Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡക്ക്‌വർത്തും ലൂയിസും പിന്നെയാ 11 പേരും’; ഗാബയിൽ ഇന്ത്യയെ തോൽപ്പിച്ചത് ഇവർ!

kohli-drops-finch-catch ഒന്നാം ട്വന്റി20ക്കിടെ ഓസീസ് നായകൻ ആരോൺ ഫിഞ്ച് നൽകിയ ക്യാച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി കൈവിടുന്നു.

ബ്രിസ്ബേൻ ∙ ‘ഗാബാ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യ തോറ്റത് 11 ഓസ്ട്രേലിയക്കാരോടല്ല, ഇംഗ്ലിഷുകാരായ രണ്ടു പേരോടാണ്; ഡക്ക്‌വർത്തിനോടും ലൂയിസിനോടും.’ ഒന്നാം ട്വന്റി20 പോരാട്ടത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ തമാശയിൽ പാതി കാര്യവുമുണ്ട്! ബ്രിസ്ബേൻ ട്വന്റി20യിൽ ഇന്ത്യ തോറ്റത് ഡക്ക്‌വർത്ത്–ലൂയിസുമാരോടു കൂടിയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തിട്ടും ഇന്ത്യ നാലു റൺസിനു തോറ്റു. കാരണം, ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 ആയി പുനർനിർണയിച്ചിരുന്നു.

മഴപ്പെയ്ത്തിനിടയിലും പോരാട്ടത്തിന്റെ ആവേശം കെടാതെ കാത്തത് ഓപ്പണർ ശിഖർ ധവാനാണ്. 42 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം ധവാൻ നേടിയ 76 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. ധവാൻ പുറത്തയായ ശേഷം ആവേശപ്പോരാട്ടത്തിന്റെ ചൂടും ചൂരും അവസാന ഓവറുകളിലേക്ക് എത്തിച്ചത് രണ്ടു വിക്കറ്റ് കീപ്പർമാരാണ്; ദിനേഷ് കാർത്തിക്കും ഋഷഭ് പന്തും. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് തീർത്ത ഇരുവരും ക്രീസിൽ നിൽക്കുമ്പോൾ 12 പന്തിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 24 റൺസ് മാത്രമായിരുന്നു. കൈവശം ആറു വിക്കറ്റ് ബാക്കിയും!

എന്നാൽ, ബെഹ്റൻഡ്രോഫ് എറിഞ്ഞ 16–ാം ഓവറിൽ ഋഷഭ് പന്തിനും, മാർക്കസ് സ്റ്റോയ്നിസ് എറിഞ്ഞ 17–ാം ഓവറിൽ ദിനേഷ് കാർത്തിക്കിനും പൂർണമായും പിഴച്ചതോടെ ഇന്ത്യ മൽസരം കൈവിട്ടു. അവസാന ഓവർ ബോൾ ചെയ്ത സ്റ്റോയ്നിസിനും നൽകണം വിജയത്തിന്റെ ക്രെഡിറ്റ്. ഈ ഓവറിൽ വിജയത്തിലേക്ക് 13 റൺസ് വേണ്ടിയിരുന്നെങ്കിലും എട്ടു റൺസെടുക്കാനേ ഇന്ത്യയ്ക്കായുള്ളൂ. രണ്ടു വിക്കറ്റും നഷ്ടമാക്കി. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത് ഇന്ത്യയെ വിജയത്തിൽനിന്നും വലിച്ചകറ്റിയ ആദം സാംപയാണ് കളിയിലെ കേമൻ.

