Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രംഗം വിട്ടു രംഗന; വിരമിച്ചത് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ താരം

Rangana-Herath-retires വിരമിക്കൽ മൽസരത്തിനു ശേഷം രംഗന ഹെറാത് ഭാര്യ സെനാനിക്കും രണ്ട് മക്കൾക്കുമൊപ്പം ഗോളിലെ മൈതാനത്ത്. ചിത്രം: എപി

ഒട്ടും മടുപ്പില്ലാതെ ദീർഘമായ സ്പെല്ലുകൾ എറിയാൻ രംഗന ഹെറാത്തിന് ഇത്രയും ക്ഷമ എവിടുന്നു കിട്ടി? ബാങ്കിൽ നിന്ന്! ‘ക്രിക്കറ്റ് താരം എന്ന സ്പെൽ’ തീർന്നാൽ താൻ പഴയ ജോലിയായ ബാങ്കിങ്ങിലേക്കു തന്നെ മടങ്ങിയേക്കുമെന്ന് ഹെറാത്ത് പറയുന്നു. ഒട്ടും താരപ്രഭയില്ലെങ്കിലും ആ ജോലിയും ഹെറാത്ത് ആത്മാർഥയോടെ ചെയ്യുമെന്ന് അദ്ദേഹത്തെ അറിയുന്നവർക്കറിയാം. ‘വന്നു, കണ്ടു, കീഴടക്കി’യ ഒരു ക്രിക്കറ്ററല്ല അദ്ദേഹം.

1999 സെപ്റ്റംബർ 22നും 2018 നവംബർ 6നും വരെയുള്ള കാലയളവിൽ രാജ്യാന്തര ക്രിക്കറ്റ് സന്ദർശിച്ചു പോയൊരാൾ മാത്രം. ഹെറാത്തിന്റെ ഏറ്റവും വലിയ ഗുണം ലാഭേച്ഛയില്ലാതെ പന്തെറിയാനുള്ള മനസ്സാണ്. രാഹുൽ ദ്രാവിഡിന്റെ ‘ഒരു ജീൻ’ ഹെറാത്തിൽ എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്. ദ്രാവിഡ് സച്ചിന്റെ നിഴലിൽ കളിച്ച പോലെ ഹെറാത്ത് മുത്തയ്യ മുരളീധരന്റെ ഡെപ്യൂട്ടിയായി; അന്നും പിന്നീട് അതിൽ നിന്നു പുറത്തു കടന്നപ്പോഴും ഹെറാത്തിന്റെ ഭാവം ഒന്നു തന്നെ– സ്ഥിരോൽസാഹം!

അവസാനത്തെ ഇല

ലങ്കൻ ക്രിക്കറ്റ് എന്ന വൻമരത്തിൽ നിന്നു കൊഴിയുന്ന അവസാനത്തെ ഇലകളിലൊന്നാണ് ഹെറാത്ത് മുടിയൻ സെലാഞ്ചെ രംഗന കീർത്തി ബന്ദാര ഹെറാത്ത് എന്ന നാൽപ്പതുകാരൻ. 20–ാം നൂറ്റാണ്ടിൽ അരങ്ങേറി ഇന്നലെ വരെ കളി തുടർന്ന ഒരേയൊരു ക്രിക്കറ്ററായിരുന്നു അദ്ദേഹം. എന്നിട്ടും ഹെറാത്ത് ഇത്രയും വിക്കറ്റുകളെടുത്തിട്ടുണ്ട് എന്നത് ലോകം ശ്രദ്ധിക്കുന്നത് ഈയിടെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ എട്ടാം സ്ഥാനത്തെത്തിയപ്പോഴാണ്– റിച്ചഡ് ഹാഡ്‌ലിക്കും വസീം അക്രമിനും ഇയാൻ ബോതമിനുമെല്ലാം മുന്നിൽ.

