Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 റാങ്കിങ്ങിൽ രോഹിതിനും കുൽദീപിനും മുന്നേറ്റം; ‘വിശ്രമിച്ച്’ കോഹ്‍ലി പിന്നോട്ട്

rohit-kohli

ദുബായ്∙ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്കു മുന്നേറ്റം. ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർക്കു പുറമെ കുൽദീപ് യാദവ് ഉൾപ്പെടെയുള്ള ബോളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരിയ പാക്കിസ്ഥാൻ താരങ്ങളും  റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി.

മൂന്നാമത്തെ മൽസരത്തിൽ വിശ്രമം അനുവദിക്കപ്പെട്ടെങ്കിലും പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്പിന്നർ കുൽദീപ് യാദവ് ബോളർമാരുടെ പട്ടികയിൽ ഒറ്റയടിക്ക് 14 സ്ഥാനങ്ങൾ കുതിച്ചുകയറി 23–ാം റാങ്കിലെത്തി. ട്വന്റി20യിൽ കുൽദീപിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. രണ്ടു മൽസരങ്ങളിൽനിന്ന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുൽദീപ്, 5.6 റൺസ് മാത്രമാണ് ഓവറിൽ ശരാശരി വിട്ടുകൊടുത്തത്.

പരമ്പരയിൽ കളിക്കാതെ വിശ്രമിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി റാങ്കിങ്ങിൽ പിന്നാക്കം പോയപ്പോൾ, പകരക്കാരൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റ്സ്മാൻമാരുടെ പട്ടികയിലും നേട്ടമുണ്ടാക്കി. കരിയറിലെ നാലാം സെഞ്ചുറി സ്വന്തമാക്കിയ രോഹിത്, മൂന്നു സ്ഥാനങ്ങൾ കയറി ഏഴാം റാങ്കിലെത്തി. നാലാം സ്ഥാനത്തുള്ള ലോകേഷ് രാഹുൽ മാത്രമാണ് ഇന്ത്യൻ താരങ്ങളിൽ രോഹിതിനു മുന്നിലുള്ളത്. ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി വിശ്രമം അനുവദിക്കപ്പെട്ട കോഹ്‍ലി രണ്ടു സ്ഥാനങ്ങൾ താഴേക്കിറങ്ങി 15–ാമതായി.

മൂന്നാം ഏകദിനത്തിൽ 92 റൺസെടുത്ത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഓപ്പണർ ശിഖർ ധവാനാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. അഞ്ചു സ്ഥാനങ്ങൾ കയറിയ ധവാൻ 16–ാം സ്ഥാനത്തെത്തി. അവസാന മൽ‌സരത്തിൽ കന്നി ട്വന്റി20 അർധസെഞ്ചുറി നേടിയ ഋഷഭ് പന്ത് 100–ാം സ്ഥാനത്തുണ്ട്. ബോളർമാരിൽ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും നേട്ടമുണ്ടാക്കി. ഭുവനേശ്വർ ഒൻപതു സ്ഥാനങ്ങൾ കയറി 19–ാം റാങ്കിലെത്തിയപ്പോൾ ബുമ്ര അഞ്ചു സ്ഥാനങ്ങൾ കയറി 21–ലെത്തി. നാലാം സ്ഥാനത്തുള്ള യുസ്‍വേന്ദ്ര ചാഹൽ ഇന്ത്യൻ താരങ്ങളിലെ ഒന്നാം സ്ഥാനം നിലനിർത്തി.

ടീം വിഭാഗത്തിൽ ഇന്ത്യ പാക്കിസ്ഥാനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. പരമ്പര തൂത്തുവാരി മൂന്നു പോയിന്റു സ്വന്തമാക്കിയ ഇന്ത്യയ്ക്ക് നിലവിൽ 127 പോയിന്റുണ്ട്. ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരിയ പാക്കിസ്ഥാൻ രണ്ടു പോയിന്റു സ്വന്തമാക്കി 138ൽ എത്തി.

related stories