∙ മഴനിയമം ‘പണി തന്നത്’ ഈവിധം

മഴമൂലം 17 ഓവറാക്കി ചുരുക്കിയ ആവേശപ്പോരാട്ടത്തിലെ തോൽവിക്ക് മഴയെക്കൂടി പഴിക്കാം ഇന്ത്യയ്ക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ് മാത്രം. എന്നാൽ, ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 17 ഓവറിൽ 174 ആയി പുനർനിശ്ചയിക്കുകയായിരുന്നു. ഓസ്ട്രേലിയ നേടിയതിനേക്കാൾ 15 റൺസ് അധികം. 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ ഇന്ത്യയ്ക്കായുള്ളൂ. ഓസീസിനേക്കാൾ 11 റൺസ് അധികം നേടിയിട്ടും തോറ്റത് നാലു റൺസിന്.

australian-team-celebration

ഡക്ക്‌വർത്ത്–ലൂയിസ് നിയമം ഇന്ത്യക്കു നൽകിയ പണി അതിലും അവസാനിക്കുന്നില്ല. മൽസരം അപ്രതീക്ഷിതമായി 17 ഓവറിൽ അവസാനിച്ചതോടെ ഡെത്ത് ഓവറുകളിലേക്ക് ഇന്ത്യ കാത്തുവച്ച ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വർ കുമാറിന്റെയും രണ്ട് ഓവറുകളാണ് പാഴായത്. ഇവരെ അവസാന ഓവറുകളിലേക്കു കാത്തുവയ്ക്കാൻ, നേരത്തെ പന്തു നൽകിയ ക്രുനാൽ പാണ്ഡ്യയും ഖലീൽ അഹമ്മദും വഴങ്ങിയ റൺസ് കൂടി പരിഗണിക്കുമ്പോഴാണ് ഇവരുടെ ‘എറിയാതെ പോയ’ ഓവറുകളുടെ വില മനസ്സിലാകുക. പാണ്ഡ്യ നാല് ഓവറിൽ വഴങ്ങിയത് 55 റണ്‍സാണ്. ഖലീൽ മൂന്ന് ഓവറിൽ 42 റൺസും. മൂന്ന് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ ഭുവിക്കും 21 റൺസ് വഴങ്ങിയ ബുമ്രയ്ക്കും ഓരോ ഓവർ ചെയ്യാൻ അവസരം കിട്ടിയുമില്ല!

∙ ആദ്യം റൺമഴ, പിന്നെ ശരിക്കും മഴ

ഇന്ത്യയെ കണ്ടപ്പോൾ വിശ്വരൂപം പൂണ്ട ഗ്ലെൻ മാക്സ്‌വെലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 24 പന്തിൽ നാലു പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ 46 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെൽ തന്നെ ഓസീസിന്റെ ടോപ് സ്കോററും. 20 പന്തിൽ ഒരേയൊരു ബൗണ്ടറിയും നാലു പടുകൂറ്റൻ സിക്സും സഹിതം 37 റൺസെടുത്ത ലിന്നിന്റെ പ്രകടനവും നിർണായകമായി. നാലാം വിക്കറ്റിൽ മാർക്കസ് സ്റ്റോയ്നിസിനൊപ്പം മാക്സ്‍വെൽ കൂട്ടിച്ചേർത്ത് 78 റൺസാണ് ഓസീസിന് മികച്ച സ്കോർ ഉറപ്പാക്കിയത്. അതേസമയം, ഫീൽഡിങ്ങിലും അടിതെറ്റിയ ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഖലീൽ അഹമ്മദ് എന്നിവർ ക്യാച്ചു കൈവിട്ടും ഓസീസിനെ ‘സഹായിച്ചു’.

