Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരുതും, നേടും നമ്മൾ: ജലജ് സക്സേന

Jalaj ഇതു മതി... മാൻ ഓഫ് ദ് മാച്ചിനുള്ള പന്ത് സ്വീകരിച്ച ശേഷം കേരള താരം ജലജ് സക്സനേ

തിരുവനന്തപുരം∙ കേരളത്തേക്കാൾ ശക്തരായ ടീമുകളോടാണ് ഏറ്റുമുട്ടുന്നതെങ്കിലും രഞ്ജി ട്രോഫിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഓൾ റൗണ്ടർ ജലജ് സക്സേന. കേരളത്തിനു വേണ്ടി കഴിവിന്റെ പരമാവധി കാഴ്ചവയ്ക്കാനാണു ശ്രമം. ഇന്ത്യൻ ടീമിൽ എത്തിപ്പെടാനുള്ള ഒരേയൊരു വഴി സ്ഥിരമായ മികച്ച പ്രകടനമാണെന്നും ജലജ് മനോരമയോടു പറഞ്ഞു. 

∙ കേരളത്തിനു നന്ദി

മൂന്നു വർഷമായി കേരളത്തിനു വേണ്ടി കളിക്കുന്നത് മികച്ച അനുഭവമാണ്. ടീം ഗെയിം ആണ് കേരളത്തിന്റെ കുതിപ്പിന്റെ രഹസ്യം. കഴിഞ്ഞ വർഷം ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താനായി. ഇത്തവണ അതിലും മികച്ച പ്രകടനമാണു ലക്ഷ്യമിടുന്നത്. വ്യക്തിഗതനേട്ടങ്ങളേക്കാൾ കേരളത്തെ വിജയത്തിലെത്തിക്കുക എന്നതാണു പ്രധാനം. 

∙ മഴയോടു തോറ്റു

ഹൈദരാബാദിനെതിരായ ആദ്യ മൽസരത്തിൽ കേരളത്തിനു മുൻതൂക്കമുണ്ടായിരുന്നെങ്കിലും മഴ മൂലം വിലപ്പെട്ട ഒന്നാം ഇന്നിങ്സ് ലീഡ് പോലും നമുക്കു നഷ്ടമായി. മൂന്നു പോയിന്റ് നഷ്ടമായതു മുന്നോട്ടുള്ള കുതിപ്പിനെ ബാധിക്കും. അതിൽ നിരാശപ്പെടാതെ അടുത്ത കളികളിൽ വിജയം നേടാനാണ് ശ്രമം. 

∙ എതിരാളികളെ പേടിയില്ല

ഡൽഹി ഉൾപ്പടെ കരുത്തരായ എതിരാളികളാണ് ഇത്തവണ എന്നതു ടീമിനെ പേടിപ്പിക്കുന്നേയില്ല. കഴിഞ്ഞ വർഷം ഗുജറാത്ത് ഉൾപ്പെടെ കരുത്തരെ നേരിട്ടാണ് നമ്മൾ ക്വാർട്ടറിലെത്തിയത്. എവേ മാച്ചുകളിലും വിജയിക്കാൻ നമുക്കു കഴിഞ്ഞു. ഇത്തവണ ഏതു സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശേഷിയുള്ള ടീമാണു നമ്മുടേത്.