വോൺ–മുരളി മുതൽ മെൻഡിസ്–കുൽദീപ് വരെയുള്ളവർ സ്പിൻ ബോളിങിൽ ദുരൂഹമായ പന്തുകൾ പരീക്ഷിച്ചു കൊണ്ടിരുന്ന കാലത്താണ് അവിശ്വസനീയമായമാം വിധം സാധാരണത്വവുമായി ഹെറാത്തും കളം നിറഞ്ഞത്. ഹെറാത്തിന്റെ ആയുധങ്ങൾ ഒരു പേസ് ബോളറുടേതിനു സമാനമായിരുന്നു– ലൈനും ലെങ്തും. ഈ അസാധാരണത്വം തന്നെയാണ് പല ബാറ്റ്സ്മാൻമാരെയും കബളിപ്പിച്ചത്. ഹെറാത്തിൽ നിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിച്ച അവർ ബാറ്റിനെയും ശരീരത്തെയും അതിനനുസരിച്ചു ക്രമപ്പെടുത്തി.

അവർ കരുതിയ പോലെ ഒന്നും സംഭവിച്ചില്ല. പലപ്പോഴും പന്ത് സാധാരണ ടേണിൽ വിക്കറ്റും കൊണ്ടു പോയി. സിലക്ടർമാർക്കും ഹെറാത്തിന്റെ ഈ സാധാരണത്വം ഒരു സംശയമായിരുന്നു. അതു കൊണ്ടാണ് 19 വർഷം നീണ്ട കരിയറിൽ അദ്ദേഹം പലപ്പോഴും ടീമിനു പുറത്തായത്. ഇത്രയും കാലം കളിച്ചിട്ടും ഹെറാത്തിന് 100 ടെസ്റ്റുകൾ തികയ്ക്കാനായിട്ടില്ല. 93 ടെസ്റ്റുകളിൽ നിന്ന് 433 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ നേട്ടം. വിക്കറ്റ് വേട്ടയിൽ ഹെറാത്തിനു മുന്നിലുള്ള മറ്റെല്ലാവരും 120ൽ അധികം ടെസ്റ്റ് കളിച്ചിട്ടുള്ളവർ.

3 റൺസിന് 5 വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയ ബോളറാണെന്ന് വിലയിരുത്തപ്പെട്ടപ്പോഴും ഹെറാത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ട്വന്റി20യിലായിരുന്നു. 2014 ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ. ചിറ്റഗോങിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക വെറും 119 റൺസിനു പുറത്തായി.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു പിച്ചിൽ ഇത്രയും ചെറിയൊരു സ്കോർ പ്രതിരോധിക്കുക എന്നത് നടപ്പില്ലെന്നു കരുതിയ കാര്യം. എന്നാൽ ഹെറാത്ത് അദ്ഭുതം കാണിച്ചു. കൃത്യമായ ലൈനിൽ പന്തെറിഞ്ഞ ഹെറാത്തിനു മുന്നിൽ ബ്രണ്ടൻ മക്കല്ലം ക്രീസിൽ വട്ടംചുറ്റി.

അഞ്ചാം പന്തിൽ മുന്നോട്ടു കയറിയ മക്കല്ലത്തെ ഇളിഭ്യനാക്കി പന്ത് വിക്കറ്റ് കീപ്പർ സംഗക്കാരയുടെ കയ്യിൽ. സ്റ്റംപ്ഡ്! നേരിട്ടു വന്ന ഒരു പന്തിൽ പാഡുവച്ച് റോസ് ടെയ്‌ലറും കീഴടങ്ങി.
ജയിംസ് നീഷാമിന് അത്രയും ഭാഗ്യം പോലുമുണ്ടായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബോൾഡ്. ലൂക്ക് റോഞ്ചിയെയും പുറത്താക്കി കിവീസ് മുൻനിരയെ തകർത്ത ഹെറാത്ത് ഒടുവിൽ വീണ്ടും തിരിച്ചെത്തി.

പന്തിന്റെ ഗതിയറിയാതെ മുന്നോട്ടു കയറിയ ട്രെന്റ്ബോൾട്ട് അബദ്ധം മനസ്സിലാക്കി പിന്നോട്ടു വലിഞ്ഞെങ്കിലും തോണ്ടിയ പന്ത് മഹേള ജയവർധനയുടെ കയ്യിൽ. കിവീസ് 60നു പുറത്ത്. 3 റൺസ് വഴങ്ങി ഹെറാത്ത് വീഴ്ത്തിയത് 5 വിക്കറ്റുകൾ. ഹെറാത്ത് ഒരു അദ്ഭുത ബോളറാണെന്ന് ആദ്യമായി പിറ്റേന്നത്തെ പത്രങ്ങളെഴുതി!

related stories