Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷായ്ക്കും വിഹാരിക്കും വീണ്ടും ഫിഫ്റ്റി; സമനില തെറ്റാതെ ഓസീസ് ‘ടെസ്റ്റി’ന് ഇന്ത്യ

hanuma-vihari-batting ഹനുമ വിഹാരി (ഫയൽ ചിത്രം)

മൗണ്ട് മൗൺഗാന്യൂ (ന്യൂസീലൻഡ്)∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ന്യൂസീലൻഡിൽ പരിശീലന മൽസരത്തിനെത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഒരുക്കം തകർത്തു. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ഓപ്പണർ പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവർക്കൊപ്പം ആദ്യ ഇന്നിങ്സിൽ ഫോം കണ്ടെത്താനാകാതെ പോയതിന്റെ വിഷമം തീർക്കുന്ന പ്രകടനത്തോടെ മുരളി വിജയ്, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരും നിറഞ്ഞു കളിച്ചതോടെ, ന്യൂസീലൻഡ് എയ്ക്കെതിരെ സമനിലയുടെ വിരസതയ്ക്കിടയിലും ഇന്ത്യ പരിശീലനം ഗംഭീരമാക്കി. വെറും ഒൻ‌പതു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നാലാം ചായസമയത്ത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു നിൽക്കെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിലുള്ള മുൻനിര ബാറ്റ്സ്മാൻമാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. ഓപ്പണർ പൃഥ്വി ഷാ (53 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 50), ഹനുമ വിഹാരി (63 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും സഹിതം 51) എന്നിവര്‍ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടി ഫോം വെളിവാക്കി.

ആദ്യ ഇന്നിങ്സിൽ ശ്രദ്ധേയമായ പ്രകടനത്തിനു സാധിക്കാതെ പോയ മുരളി വിജയ് ആണ് രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറർ. 113 പന്തിൽ എട്ടു ബൗണ്ടറി സഹിതം 60 റൺസെടുത്താണ് വിജയ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ മായങ്ക് അഗർവാൾ രണ്ടാം ഇന്നിങ്സിൽ 70 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസെടുത്ത് പുറത്തായി. ഓസീസ് പര്യടനത്തിനുള്ള ടീമിൽ അഗർവാൾ അംഗമല്ല. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടാനാകാതെ പോയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ രണ്ടാം ഇന്നിങ്സിൽ 94 പന്തിൽ നാലു ബൗണ്ടറി സഹിതം 41 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ പൃഥ്വി ഷാ (88 പന്തിൽ 62), മായങ്ക് അഗർവാൾ (108 പന്തിൽ 65), ഹനുമ വിഹാരി (150 പന്തിൽ 86), പാർഥിവ് പട്ടേൽ (136 പന്തിൽ 94), വിജയ് ശങ്കർ (96 പന്തിൽ 62) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു. കൃഷ്ണപ്പ ഗൗതം 73 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 47 റൺസുമെടുത്തു.

ബാറ്റ്സ്മാൻമാർ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞെങ്കിലും താരതമ്യേന പുതുമുഖങ്ങളുമായി കളിച്ച ന്യൂസീലൻഡ് എയ്ക്കെതിരെ ബോളർമാർ വിയർത്തത് ഇന്ത്യയ്ക്ക് നിരാശയായി. ന്യൂസീലൻഡിനെ ഓൾഔട്ടാക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇന്ത്യൻ സ്കോറിന് ഒൻപതു റൺസ് മാത്രം അകലെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 458 റൺസെടുത്ത് അവർ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അവസാന വിക്കറ്റിൽ ന്യൂസീലൻഡ് 83 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇന്ത്യയ്ക്ക് ഈ സഖ്യം പിരിക്കാനായില്ല!

related stories