Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികം ‘കളിക്കേണ്ട’, കേരളത്തിനെതിരെ 15 ഓവർ മതി: ഷമിയോട് ബിസിസിഐ

Muhammed-Shami

കൊൽക്കത്ത∙ കേരളത്തിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കളിക്കാൻ ഇന്ത്യൻ ടീമിൽ അംഗമായ ബംഗാൾ താരം മുഹമ്മദ് ഷമിക്ക് കടുത്ത നിബന്ധനകളോടെ ബിസിസിഐ അനുമതി നൽകി. ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കേണ്ടതിനാലാണ് ഷമിക്കു മേൽ ബിസിസിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് കേരളം–ബംഗാൾ രഞ്ജി ട്രോഫി മൽസരം.

ബിസിസിഐയുടെ നിബന്ധനയനുസരിച്ച് ഒരു ഇന്നിങ്സിൽ പരമാവധി 15 ഓവർ ബോൾ ചെയ്യാനേ ഷമിക്ക് അനുമതിയുള്ളൂ. ഒരു സ്പെല്ലിൽ പരമാവധി മൂന്ന് ഓവർ ബോൾ ചെയ്യാം.  ഇതിനു പുറമെ എല്ലാ ദിവസവും മൽസരത്തിനുശേഷം ഷമിയുടെ ശാരീരികക്ഷമത പരിശോധിച്ച് അതുൾപ്പെടെയുള്ള വിവരങ്ങൾ ഇന്ത്യൻ ടീമിന്റെ ഫിസിയോയ്ക്ക് സമർപ്പിക്കാനും ബംഗാൾ ക്രിക്കറ്റ് ടീം മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ നിബന്ധനകളെല്ലാം അനുസരിച്ച് ഷമിയെ കളിപ്പിക്കാൻ തയാറാണെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. താരത്തെ 16 അംഗ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. 

ഓസ്ട്രേലിയ്ക്കെതിരായ നാല് മൽസരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യയുടെ പേസ് ആയുധങ്ങളിൽ മുൻപന്തിയിലാണ് ഷമിയുടെ സ്ഥാനം. ഈ സാഹചര്യത്തിൽ രഞ്ജി ട്രോഫിയിൽ കളിച്ച് താരം ക്ഷീണിതനാകാതിരിക്കാനുള്ള മുൻകരുതലാണ് ബിസിസിഐയുടെ നിയന്ത്രണങ്ങൾ.

അതേസമയം, മൽസരത്തിന്റെ ഗതി മാറ്റിമറിക്കാൻ ഷമിയുടെ 15 ഓവറുകൾ തന്നെ ധാരാളമാണെന്നാണ് ബംഗാൾ ടീം നായകൻ മനോജ് തിവാരിയുടെ അഭിപ്രായം.

‘എപ്പോഴും ദേശീയ ടീമിന്റെ താൽപര്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം. അതുകൊണ്ടുതന്നെ ബിസിസിഐയുടെ നിയന്ത്രണങ്ങൾ അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്. അല്ലെങ്കിലും ഷമിക്ക് കൂടുതൽ ഓവറുകൾ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇത്തരമൊരു പിച്ചിൽ മറ്റു ബോളർമാർക്കൊപ്പം വേണ്ടതു ചെയ്യാൻ ഷമിക്കു സാധിക്കുമെന്ന ഉറച്ച വിശ്വാസം ടീമിനുണ്ട്’ – തിവാരി പറഞ്ഞു.