Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ 6 ഇന്നിങ്സിൽ അട്ടപ്പട്ടു 0, 0, 0, 1, 0, 0; വിരമിക്കുമ്പോൾ 6 ഇരട്ടശതകം

marvan-attapatu മർവൻ അട്ടപ്പട്ടു (ജൻമദിനത്തിൽ ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)

ശ്രീലങ്കയുടെ ഇതിഹാസ താരം മർവൻ അട്ടപ്പട്ടുവിന് ഇന്ന് 48–ാം ജന്മദിനം. തിരിച്ചടികളിൽനിന്നും അനുപമമായ മെയ്‌വഴക്കത്തോടെ തിരിച്ചുവന്ന് ക്രിക്കറ്റ് ലോകത്ത് തനതായ മേൽവിലാസം സൃഷ്ടിച്ച ഈ ലങ്കൻ താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ അഞ്ച് ഇന്നിങ്സുകളിലെ പ്രകടനം ഇങ്ങനെ: 0, 0, 0, 1, 0, 0. ഏതൊരു യുവതാരവും അണഞ്ഞുപോകുന്ന ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽനിന്ന് തിരിച്ചുവന്ന അട്ടപ്പട്ടു പിന്നീട് ശ്രീലങ്കൻ ടീമിന്റെ നായകനും പരിശീലകനുമൊക്കെയായി മാറിയത് ചരിത്രം.

മാത്രമല്ല, ടെസ്റ്റ് കരിയറിൽ ആറ് ഇരട്ടസെഞ്ചുറി നേടിയും അട്ടപ്പട്ടു ചരിത്രമെഴുതി. ഇതിലും കൂടുതൽ ഇരട്ടസെഞ്ചുറി നേടിയിട്ടുള്ള താരങ്ങൾ ആകെ അഞ്ചുപേർ മാത്രം! അട്ടപ്പട്ടുവിന്റെ ജന്മദിനത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലാണ് ഈ തിരിച്ചുവരവിന്റെ ചരിത്രം ഓർമിപ്പിച്ച് മിന്നും താരത്തിന് ജൻമദിനാശംസകൾ നേര്‍ന്നത്.

അട്ടപ്പട്ടുവിനെക്കുറിച്ച്:

പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ബോഗ്ലെയുടെ അഭിപ്രായത്തിൽ ആധുനിക ക്രിക്കറ്റിന്റെ ചരിത്രത്തിൽ പഠനാർഹമായ ഒരു വ്യക്തിയാണ് മർവൻ അട്ടപ്പട്ടു. അട്ടപ്പട്ടു നേടിയ വിജയങ്ങളേക്കാളേറെ അദ്ദേഹം അതിജീവിച്ച പരാജയങ്ങളാണു നമുക്കു പ്രചോദനമാകുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ച അട്ടപ്പട്ടുവിന് ഇരുപതാമത്തെ വയസ്സിൽ ടെസ്റ്റ് ടീമിൽ ഇടം നേടാൻ കഴിഞ്ഞു. 1990 നവംബറിൽ ഇന്ത്യയ്ക്കെതിരെ ചണ്ഡീഗഢിൽ നടന്ന ആദ്യ ടെസ്റ്റിൽ അട്ടപ്പട്ടുവിന്റെ പ്രകടനം ദയനീയമായിരുന്നു. രണ്ട് ഇന്നിങ്സുകളിൽനിന്ന് ഒരു റൺപോലും നേടാനായില്ല.

ടീമിൽനിന്നു പുറത്തായ അട്ടപ്പട്ടു ക്രിക്കറ്റിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ റണ്ണുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന് 21 മാസങ്ങൾക്കു ശേഷം വീണ്ടും ലങ്കൻ ടെസ്റ്റ് ടീമിൽ ഇടം നേടാനായി. ഇത്തവണയും ഫലം നിരാശ. ആദ്യ ഇന്നിങ്സ് പൂജ്യത്തിനു പുറത്ത്. രണ്ടാമത്തെ ഇന്നിങ്സിൽ ഒരു റൺ മാത്രം. വീണ്ടും ടീമിൽനിന്നു പുറത്തായി. പതിനേഴു മാസക്കാലം ആഭ്യന്തര ക്രിക്കറ്റിൽ മികവ് പ്രകടിപ്പിച്ച അട്ടപ്പട്ടുവിന് മൂന്നാമതൊരു അവസരംകൂടി ലഭിച്ചു. ഇത്തവണയും പ്രകടനം അതി ദയനീയം. രണ്ട് ഇന്നിങ്സുകളിലും സമ്പാദ്യം പൂജ്യം റൺ.

വീണ്ടും ആത്മവിശ്വാസത്തോടെ പരിശ്രമിച്ച അട്ടപ്പട്ടുവിനു മൂന്നു വർഷങ്ങൾക്കു ശേഷം ഒരവസരംകൂടി ലഭിക്കുന്നു. എന്നാൽ ഇത്തവണ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1997 ൽ ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടി. പിന്നീടങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ 5502 റണ്ണുകളും രാജ്യാന്തര ഏകദിന മൽസരങ്ങളിൽ 8529 റണ്ണുകളും സ്വന്തമാക്കിയ അട്ടപ്പട്ടു ശ്രീലങ്കൻ ദേശീയ ടീമിന്റെ നായക സ്ഥാനത്തുമെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ആറു ഡബിൾ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ശ്രീലങ്കൻ താരമാണ് അട്ടപ്പട്ടു.

നിരവധി പരാജയങ്ങളെ അതിജീവിച്ച അട്ടപ്പട്ടു തന്റെ ക്രിക്കറ്റ് കരിയറിൽ 22 തവണയാണ് ഒരു സ്കോർപോലും നേടാനാവാതെ പുറത്താകേണ്ടി വന്നിട്ടുള്ളത്. ക്ഷമാപൂർവം പരിശ്രമിക്കുന്നവർക്കു മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയൂ എന്നതിന് ഉത്തമ ഉദാഹരണമാണ്  അട്ടപ്പട്ടുവിന്റെ ജീവിത വിജയം.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോൾ അട്ടപ്പട്ടുവിന്റെ കരിയർ ഇങ്ങനെ വായിക്കാം:

90 ടെസ്റ്റുകളിലായി 156 ഇന്നിങ്സുകളിൽനിന്ന് 39.02 റൺസ് ശരാശരിയിൽ 5502 രൺസ്. ഇതിൽ 16 സെഞ്ചുറികളും (ആറ് ഇരട്ടസെഞ്ചുറികൾ) 17 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഉയർന്ന സ്കോർ 249 റൺസ്.

268 ഏകദിനങ്ങളിലായി 259 ഇന്നിങ്സുകളിൽനിന്ന് 37.57 റൺസ് ശരാശരിയിൽ 8529 റൺസ്. 11 സെഞ്ചുറികളും 59 അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 132 റൺസ്!

(With inputs from Moncy Varghese)

related stories