Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3–ാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം, പരമ്പര; ഓസീസിന് വീണ്ടും പരമ്പര നഷ്ടം

South Africa cricket team ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ക്രിക്കറ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്കൻ ടീം ചിത്രത്തിനു പോസ് ചെയ്തപ്പോൾ.

ഹൊബാർട്ട്∙ അഡ്‌ലെയ്ഡ‍ിൽ തെളിച്ചെടുത്ത വിജയവഴി വീണ്ടും മറന്നുപോയ ഓസീസിന്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും തോൽവി. 40 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തോൽപ്പിച്ചത്. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 2–1ന് സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയും രണ്ടാം ഏകദിനത്തിൽ ഓസീസുമാണ് ജയിച്ചത്. ഏകദിനത്തിൽ തുടർച്ചയായി ഏഴു മൽസരം തോറ്റ ശേഷമാണ് അഡ്‍ലെയ്ഡ‍ിൽ നടന്ന രണ്ടാം മൽസരത്തിൽ ഓസീസ് ഏഴു റൺസിനു ജയിച്ചത്. വീണ്ടും പരാജയവഴിയിലേക്കു തിരിച്ചുപോയ ഓസീസ് പരമ്പര കൈവിട്ടതോടെ, ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ തുടർച്ചയായ ആറാം പരമ്പരയാണ് അടിയറവു വയ്ക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 320 റൺസാണെടുത്തത്. 55 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ ദക്ഷിണാഫ്രിക്കയെ, നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു (252) തീർത്ത ഫാഫ് ഡുപ്ലേസി–ഡേവിഡ് മില്ലർ സഖ്യമാണ് കരകയറ്റിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനായി ഷോൺ മാർഷ് സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാനായില്ല. 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുക്കാനെ അവർക്കായുള്ളു. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്രിസ് ലിന്നിനെ നഷ്ടമായ ഓസീസിന്, മാർഷിന്റെ സെഞ്ചുറിക്കു പുറമെ മാർക്കസ് സ്റ്റോയ്നിന്റെ അർധസെഞ്ചുറിയും കരുത്തായി. സ്റ്റോയ്നിസ് 76 പന്തിൽ 63 റൺസെടുത്തു.

ക്രിസ് ലിൻ (പൂജ്യം), ആരോൺ ഫിഞ്ച് (11), ട്രാവിസ് ഹെഡ് (ആറ്), കറേയ്(42), മാക്സ്‍വെൽ(35), മിച്ചൽ സ്റ്റാർക്ക്(പൂജ്യം), ആദം സാമ്പ (പൂജ്യം),  എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഏഴു റൺസോടെ  പാറ്റ് കുമ്മിൻസും റൺസൊന്നുമെടുക്കാതെ ഹെയ്സൽവുഡും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്‍ൽ സ്റ്റെയ്ൻ, റബാഡ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ഏക ട്വന്റി20 ശനിയാഴ്ച നടക്കും.

related stories