Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തെ ‘മാൻ ഓഫ് ദ് മാച്ച്’ ഇതാ കുപ്പത്തൊട്ടിയിൽ; പ്രകൃതി സഹിക്കുമോ?

jadeja-man-of-the-match ഉപേക്ഷിച്ച നിലയിൽ ലഭിച്ച ജഡേജയുടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിന്റെ കാർഡുമായി ജയൻ. രവീന്ദ്ര ജഡേജയാണ് രണ്ടാമത്തെ ചിത്രത്തിൽ.

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട് ഹബ്ബിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിന പോരാട്ടം സമ്മാനിച്ച ആവേശക്കാഴ്ചകൾ മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഇന്ത്യൻ പോരാട്ടവീര്യത്തിനു മുന്നിൽ വെസ്റ്റ് ഇൻഡീസ് അതിവേഗം കീഴടങ്ങിയതോടെ ഏകദിന മൽസരം ട്വന്റി20 വേഗത്തിൽ അവസാനിച്ചതിന്റെ ചെറിയ നിരാശയും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനെ 31.5 ഓവറിൽ 104 റൺസിന് പുറത്താക്കിയ ഇന്ത്യ, 211 പന്തുകളും ഒൻപതു വിക്കറ്റു ശേഷിക്കെ ലക്ഷ്യത്തിലെത്തിയാണ് മൽസരം സ്വന്തമാക്കിയത്. പരമ്പരയും.

എന്നാൽ, ഈ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ബോളിങ് പ്രകടനത്തിലൂടെ കളിയിലെ കേമൻപട്ടം നേടിയ രവീന്ദ്ര ജഡേജയ്ക്കു പുരസ്കാരവേദിയിൽ ലഭിച്ച വലിയ കാർഡാണ് ഇപ്പോൾ തലസ്ഥാന നഗരിയിലെ ചർച്ചാവിഷയം. 9.5 ഓവറിൽ ഒരു മെയ്‍ഡൻ ഉൾപ്പെടെ 34 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ജഡേജയ്ക്ക് കളിയിലെ കേമൻ പട്ടം സമ്മാനിച്ചത്. സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപ മൽസരശേഷം ജഡേജ ഏറ്റുവാങ്ങുകയും ചെയ്തു.

എന്നാൽ, പണം ജഡേജയുടെ പോക്കറ്റിലേക്കു പോയെങ്കിലും വേദിയിൽവച്ച് ഏറ്റുവാങ്ങിയ വലിയ കാർഡ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കുപ്പത്തൊട്ടിയിൽനിന്ന് ലഭിച്ചതോടെ സംഭവത്തിന് വിവാദഛായ കൈവന്നിരിക്കുകയാണ്. മണ്ണിൽ അലിയാത്ത കാർഡ് സ്റ്റേഡിയത്തിൽ ഉപേക്ഷിച്ചുപോയതിന്റെ പേരിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ആവേശപ്പോരാട്ടത്തിനുശേഷം വേദിയിൽവച്ച് ജഡേജ ഏറ്റുവാങ്ങിയ കാർഡുമായി തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ ജയൻ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ‘പ്രകൃതി’ എന്ന ഫെയ്സ്ബുക് പേജിൽ ഈ ചിത്രം സഹിതം വിമർശനാത്മകമായ കുറിപ്പ് പ്രത്യക്ഷപ്പെട്ടു.

ഇത്തരം സമ്മാനദാന ചടങ്ങുകൾ തൊട്ടുപിന്നാലെ പ്രകൃതിക്കും മറ്റുള്ളവർക്കും ബാധ്യതയാകുന്നതിനെതിരെയാണ് കുറിപ്പ്. പ്രകൃതിക്കു ഭാരമാകുന്ന ഇത്തരം പുരസ്കാര വിതരണങ്ങൾ ഒഴിവാക്കി വ്യത്യസ്തമായൊരു സമ്മാനദാന രീതി എന്തുകൊണ്ടു പരീക്ഷിച്ചുകൂടാ എന്നതാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. പ്ലാസ്റ്റിക്കിന്റെയും പ്രകൃതിയിൽ അലിയാത്ത വസ്തുക്കളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്താൻ ബിസിസിഐ നടപടി സ്വീകരിക്കുമെന്ന പ്രത്യാശയും കുറിപ്പു പങ്കുവയ്ക്കുന്നുണ്ട്.

മൽസരം അവസാനിച്ചശേഷം സ്റ്റേഡിയവും പരിസരവും ശുചിയാക്കാൻ കോർപറേഷൻ നിയോഗിച്ച അറുനൂറോളം ശുചീകരണ തൊഴിലാളികളുടെ പ്രതിനിധിയെന്ന നിലയിൽ ജയനുള്ള ‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരമായി ഈ ചിത്രം സമർപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ബിസിസിഐ, കേരളാ ക്രിക്കറ്റ് അസോസിയേഷൻ, തിരുവനന്തപുരം മുൻസിപൽ കോർപറേഷൻ തുടങ്ങിയവയുടെ ഫെയ്സ്ബുക് പേജുകൾക്കൊപ്പം വിരാട് കോഹ്‍ലി, മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളെയും ടാഗ് ചെയ്തുകൊണ്ടുള്ള ഈ കുറിപ്പ് ഫെയ്സ്ബുക് ഷെയറിൽ ‘ഇരട്ടസെഞ്ചുറി’ പിന്നിട്ടുകഴിഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.