Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിതിനു കീഴിൽ മൽസരം 12, ജയം 11; പരമ്പര തൂത്തുവാരുന്നത് രണ്ടാം തവണ!

pant-dhawan മൂന്നാം ട്വന്റി20യിൽ അർധസെഞ്ചുറി നേടിയ ഋഷഭ് പന്തും ശിഖർ ധവാനും മൽസരത്തിനിടെ.

ചെന്നൈ∙ പൊരുതാതെ കീഴടങ്ങുന്നവരെന്ന ചീത്തപ്പേര് വിൻഡീസ് മായിച്ചു. അന്തിമഫലത്തിൽ പക്ഷേ, നിരാശ തന്നെ. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായുള്ള അവസാന ട്വന്റി20 മൽസരത്തിലും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം മടങ്ങുമ്പോൾ, ആ വിജയത്തിന് തിളക്കമേറെ. ആദ്യ രണ്ടു ട്വന്റി20 മൽസരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ പ്രമുഖ താരങ്ങളായ ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവർക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. എന്നിട്ടും ഇന്ത്യയെ വീഴ്ത്താനായില്ല വിൻഡീസിന്. സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ കൂടാതെ ഇറങ്ങിയിട്ടും പരമ്പര തന്നെ തൂത്തുവാരി ടീം ഇന്ത്യ. ഈ പരമ്പരയ്ക്കു മുൻപ് ഇരു ടീമുകളും മുഖാമുഖമെത്തിയ ഏഴു മൽസരങ്ങളിൽ വിൻഡീസ് ജയിച്ചത് അഞ്ചു മൽസരങ്ങൾ. ഇന്ത്യ രണ്ടും. പരമ്പര അവസാനിക്കുമ്പോൾ ഇരു ടീമുകളും നേടിയത് അഞ്ചു വിജയങ്ങൾ വീതം!

കോഹ്‍ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച 12 ട്വന്റി20 മൽസരങ്ങളിൽ 11 ജയവുമായി നായക മികവും പ്രകടമാക്കി രോഹിത്. ഹിറ്റ്മാനു കീഴിൽ ഇന്ത്യ ട്വന്റി20 പരമ്പര തൂത്തുവാരുന്നത് ഇത് രണ്ടാം തവണയാണ്. മുൻപ് 2017ൽ ശ്രീലങ്കയ്ക്കെതിരെയും രോഹിതിനു കീഴിൽ ഇന്ത്യ ട്വന്റി20 പരമ്പര തൂത്തുവാരിയിട്ടുണ്ട്. കോഹ്‍ലിക്കു കീഴിൽ ഇന്ത്യയ്ക്ക് ഇത്തരമൊരു നേട്ടമില്ല. സാക്ഷാൽ ധോണിക്കു കീഴിൽപ്പോലും പരമ്പര തൂത്തുവാരിയത് ഒരിക്കൽ മാത്രം! ഇതിനു പുറമെ ദ്വിരാഷ്ട്ര ട്വന്റി20 പരമ്പരകളിൽ ഒൻപതാം കിരീടം ചൂടിയ ഇന്ത്യ, ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ റെക്കോർഡിന് ഒപ്പമെത്തി.

ചെന്നൈയിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ട്വന്റി20 ലോകചാംപ്യൻമാർ എന്ന പെരുമയ്ക്കൊത്ത പ്രകടനം പരമ്പരയിൽ ആദ്യമായി പുറത്തെടുത്ത അവർ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന, സാമാന്യം ഭേദപ്പെട്ട സ്കോർ പടുത്തുയർത്തുകയും ചെയ്തു. എന്നാൽ, ട്വന്റി20യിലെ തങ്ങളുടെ ഉയർന്ന സ്കോർ കണ്ടെത്തിയ ഓപ്പണർ ശിഖർ ധവാൻ (62 പന്തിൽ 92), ഋഷഭ് പന്ത് (38 പന്തിൽ 58) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 130 റണ്‍സ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. വിജയം കയ്യെത്തും ദൂരത്ത് എത്തിയതിന്റെ ആലസ്യത്തിൽ അനാവശ്യമായി ആശങ്ക ക്ഷണിച്ചുവരുത്തിയെങ്കിലും ഇന്നിങ്സിലെ അവസാന പന്തിൽ ഇന്ത്യ വിജയത്തിലെത്തി.

∙ മുൻനിര താരങ്ങളില്ലെങ്കിലെന്ത്!

പ്രമുഖ താരങ്ങൾ ടീമിലില്ലാത്തതാണ് വെസ്റ്റ് ഇൻഡീസിന്റെ തകർച്ചയ്ക്കു കാരണമെന്ന് അവരുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് രാംദിൻ പരിതപിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ, അവസാന ട്വന്റി20യിൽ ഒന്നു പൊരുതി നോക്കാനുള്ള മൂഡിലായിരുന്നു വിൻഡീസ്. ഈ നിശ്ചയദാർഢ്യം പ്രകടനത്തിലും നിഴലിച്ചപ്പോൾ വിൻഡീസ് ഓപ്പണർമാർ പരമ്പരയിലാദ്യമായി 50 റൺസ് കൂട്ടുകെട്ട് തീർത്തു. 22 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 24 റൺസെടുത്ത ഷായ് ഹോപ്പാണ് ആദ്യം മടങ്ങിയത്. പിന്നാലെ ഹെറ്റ്മയറിനെയും മടക്കിയ ചാഹലിന്റെ ഇരട്ടപ്രഹരം വിൻഡീസിനെ തകർക്കുമെന്ന് തോന്നിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. 15 പന്തിൽ 15 റൺസുമായി ഇഴഞ്ഞുനീങ്ങിയ ദിനേഷ് രാംദിനെക്കൂടി പുറത്താക്കി, ഇന്ത്യ.

