Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലജ് സക്സേനയ്ക്കു സെഞ്ചുറി; ആന്ധ്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ (227/1)

jalaj-saxena ജലജ് സക്സേന (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ 254 റൺസിനു പുറത്തായ ആന്ധ്രയ്ക്കെതിരെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ് കേരളം. ഒൻപതു വിക്കറ്റ് ബാക്കിനിൽക്കെ ഒന്നാം ഇന്നിങ്സ് ലീഡിനു വേണ്ടത് 28 റൺസ് മാത്രം. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ജലജ് സക്സേനയുടെയും (127) അർധസെഞ്ചുറി നേടിയ സഹ ഓപ്പണർ അരുൺ കാർത്തിക്കിന്റെയും പ്രകടനമാണ് കേരളത്തെ മികച്ച നിലയിൽ എത്തിച്ചത്.

143 പന്തിൽ 10 ബൗണ്ടറി സഹിതമാണ് സക്സേന സെഞ്ചുറി പിന്നിട്ടത്. ഒന്നാം വിക്കറ്റിൽ അരുൺ കാർത്തിക്കുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട് (139) തീർക്കാനും സക്സേനയ്ക്കായി. പിരിയാത്ത രണ്ടാം വിക്കറ്റിൽ സക്സേന–രോഹൻ പ്രേം സഖ്യം 88 റൺസും കൂട്ടിച്ചേർത്തിട്ടുണ്ട്.

ആന്ധ്രയുടെ ഒന്നാം ഇന്നിങ്സ് 254 റൺസിൽ അവസാനിപ്പിച്ച കേരളത്തിന്, മറുപടി ബാറ്റിങ്ങിൽ ഉജ്വല തുടക്കമാണ് സക്സേന–കാർത്തിക് സഖ്യം സമ്മാനിച്ചത്. അനായാസം മുന്നേറിയ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 72 പന്തിൽനിന്ന് സക്സേനയാണ് ആദ്യം അർധസെഞ്ചുറി പിന്നിട്ടത്. പിന്നാലെ 117 പന്തിൽനിന്ന് കാർത്തികും 50 കടന്നു. സ്കോർ 139ൽ എത്തിയപ്പോൾ കാർത്തിക്കിനെ എൽബിയിൽ കുരുക്കി മുഹമ്മദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 125 പന്തിൽ എട്ടു ബൗണ്ടറികളോടെ 56 റൺസെടുത്താണ് കാർത്തിക് കൂടാരം കയറിയത്.

നേരത്തെ, എട്ടിന് 225 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ആന്ധ്രയ്ക്ക് 29 റൺസ് എടുക്കുമ്പോഴേയ്ക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായി. ഷോയ്ബ് മുഹമ്മദ് ഖാനെ ബേസിൽ തമ്പിയും (78 പന്തിൽ 18), അയ്യപ്പ ബണ്ഡാരുവിനെ സന്ദീപ് വാരിയരും (26 പന്തിൽ 14) പുറത്താക്കി. പി.വിജയ കുമാർ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനായി കെ.സി. അക്ഷയ് നാലും ബേസിൽ തമ്പി മൂന്നു വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാരിയർ രണ്ടു വിക്കറ്റെടുത്തപ്പോൾ ശേഷിച്ച വിക്കറ്റ് ജലജ് സക്സേനയ്ക്കാണ്.

നേരത്തെ, രണ്ടു വിക്കറ്റിന് 18 എന്ന നിലയിൽ പതറിയ ആന്ധ്രയെ സെഞ്ചുറി നേടിയ റിക്കി ഭുയിയും (109) രവി തേജയും (24) ചേർന്നാണു രക്ഷപ്പെടുത്തിയത്. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലെ ആദ്യമൽസരത്തിൽ ഉപയോഗിച്ച ചെമ്മൺ പിച്ചിനു പകരം കളിമൺ പിച്ചിലാണ് രണ്ടാം മൽസരം നടക്കുന്നത്. ന്യൂസീലൻഡിനെതിരായ ഇന്ത്യ ‘എ’ ടീമിൽ കളിക്കാൻ പോയതിനാൽ ക്യാപ്റ്റൻ ഹനുമ വിഹാരിക്കു പകരം ബി. സുമന്ത് ആണ് ആന്ധ്രയെ നയിക്കുന്നത്.