മഴ പെയ്യാൻ തുടങ്ങുമ്പോൾ 16.1 ഓവറിൽ മൂന്നിന് 153 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, മഴ നീണ്ടതോടെ മൽസരം 17 ഓവറാക്കി ചുരുക്കാൻ അംപയർമാർ തീരുമാനിച്ചതോടെ പിന്നീട് ഓസീസിനു നേരിടേണ്ടി വന്നത് അഞ്ചു പന്തുകൾ മാത്രം. മഴയ്ക്കു ശേഷമുള്ള ആദ്യ പന്തിൽ മാക്സ്‍വെല്ലിനെ പുറത്താക്കിയ ബുമ്ര ഓസീസ് ബാറ്റിങ്ങിനെ നിയന്ത്രിച്ചു നിർത്തി. മഴയ്ക്കു ശേഷമുള്ള അഞ്ചു പന്തുകളിൽ ബുമ്ര വിട്ടുകൊടുത്തത് അഞ്ചു റൺസ് മാത്രം. സ്റ്റോയ്നിസ് 19 പന്തിൽ 33 റൺസോടെയും മക്ഡെർമോട്ട് മൂന്നു പന്തിൽ  രണ്ടു റൺസോടെയും പുറത്താകാതെ നിന്നു.

glen-maxwell-vs-india

മാക്സ്‌വെലിനു പുറമെ ഓപ്പണർമാരായ ഡാർസി ഷോർട്ട് (ഏഴ്), ആരോൺ ഫിഞ്ച് (27), ക്രിസ് ലിൻ (37) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ഖലീൽ അഹമ്മദ് ഒന്നും വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ജസ്പ്രീത് ബുമ്ര, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ നാല് ഓവറിൽ 55 റൺസ് വഴങ്ങിയപ്പോൾ, ഖലീൽ അഹമ്മദ് മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങി. 

∙ തിരിച്ചടിക്ക് തുടക്കമിട്ട് ധവാൻ

മഴയുടെ ചെറുകൈ സഹായത്തോടെ ഓസ്ട്രേലിയ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ പ്രകടനം ഇന്ധനമായതാണ്. എന്നാൽ രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്‍ലി എന്നിവരുടെ ബാറ്റുകൾ അപ്രതീക്ഷിതമായി നിശബ്ദമായത് തിരിച്ചടിച്ചു. ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പരിചയക്കുറവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്ത പാണ്ഡ്യ, നിർണായക സമയത്ത് പന്തുകൾ പാഴാക്കിയതും തോൽവിയിൽ നിർണായകമായി. 42 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 76 റൺസ് നേടിയ ധവാനു ശേഷം പോരാട്ടം ഏറ്റെടുത്ത ഋഷഭ് പന്ത് – ദിനേഷ് കാർത്തിക് സഖ്യം അവസാന ഓവർ വരെ ഇന്ത്യയുടെ വിജയസാധ്യത നിലനിർത്തി. രണ്ട് വിക്കറ്റ് കീപ്പർമാരുടെയും കൈകളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് കരുതിയെങ്കിലും അവസാനം ഇരുവർക്കും പിഴച്ചു.

അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 13 റൺസ് മാത്രം. ക്രീസിൽ ക്രുനാൽ പാണ്ഡ്യയും ദിനേഷ് കാർത്തിക്കും. ആദ്യ പന്തിൽ രണ്ടു റൺസുമായി ക്രുനാൽ പാണ്ഡ്യ മികച്ച തുടക്കമിട്ടെങ്കിലും അതേ ആവേശം പിന്നീടു നിലനിർത്താനായില്ല. വേഗം കൂട്ടിയും കുറച്ചുമെല്ലാം ബുദ്ധിപൂർവം പന്തെറിഞ്ഞ മാർക്കസ് സ്റ്റോയ്നിസ് മൽസരം പതുക്കെ ഇന്ത്യയിൽനിന്ന് അകറ്റി. രണ്ടാം പന്തിൽ റണ്ണെടുക്കാനാകാതെ പോയതിന്റെ നിരാശയിൽ അടുത്ത പന്തിൽ വമ്പനടിക്കു മുതിർന്ന് പാണ്ഡ്യ പുറത്തായി. ഇതോടെ സമ്മർദ്ദമേറിയ കാർത്തിക്കും അടുത്ത പന്തിൽ വലിയ ഷോട്ടിനു മുതിർന്ന് പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. പന്ത് 15 പന്തിൽ ഓരോ ബൗണ്ടറിയും സിക്സും സഹിതം 20 റൺസുമായി 16–ാം ഓവറിലും 13 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സുമായി കാർത്തിക് 30 റൺസെടുത്ത് 17–ാം ഓവറിലും പുറത്തായി.

