Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 ദിവസവും 10 വിക്കറ്റും കയ്യിൽ, ജയിക്കാൻ 137 റൺസ്; നാലു റൺസിന് പാക്കിസ്ഥാൻ തോറ്റു!

new-zealand-players-celebrate ന്യൂസീലൻഡ് താരങ്ങളുടെ വിജയാഹ്ലാദം.

അബുദാബി∙ ഇങ്ങനെയൊക്കെ തോൽക്കാൻ പാക്കിസ്ഥാനു മാത്രമേ കഴിയൂ! ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിജയമുറപ്പിച്ച അവസ്ഥയിലായിരുന്ന പാക്കിസ്ഥാൻ, അവിശ്വസനീയമായ കൂട്ടത്തകർച്ചയിലേക്കു കൂപ്പുകുത്തി നാലാം ദിനം ദയനീയമായി തോറ്റു. അതും വെറും നാലു റൺസിന്. അരങ്ങേറ്റ മൽസരം കളിക്കുന്ന അജാസ് പട്ടേലിന്റെ രണ്ടാം ഇന്നിങ്സിലെ ഉജ്വല ബോളിങ് പ്രകടനമാണ് ന്യൂസീലൻഡിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. 176 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ, 171 റൺസിന് എല്ലാവരും പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ നാലാമത്തെ വിജയമാണ് ന്യൂസീലൻഡിന്റേത്.

മൂന്നാമനായി ഇറങ്ങി അവസാനം വരെ പൊരുതിനോക്കിയ അസ്ഹർ അലി പത്താമനായി പുറത്തായതോടെയാണ് പാക്കിസ്ഥാൻ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. അസ്ഹർ അലിയെ വിക്കറ്റിനു മുന്നിൽ കുരുക്കി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിന് എന്നെന്നും ഓർമിക്കുന്നൊരു അരങ്ങേറ്റവും. പട്ടേലാണ് കളിയിലെ കേമൻ. രണ്ടു വിക്കറ്റ് വീഴ്ത്തി ഒരു വശത്ത് കനത്ത സമ്മർദ്ദം ചെലുത്തി പാക്കിസ്ഥാനെ വിരട്ടിയ നീൽ വാഗ്‍നറിന്റെ പ്രകടനവും എടുത്തു പറയണം. ഇതോടെ മൂന്നു മൽസരങ്ങൾ അടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തി.

സ്കോർ: ന്യൂസീലൻഡ് – 153 & 249. പാക്കിസ്ഥാൻ – 227 & 171

176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 37 റൺസ് എന്ന നിലയിലായിരുന്നു. ഇമാമുൽ ഹഖ് 25 റൺസോടെയും മുഹമ്മദ് ഹഫീസ് എട്ടു റൺസോടെയും ക്രീസിൽ. രണ്ടു ദിവസവും 10 വിക്കറ്റും ശേഷിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് വെറും 137 റൺസ്.

എന്നാൽ, അകലെ നിൽക്കുന്ന വിജയം എത്തിപ്പിടിക്കാനുള്ള ആവേശത്തിൽ തകർത്തെറിഞ്ഞ കിവീസ് ബോളർമാർ തുടക്കം മുതലേ പ്രതീക്ഷ നിലനിർത്തി. പാക്കിസ്ഥാൻ വിക്കറ്റ് പോകാതെ 40 റൺസ് വരെയെത്തിയെങ്കിലും ഇമാമുലിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഇജാസ് പട്ടേൽ ആദ്യ പ്രഹരമേൽപ്പിച്ചു. 33 പന്തിൽ നാലു ബൗണ്ടറികൾ സഹിതം 27 റൺസുമായി ഇമാമുൽ പുറത്ത്. എട്ടു റൺസിനിടെ രണ്ടു വിക്കറ്റുകൾ കൂടി പിഴുതി കിവീസ് ബോളർമാർ പാക്കിസ്ഥാനെ മൂന്നിന് 48 എന്ന നിലയിലേക്ക് തള്ളിവിട്ടു. മുഹമ്മദ് ഹഫീസ് (44 പന്തിൽ 10), ഹാരിസ് സുഹൈൽ (മൂന്നു പന്തിൽ നാല്) എന്നിവരെ ഒരേ ഓവറിൽ മടക്കിയ ഇഷ് സോധിയുടെ ഇരട്ടപ്രഹരമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

നാലാം വിക്കറ്റിൽ ഒരുമിച്ച അസ്ഹർ അലി–ആസാദ് ഷഫീഖ് സഖ്യം പോരാട്ടം വീണ്ടും ന്യൂസീലൻഡ് ക്യാംപിലേക്കു നയിച്ചു. പതുക്കെ തുടങ്ങി അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത സഖ്യം പാക്കിസ്ഥാനെ അനായാസം വിജയത്തിലെത്തിക്കുമെന്നു തോന്നിച്ചു. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 82 റൺസ്. എന്നാൽ സ്കോർ 130ൽ നിൽക്കെ ആസാദ് ഷഫീഖ് പുറത്തായത് മൽസരത്തിലെ വഴിത്തിരിവായി. നീൽ വാഗ്‌നറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വാട്‍ലിങ്ങിനു ക്യാച്ചു സമ്മാനിച്ചു മടങ്ങുമ്പോൾ അതൊരു കൂട്ടത്തകർച്ചയുടെ തുടക്കമാണെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ പോലും കരുതിക്കാണില്ല. കാരണം അപ്പോഴും ആറു വിക്കറ്റുകൾ കയ്യിലിരിക്കെ പാക്കിസ്ഥാന് വിജയം 46 റൺസ് മാത്രം അകലെയായിരുന്നു.

അഞ്ചാം വിക്കറ്റിൽ ബാബർ അസമിനെ കൂട്ടുപിടിച്ച് മുന്നോട്ടു പോയ അസ്‍ഹർ അലി പാക് സ്കോർ 150നോട് അടുപ്പിച്ചു. എന്നാൽ, സ്കോർ 147ൽ നിൽക്കെ ബാബർ അസം റണ്ണൗട്ടായതോടെ പാക്കിസ്ഥാന്റെ പോരാട്ടം തീർന്നു! 21 പന്തിൽ ഒരു ബൗണ്ടറി സഹിതം 13 റൺെസടുത്താണ് ബാബർ അസം കൂടാരം കയറിയത്.

ഒരറ്റത്ത് അസ്ഹർ അലി ഉറച്ചുനിന്നെങ്കിലും മറുവശം പൊളിച്ചുനീക്കിയ കിവീസ് ബോളർമാർ അപ്രതീക്ഷിത വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് (ഏഴു പന്തിൽ മൂന്ന്), ബിലാൽ ആസിഫ് (പൂജ്യം), ഹസൻ അലി (പൂജ്യം) എന്നിവർ അജാസ് പട്ടേലിന്റെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ കീഴടങ്ങി. പത്താം വിക്കറ്റിൽ മുഹമ്മദ് അബ്ബാസും അസ്ഹർ അലിയും ഒരുമിക്കുമ്പോൾ പാക്കിസ്ഥാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസ്. ഇരുവരും എട്ട് ഓവറിലധികം പ്രതിരോധിച്ചുനിന്നെങ്കിലും പോരാട്ടം നാലു റൺസ് അകലെ അവസാനിച്ചു. അസ്ഹർ അലിയെ എൽബിയിൽ കുരുക്കിയ അജാസ് പട്ടേൽ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചു. പാക്കിസ്ഥാൻ ഡിആർഎസ് ഉപയോഗപ്പെടുത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അതും വൃഥാവിലായി.

related stories