Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിയിൽ ജലജ് സക്സേനയ്ക്കു സെഞ്ചുറിയും ഏഴു വിക്കറ്റും; ആന്ധ്ര തവിടുപൊടി

Jalaj ശിവചരണിന്റെ വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന, സഞ്ജു സാംസണുമൊത്ത് ആഹ്ലാദം പങ്കിടുന്നു

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം ഇന്നിങ്സിലെ തകർപ്പൻ സെഞ്ചുറിക്കു (133) പിന്നാലെ രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റുകൾ വീഴ്ത്തിയ ഓൾ റൗണ്ടർ ജലജ് സക്സേനയ്ക്കു മുന്നിൽ ആന്ധ്ര തരിപ്പണമായി. ഇന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കേരളം രഞ്ജി സീസണിലെ ആദ്യജയം നേടും. സ്കോർ: ആന്ധ്ര 254, 8 വിക്കറ്റിന് 102. കേരളം 328. രണ്ടു വിക്കറ്റു ശേഷിക്കെ ആന്ധ്രയ്ക്കു കേരളത്തെക്കാൾ 28 റൺസിന്റെ ലീഡ് മാത്രം. 

ഒരു വിക്കറ്റിന് 227 റൺസ് എന്ന നിലയിൽ വമ്പൻ ലീഡ് ലക്ഷ്യമിട്ട് ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ കേരളം കണക്കുകൂട്ടിയതു പോലെയായിരുന്നില്ല കാര്യങ്ങൾ. കളി തുടങ്ങി അധികം വൈകാതെ ജലജ് 133 റൺസിനും റോഹൻ പ്രേം 47 റൺസിനും പുറത്തായി. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും (21) വി.എ.ജഗദീഷും (20) പെട്ടെന്നു പുറത്തായതോടെ കേരളം 328 റൺസിലൊതുങ്ങി. 74 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 

സ്പിന്നിന് അനുകൂലമായി മാറിയ പിച്ചിൽ രണ്ടാം ഇന്നിങ്സിന്റെ തുടക്കം മുതൽ ജലജ് അപകടം വിതച്ചു. 26 റൺസ് എടുക്കുന്നതിനിടെ ആന്ധ്രയുടെ രണ്ട് ഓപ്പണർമാരെയും മടക്കിയ സക്സേന ആന്ധ്രയെ പിടിച്ചുനിൽക്കാൻ അനുവദിച്ചില്ല. 19 ഓവറിൽ 44 റൺസ് വഴങ്ങിയാണ് സക്സേന ഏഴു വിക്കറ്റുകൾ നേടിയത്. 

കേരളത്തിന്റെ  ഭാഗ്യതാരം

തിരുവനന്തപുരം∙ മധ്യപ്രദേശുകാരൻ ജലജ് സക്സേന ഒരിക്കൽക്കൂടി കേരളത്തിന്റെ ഭാഗ്യതാരമാകുന്നു. കഴിഞ്ഞ സീസണിൽ കേരളത്തെ ക്വാർട്ടറിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതു ജലജ് സക്സേനയുടെ ഓൾ റൗണ്ട് മികവാണ്. 44 വിക്കറ്റുമായി ബോളർമാരുടെ പട്ടികയിൽ രാജ്യത്ത്  ഒന്നാമതെത്തിയ ജലജ് 522 റൺസും നേടി. മികച്ച ഓൾറൗണ്ടർക്കുള്ള ബിസിസിഐ പുരസ്കാരവും നേടി. നാലു വർഷത്തിനിടെ മൂന്നാമത്തെ ഓൾ റൗണ്ടർ പുരസ്കാരമായിരുന്നു ഇത്. 

 സ്ഥിരമായി മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിൽ ഇടം നേടാൻ ജലജിനു കഴിഞ്ഞിട്ടില്ല. 31 വയസ് അധികമല്ലെന്നും ഇനിയും സമയമുണ്ടെന്നുമാണ് ജലജിന്റെ ആത്മവിശ്വാസം.