dinesh-karthik

ട്വന്റി20യിൽ പുറത്താകാതെ നിന്ന എട്ടു മൽസരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ച കാർത്തിക്കിന് ഇക്കുറി പിഴച്ചതോടെ ഇന്ത്യ സകല പ്രതീക്ഷകളും കൈവിട്ടത്. ഇത്തവണ പുറത്തായതോടെ അവസാന ഓവറുകളിൽ കാർത്തിക് പുറത്തായ രണ്ടു മൽസരങ്ങളിലും ഇന്ത്യ തോറ്റുവെന്ന കൗതുകവും ബാക്കി! റൺസ് പിന്തുടരുമ്പോൾ ഇന്ത്യയ്ക്കായി കാർത്തിക്കിന്റെ പ്രകടനം ഇങ്ങനെ: 31(28)*, 17(12), 4(1)*, 18(12)*, 2(2)*, 39(25)*, 29(8)*, 31(34)*, 0(0)*, 30(13).  ഇതിൽ കാർത്തിക് പുറത്തായ രണ്ടു മൽസരങ്ങൾ മാത്രമാണ് ഇന്ത്യ തോറ്റത്!

∙ ട്വന്റി20യിൽ ഇത് ‘ധവാൻ വർഷം’

മൽസരത്തിൽ ഇന്ത്യയുടെ ടോപ് സ്കോററായ ധവാൻ ഒരു കലണ്ടർ വർഷത്തിൽ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി. ഈ വർഷം ഇതുവരെ 646 റൺസാണ് ധവാന്റെ സമ്പാദ്യം. 2016ൽ 641 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ റെക്കോർഡാണ് ധവാൻ പിന്തള്ളിയത്.

dhawan-batting

ഫഖർ സമാൻ – 576 (2018), രോഹിത് ശർമ – 567 (2018), ബാബർ അസം – 563 (2018), മുഹമ്മദ് ഷെഹ്സാദ് – 520 (2016), ആരോൺ ഫിഞ്ച് (503 (2018), കോളിന്‍ മൺറോ – 500 (2018) എന്നിവരാണ് പിന്നിലുള്ളത്.

പിൻകുറിപ്പ്: ഇന്ത്യ മൽസരം തോറ്റ ശേഷം വീരേന്ദർ സേവാഗ് നടത്തിയ ട്വീറ്റിലുണ്ട്, കാര്യം. ഓസീസ് 17 ഓവറിൽ നേടിയത് 158 റൺസാണെങ്കിലും, അത്രതന്നെ ഓവറുകളിൽനിന്ന് 169 റൺസ് നേടിയിട്ടും ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് പകുതി തമാശയായും പകുതി കാര്യമായും വീരുവിന്റെ ട്വീറ്റ് എത്തിയത്. ഓസീസിനേക്കാൾ 11 റൺസ് അധികം നേടിയിട്ടും ഇന്ത്യ നാലു റൺസിന് തോറ്റതിനെക്കുറിച്ച് വീരുവിന്റെ കമന്റ് ഇങ്ങനെ:

‘ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ ഉയർന്ന സ്കോർ നേടിയിട്ടും ഇന്ത്യ തോറ്റിരിക്കുന്നു. ഓസ്ട്രേലിയൻ സ്കോറിനൊപ്പം കൂട്ടിച്ചേർത്ത ‘ജിഎസ്ടി’യാണ് പണിപറ്റിച്ചത്. എങ്കിലും ഒരു പരമ്പരയ്ക്കു തുടക്കമിടാൻ പറ്റിയ ആവേശപ്പോരാട്ടമായിരുന്നു ഇത്.’

related stories