Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ വിരമിക്കാൻ കാരണം ധോണിയല്ല: ക്യാപ്റ്റൻ കൂളിനെ ‘കുറ്റവിമുക്തനാക്കി’ ലക്ഷ്മൺ

laxman-dhoni വി.വി.എസ്. ലക്ഷ്മൺ, മഹേന്ദ്രസിങ് ധോണി

ഹൈദരാബാദ് ∙ താൻ ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ കാരണം ധോണിയുമായുള്ള പ്രശ്നങ്ങളാണെന്നതു ചിലരുടെ തെറ്റിദ്ധാരണ മാത്രമാണെന്നു വി.വി.എസ് ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. ജന്മനാടായ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം ആത്മകഥയായ ‘281 ആൻഡ് ബിയോണ്ട്’ പ്രകാശനവേളയിലാണു ലക്ഷ്മൺ ധോണിയെ ‘കുറ്റവിമുക്തനാ’ക്കിയത്. ‘‘എന്റെ നാവിൽ നിന്നു വീണു പോയ ചില വാക്കുകളാണ് ആ ഊഹാപോഹത്തിനു വഴിയൊരുക്കിയത്. ഇക്കാര്യം പലതവണ തിരുത്തിയതാണെങ്കിലും താൻ വിരമിക്കാൻ കാരണം ധോണിയാണെന്ന് ഇപ്പോഴും പലരും ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലക്ഷ്മൺ പറഞ്ഞു. അടുത്തിടെ പുറത്തിറക്കിയ ‘281ഉം അതിനപ്പുറവും’ എന്ന ആത്മകഥയിലാണ് ലക്ഷ്മൺ ഇക്കാര്യം വ്യക്തമാക്കിയത്.

2012 ഓഗസ്റ്റിൽ ന്യൂസീലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും അതിനു മുൻപെ ലക്ഷ്മൺ വിരമിക്കൽ പ്രഖ്യാപിച്ചത് ഒട്ടേറെ അഭ്യൂഹങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ലക്ഷ്മണിനു പുറമെ വീരേന്ദർ സേവാഗ്, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ ഒരുപിടി മഹാരഥൻമാരുടെ വിരമിക്കലിനു കാരണം മഹേന്ദ്രസിങ് ധോണിയാണെന്ന സംസാരം ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാണ്. ഇതിനിടെയാണ്, ‘തന്റെ വിരമിക്കലിനു കാരണം’ ധോണിയല്ലെന്ന ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ.

ആത്മകഥയിൽ ധോണിയെക്കുറിച്ച് ലക്ഷ്മൺ എഴുതിയത് ഇങ്ങനെ:

എം.എസ്. ധോണിയുടെ ശാന്തതയും സമചിത്തതയും എക്കാലവും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 2011ലെ ഇംഗ്ലണ്ട് പര്യടനം വരെ ധോണിക്കു കീഴിൽ ഇന്ത്യ വിജയങ്ങൾ മാത്രം നേടുന്ന ടീമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിൽ നമ്മൾ 4–0ന് ടെസ്റ്റ് പരമ്പര കൈവിട്ടു. ആ വർഷം അവസാനം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യത്തെ മൂന്നു ടെസ്റ്റുകളും തോറ്റ് മറ്റൊരു സമ്പൂർണ തോൽവിയെ അഭിമുഖീകരിച്ചു. ഇതോടെ ഞാനുൾപ്പെടെയുള്ള മിക്ക താരങ്ങളും ആകെ അസ്വസ്ഥരായി.

എന്നാൽ, ക്യാപ്റ്റന്റെ അധികഭാരം ചുമലിലുണ്ടായിരുന്നിട്ടും ധോണി അക്ഷോഭ്യനായിരുന്നു. ഒരിക്കൽപ്പോലും ധോണി ശബ്ദമുയർത്തി സംസാരിച്ചിട്ടില്ല. തോൽവിയിൽ നിരാശനാണെന്ന തോന്നൽ ഒരിക്കലും ഉണർത്തിയില്ല. നിസഹായനാണെന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്റെ നിരാശ കണ്ട് ധോണി ഒരിക്കൽ പറഞ്ഞു. ‘ലച്ചി ഭായ്, ഇങ്ങനെ നിരാശപ്പെട്ടിട്ട് എന്താണ് കാര്യം? ഇത് നമ്മുടെ പ്രകടനം കൂടുതൽ മോശമാക്കുകയേ ഉള്ളൂ.’ – ടീം നേരിടുന്ന പ്രശ്നത്തെ തികച്ചും വേറിട്ടൊരു തലത്തിൽ കാണാനായിരുന്നു ധോണിയുടെ ശ്രമം.

ധോണിയെക്കുറിച്ചുള്ള എന്റെ സുന്ദരമായൊരു ഓർമ, നാഗ്പുരിൽ എന്റെ നൂറാം ടെസ്റ്റിന്റെ സമയത്ത് അദ്ദേഹം ടീം ബസിന്റെ ഡ്രൈവറായതാണ്. അന്ന് ധോണിയാണ് ബസ് ഓടിച്ച് ഞങ്ങളെ സ്റ്റേഡിയത്തിൽനിന്ന് ഹോട്ടലിലെത്തിച്ചത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല – ടീമിന്റെ ക്യാപ്റ്റൻ ബസ് ഓടിച്ച് സഹതാരങ്ങളെ ഹോട്ടലിലെത്തിക്കുന്നു! അനിൽ കുംബ്ലെ വിരമിച്ച ശേഷം ക്യാപ്റ്റനെ നിലയിൽ ധോണിയുടെ ആദ്യ ടെസ്റ്റായിരുന്നു ഇത്. എന്നാൽ അതിന്റെ സമ്മർദ്ദമോ ആശങ്കയോ ഒന്നും ധോണിക്കുണ്ടായിരുന്നില്ല. ധോണി എന്നും അങ്ങനെയായിരുന്നു. എപ്പോഴും ചിരിച്ചുകളിച്ച്, വളരെ എളിമയോടെ പെരുമാറുന്ന ഒരു മനുഷ്യൻ.

