Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകദിന ലോകകപ്പ് കിരീടത്തിന്റെ തിളക്കവുമായി മുനാഫ് പട്ടേല്‍ വിരമിച്ചു

munaf-patel മുനാഫ് പട്ടേൽ

മുംബൈ∙ 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പേസ് ബോളർ മുനാഫ് പട്ടേൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 2006ൽ ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 70 ഏകദിനങ്ങളും മൂന്നു ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുള്ള താരമാണ്. മൂന്നു ഫോർമാറ്റുകളിലുമായി 125 വിക്കറ്റുകളും നേടിയിട്ടുണ്ട്. 

വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ അൽപം പോലും ഖേദമില്ലെന്ന് മുനാഫ് പട്ടേൽ വ്യക്തമാക്കി. തനിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന താരങ്ങളെല്ലാം തന്നെ വിരമിച്ചതായി മുപ്പത്തഞ്ചുകാരനായ പട്ടേൽ ചൂണ്ടിക്കാട്ടി. ഇനി ധോണി മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ വിടവാങ്ങുമ്പോൾ വേദനയൊന്നും തോന്നുന്നില്ല. എല്ലാവരുടെയും സമയം അവസാനിച്ചു. എല്ലാവരും കളി തുടരുകയും ഞാൻ മാത്രം അവസാനിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ അതു വേദനിപ്പിക്കുമായിരുന്നു – മുനാഫ് വ്യക്തമാക്കി.

പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലെന്നും മുനാഫ് പട്ടേൽ വ്യക്തമാക്കി. പ്രായം ഏറെയായി. കായികക്ഷമതയും പഴയ പോലെയല്ല. യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ ഞാൻ കടിച്ചുതൂങ്ങുന്നത് ശരിയല്ല. കളിക്കാനുള്ള ത്വര അവശേഷിക്കുന്നില്ല എന്നതാണ് സത്യം. 2011ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ഞാൻ. അതിലും വലിയ നേട്ടങ്ങളൊന്നും ഇനി സ്വന്തമാക്കാനുമില്ല – പട്ടേൽ വ്യക്തമാക്കി.

ഗുജറാത്തിലെ ഇഖറിൽ ജനിച്ച മുനാഫ് ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ, മഹാരാഷ്ട്ര, ബറോഡ, ഗുജറാത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ് ടീമുകൾക്കായും കളിച്ചു.

2011ൽ ലോകകപ്പ് നേടിയ ടീമിൽ സ്ഥിര സാന്നിധ്യമായിരുന്നു മുനാഫ്. രാജ്യാന്തര ക്രിക്കറ്റിലെ അവസാന ഏകദിനം കളിച്ചത് ഏതാണ്ട് അക്കാലത്തുതന്നെയാണ്. ഇംഗ്ലണ്ടിനെതിരെ കാർഡിഫിൽ. 2016നുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സജീവമായിരുന്നില്ല. ഐപിഎല്ലിലും അത്ര സജീവ സാന്നിധ്യമായിരുന്നില്ല.

related stories