൽസരത്തിലാകെ ഏട്ടു വിക്കറ്റ് സ്വന്തമാക്കിയ മോയിൻ അലിയാണ് ലങ്കയെ തകർത്തത്. 137 റൺസിന് എട്ടു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലി വിദേശ മണ്ണിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജാക്ക് ലീച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ വെറ്ററൻ താരം ഏഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് ശ്രീലങ്കയുടെ പരാജയഭാരം കുറച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ ബെൻ ഫോക്സാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

related stories