ആ സന്തോഷവും ചിരിയുമൊന്നും ധോണിക്ക് ഒരിക്കലും കൈമോശം വന്നിട്ടില്ല. ധോണിയേപ്പോലെ ശാന്തനായ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ടീമിലേക്കു വരുമ്പോൾ മുതൽ ഞാൻ എന്റെ അവസാന ടെസ്റ്റ് കളിക്കുന്നിടം വരെ ധോണിയുടെ റൂം എല്ലാവർക്കുമായി തുറന്നിട്ടിരുന്നു. അക്കാലത്തിനിടയ്ക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി ധോണി പേരെടുത്തിരുന്നു എന്നോർക്കണം. എന്നിട്ടും രാത്രി ഉറങ്ങാൻ പോകുന്നതുവരെ തന്റെ മുറിയുടെ വാതിൽ അദ്ദേഹം എല്ലാവർക്കുമായി തുറന്നിട്ടു.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിക്കാനെത്തിയപ്പോൾ, എനിക്കു നേരെ ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. ‘ഇക്കാര്യം സഹതാരങ്ങളെ അറിയിച്ചോ’ എന്നായിരുന്നു ചിലരുടെ ചോദ്യം. ‘അറിയിച്ചു’ എന്നു ‍ഞാൻ മറുപടി നൽകി. ‘വിരമിക്കുന്ന കാര്യം ധോണിയുമായി സംസാരിച്ചോ’ എന്നായിരുന്നു മറ്റൊരു ചോദ്യം. ‘അദ്ദേഹം എങ്ങനെ പ്രതികരിച്ചു’ എന്നും അവർ ആരാഞ്ഞു.

‘ധോണിയെ ഒന്നു കാണാൻ തന്നെ എന്തു ബുദ്ധിമുട്ടാണെന്ന് എല്ലാവർക്കും അറിയാമല്ലോ’ എന്നു ഞാൻ തമാശരൂപേണ പറഞ്ഞു. എന്നാൽ, എന്റെ ക്രിക്കറ്റ് ജീവിതത്തില ഏറ്റവും വലിയ വിവാദമായി ഇതു മാറുമെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

അറിയാതെയാണെങ്കിലും മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള വകയൊരുക്കുകയായിരുന്നു ഞാൻ. ‘ധോണിയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഞാൻ പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്’ എന്നൊക്കെയായിരുന്നു കഥ. ഞാൻ ഉദ്ദേശിക്കാത്ത കാര്യമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും എനിക്ക് അന്നത് അത്ര തമാശയായി തോന്നിയില്ല. പിറ്റേന്നത്തെ ഒരു പത്രത്തിന്റെ ഹെഡിങ് പോലും ഇങ്ങനെയായിരുന്നു; ‘വിവിഎസ്, റിട്ടയേർഡ് ഹർട്ട്’ !

സംഭവം കൈവിട്ടുപോയെങ്കിലും അവസാന ടെസ്റ്റിന്റെ അവസാന ദിനം വരെ ഞാൻ കാത്തിരുന്നു. മൽസരം പൂർത്തിയായ ശേഷം ടീമംഗങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫിലെ അംഗങ്ങളെയും വെവ്വേറെ കണ്ട് നന്ദിയറിയിച്ചു. ധോണിയെ കാണാനെത്തിയപ്പോൾ എന്നെ നോക്കി അദ്ദേഹം പൊട്ടിച്ചിരിച്ചു.

‘ലക്ഷ്മൺ ഭായ്, ഇത്തരം വിവാദങ്ങൾ നിങ്ങൾക്കത്ര പരിചിതമല്ലായിരിക്കും. എനിക്കു പക്ഷേ അങ്ങനെയെല്ല. ഈ വിവാദമൊന്നും മനസ്സിൽ വയ്ക്കരുത്. ചില സമയത്ത് വസ്തുതകൾ നല്ലൊരു വാർത്തയുടെ രൂപത്തിലായിരിക്കില്ല വരുന്നത് എന്ന് നമുക്കെല്ലാം അറിയാമല്ലോ’ എന്നു പറഞ്ഞു എന്നെ ആലിംഗനം ചെയ്തു. കാര്യങ്ങളെ ഇത്ര ലഘുവായി കാണാനുള്ള ധോണിയുടെ കഴിവിൽ വീണ്ടും വീണ്ടും ഞാൻ അതിശയിച്ചുപോയി. 

എന്റെ വിരമിക്കലിനു കാരണം ധോണിയല്ലെന്ന് പലകുറി ആവർത്തിട്ടും ‘ധോണി കാരണമാണ് ഞാൻ വിരമിച്ചതെന്ന് എന്നോടു പോലും പറയുന്ന (ചോദിക്കുകയല്ല, പറയുകയാണ്) ആളുകൾ ഇന്നുമുണ്ട്. ഇതിനെക്കുറിച്ചൊന്നും ചിന്തിച്ച് തല പുകയ്ക്കേണ്ടതില്ലെന്ന് ഞാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു!

related stories