എന്നാൽ നാലാം വിക്കറ്റിൽ തകർത്തടിച്ച ഡാരൻ ബ്രാവോ–നിക്കോളാസ് പുരാൻ സഖ്യം 87 റൺസ് കൂട്ടുകെട്ട് തീർത്താണ് വിൻഡീസിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 37 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും സഹിതം 43 റൺസെടുത്ത ബ്രാവോയേക്കാൾ അപകടകാരി പുരാനായിരുന്നു. വെറും 25 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും സഹിതം പുരാൻ നേടിയത് 53 റൺ‌സ്! അഞ്ചാമത്തെ മാത്രം രാജ്യാന്തര ട്വന്റി20 കളിക്കുന്ന പുരാന്റെ ആദ്യ അർധസെഞ്ചുറിയാണിത്. ഖലീൽ അഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ മാത്രം രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 23 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. മൂന്ന് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയതിന്റെ പകിട്ടിൽ അവസാന ഓവർ എറിയാനെത്തിയ ഖലീലിനെയാണ് പുരാനും ബ്രാവോയും ചേർന്ന് അടിച്ചൊതുക്കിയത്!

∙ ബുമ്രയും കുൽദീപും ഇല്ലെങ്കിൽ?

ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങ് എവിടെ നിൽക്കുന്നു എന്ന അസ്വസ്ഥപ്പെടുത്തുന്ന ചോദ്യം കൂടി ഉയർത്തിയാണ് ചെന്നൈ ട്വന്റി20ക്കു തിരശീല വീഴുന്നത്. ആദ്യ രണ്ടു മൽസരങ്ങളിൽ മാത്രം കളിച്ച കുൽദീപ് യാദവ് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയം. ആദ്യ ഓവറുകളിൽ ബുമ്ര ചെലുത്തുന്ന സമ്മർദ്ദത്തിൽനിന്നാണ് ശേഷിച്ച ബോളർമാർ എതിരാളികളെ എറിഞ്ഞിടുന്നതെന്ന ഓർമപ്പെടുത്തലാണ് ഈ മൽസരം. ഒരു ട്വന്റി20 ഇന്നിങ്സിന്റെ അവസാന ഏഴ് ഓവറുകളിൽ ഇന്ത്യ വിക്കറ്റെടുക്കാൻ പരാജയപ്പെടുന്നതും ഇതാദ്യം!

ട്വന്റി20 റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമൊഴിച്ചു നിർത്തിയാൽ സമ്പൂർണ നിരാശയാണ് ഇന്ത്യൻ ബോളർമാർ സമ്മാനിച്ചത്. ചാഹൽ പോലും നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് നേടിയത്. അരങ്ങേറ്റ പരമ്പര കളിക്കുന്ന ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 40 റൺസ് വഴങ്ങി. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 39 റൺസും ഖലീൽ അഹമ്മദ് 37 റൺസും വാഷിങ്ടൻ സുന്ദർ 33 റൺസും വഴങ്ങി.

∙ ട്വന്റി20യിലെ ഉയർന്ന സ്കോറുമായി ധവാൻ, പന്ത്

ചെന്നൈ ട്വന്റി20യിൽ മൂന്നു താരങ്ങളാണ് അർധസെഞ്ചുറി നേടിയത്. വിൻഡീസിനായി നിക്കോളാസ് പുരാനും ഇന്ത്യയ്ക്കായി ശിഖർ ധവാൻ, ഋഷഭ് പന്ത് എന്നിവരും. മൂവരുടെയും രാജ്യാന്തര ട്വന്റി20 കരിയറിലെ ഉയർന്ന സ്കോറാണ് ഇതെന്ന കൗതുകവുമുണ്ട്. ഇതിൽ പന്തും പുരാനും അർധസെഞ്ചുറി നേടുന്നത് ആദ്യം. തന്റെ ഉയർന്ന സ്കോറായ 90 റൺസ് പരിഷ്കരിച്ചാണ് ധവാൻ ഇക്കുറി 92ൽ എത്തിയത്. അർഹിച്ച സെഞ്ചുറിയാണ് ഓവർ തീർന്നുപോയതിനാൽ ധവാനെ ഒഴിഞ്ഞുപോയത്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്കോർ 13ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയെയും സ്കോർ 45ൽ നിൽക്കെ ലോകേഷ് രാഹുലിനെയും നഷ്ടമായതാണ്. ഇതിനു ശേഷമാണ് ഇന്ത്യ വിജയത്തിലേക്ക് ബാറ്റു വീശിയത്. ധവാൻ 62 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 92 റൺസെടുത്തപ്പോൾ, പന്ത് 38 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 58 റൺസുമെടുത്തു.

related stories