Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കേറ്റത്തിനും വഴക്കിനുമില്ലെന്ന പ്രസ്താവന; കോഹ്‍ലിയെ ‘ട്രോളി’ ജോൺസൻ, കുമ്മിൻസ്

kohli-dhawan മിച്ചൽ ജോൺസൻ ട്വീറ്റ് ചെയ്ത ചിത്രം.

സിഡ്നി∙ ഇത്തവണ ഓസ്ട്രേലിയൻ പര്യടനത്തിൽ ‘നല്ല കുട്ടി’യാകാനുള്ള ശ്രമത്തിലാണെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ ഓസ്ട്രേലിയൻ താരങ്ങൾ വിടുന്ന ലക്ഷണമില്ല. തന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആരുമായും വാഗ്വാദത്തിനു പോകേണ്ട കാര്യമില്ലെന്നു വ്യക്തമാക്കി ഓസ്ട്രേലിയയിലേക്കു പോകുന്നതിനു മുൻപേ കോഹ‍്‍ലി രംഗത്തെത്തിയെങ്കിലും അതു ‘കണ്ടറിയണ’മെന്ന നിലപാടിലാണ് ഓസീസ് താരങ്ങൾ. ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ച് മുൻ‌ താരം മിച്ചൽ ജോൺസനും ഇപ്പോഴത്തെ താരം പാറ്റ് കുമ്മിൻസും രംഗത്തെത്തുകയും ചെയ്തു.

ഓസീസ് പര്യടനത്തിനായി പുറപ്പെടും മുൻപ് മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ്, ‘കൂടുതൽ ഊർജം ലഭിക്കാനും അതുവഴി പ്രകടനം മെച്ചപ്പെടുത്താനും ആരുമായും വഴക്കുണ്ടാക്കേണ്ട കാര്യം തനിക്കില്ലെന്ന്’ കോഹ്‍ലി വ്യക്തമാക്കിയത്. തനിക്കു സ്വന്തം കഴിവിൽ ഉറച്ച വിശ്വാസമുണ്ടെന്നും വഴക്കുണ്ടാക്കി ഊർജം കണ്ടെത്തി റൺസ് നേടേണ്ട കാര്യമില്ലെന്നും കോഹ്‍ലി വ്യക്തമാക്കിയിരുന്നു.

എന്നാൽ, വാഗ്വാദവും വാക്കേറ്റവുമില്ലാതെ കോഹ്‍ലി കളിക്കുമോയെന്ന് കണ്ടുതന്നെ അറിയേണ്ടി വരുമെന്ന് ജോൺസനും പാറ്റ് കുമ്മിൻസും അഭിപ്രായപ്പെട്ടു. ‘കളത്തിൽ അനാവശ്യമായി വികാരഭരിതനാകില്ലെന്ന് കോഹ്‍ലി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞതായി കേട്ടു. കോഹ്‍ലി അങ്ങനെ പെരുമാറിയാൽ അതു തീർച്ചയായും അദ്ഭുതമായിരിക്കും’ – കുമ്മിൻസ് പറഞ്ഞു.

മുൻ ഓസീസ് താരം മിച്ചൽ ജോൺസനും കോഹ്‍ലിയുടെ പ്രസ്താവനയെ ‘ട്രോളി’ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ജോൺസന്റെ പ്രതികരണം. മുൻപ് കോഹ്‍ലിയുമായി ചൂടൻ സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുള്ള താരം കൂടിയാണ് ജോൺസൻ. ‘വഴക്കിനും വാഗ്വാദത്തിനും ഇല്ലാത്ത കോഹ്‍ലി ഓസ്ട്രേലിയയിൽ കളിക്കുന്നതു കാണാൻ കാത്തിരിക്കുന്നു’ എന്നായിരുന്നു ജോൺസന്റെ ട്വീറ്റ്.

അതിനിടെ, പൊതുജനങ്ങളുമായും മാധ്യമങ്ങളുമായുമുള്ള ഇടപെടലിൽ കുറച്ചുകൂടി എളിമയാകാമെന്ന് ബിസിസിഐ ഇടക്കാല ഭരണ സമിതി, ഓസ്ട്രേലിയയിലേക്കു പോകും മുൻപ് കോഹ്‍ലിക്കു നിർദ്ദേശം നൽകിയിരുന്നു. പ്രകോപനപരമായ കമന്റിട്ട് ആരാധകനോട് ‘രാജ്യം വിടാൻ’ നിർദ്ദേശിച്ച് പുലിവാൽ പിടിച്ച സാഹചര്യത്തിലായിരുന്നു ഇത്.

related stories