Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടുന്നു കിട്ടി ഇവനെ? ധോണിയെക്കുറിച്ച് ഗാംഗുലിയോട് മുഷറഫിന്റെ ചോദ്യം!

musharaff-dhoni-ganguly പർവേസ് മുഷറഫ്, മഹേന്ദ്രസിങ് ധോണി, സൗരവ് ഗാംഗുലി

കൊൽക്കത്ത∙ പിൽക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിഭരിച്ച സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുമൊത്തുള്ള തുടക്കകാലത്തെ അനുഭവങ്ങളിലൊന്ന് ഓർത്തെടുത്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 2005–06 കാലഘട്ടത്തിലെ സംഭവമാണ് പ്രതിപാദ്യം. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ പര്യടനത്തിനായി എത്തിയ സമയം. മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചു തുടങ്ങിയ കാലമായിരുന്നു ഇത്. ധോണിയുടെ നീട്ടിയ മുടിയും വന്യമായ ആക്രമണശൈലിയും ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്ന കാലം. ധോണിയുടെ ആദ്യ പാക്കിസ്ഥാൻ പര്യടനം കൂടിയായിരുന്നു അത്.

പാക്കിസ്ഥാൻ പര്യടനത്തിലും ധോണി മോശമാക്കിയില്ല. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4–1ന് ജയിക്കുമ്പോൾ ശ്രദ്ധ കവർന്ന താരങ്ങളിലൊരാൾ ധോണിയായിരുന്നു. ആദ്യ ഏകദിനത്തിൽ 53 പന്തിൽ 68 റൺസെടുത്താണ് ധോണി വരവറിയിച്ചത്. സച്ചിൻ തെൻഡുൽക്കർ സെഞ്ചുറി നേടിയ ഈ മൽസരത്തിൽ ഇന്ത്യ 328 റൺസ് നേടിയെങ്കിലും മഴ തടസ്സപ്പെടുത്തിയ മൽസരം ഡക്ക്‌വർത്ത്–ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തിൽ പാക്കിസ്ഥാൻ ഏഴു റൺസിനു ജയിച്ചു.

എന്നാൽ തുടർന്നുള്ള നാലു മൽസരങ്ങളും ഇന്ത്യ ജയിച്ചു. ഇതിൽ രണ്ടാം ഏകദിനത്തിൽ ധോണി ബാറ്റിങ്ങിന് ഇറങ്ങും മുൻപേ ഇന്ത്യ ജയിച്ചു. അടുത്ത മൂന്നു മൽസരങ്ങളിലും രണ്ടാമതു ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി പുറത്താകാതെ നിന്ന് ധോണി സമ്മാനിച്ച് എന്നെന്നും ഓർമിക്കാൻ മൂന്ന് തകർപ്പൻ വിജയങ്ങൾ. മൂന്നാം ഏകദിനത്തിൽ 46 പന്തിൽ പുറത്താകാതെ 72 റൺസ് േനടിയാണ് ധോണി ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. നാലാം ഏകദിനത്തിൽ പുറത്താകാതെ രണ്ടു റൺസ് നേടിയപ്പോഴേയ്ക്കും വിജയം കയ്യിലായി. അഞ്ചാം ഏകദിനത്തിൽ 56 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 77 റൺസെടുത്ത് പുറത്താകാതെ നിന്ന ധോണി, മൂന്നാം വിക്കറ്റിൽ യുവരാജിനൊപ്പം 146 റൺസിന്റെ കൂട്ടുകെട്ടും തീർത്തു. തുടർന്നു നടന്ന ടെസ്റ്റ് പരമ്പരയിലും ധോണി സെഞ്ചുറി നേടി.

ധോണി കത്തിനിന്ന ഈ പരമ്പരയ്ക്കിടെ, ധോണിയുടെ നീളൻ മുടിയോടുള്ള ഇഷ്ടം മുഷറഫ് വെളിപ്പെടുത്തിയത് അന്ന് വാർത്തയായിരുന്നു. ഈ മുടി മുറിക്കരുതെന്നും അന്ന് മുഷറഫ് ധോണിയോട് സ്നേഹപൂർവം ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ, പരമ്പരയ്ക്കിടെ മുഷറഫുമായി കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യത്തെക്കുറിച്ചാണ് ഗാംഗുലി ഓർമിച്ചത്.

‘നിങ്ങൾക്ക് ഇവനെ എവിടെനിന്നു കിട്ടി?’ 

മുഷറഫിന് അറിയേണ്ടിയിരുന്നത് ഇത്രമാത്രം. പരമ്പരയിൽ ധോണിയുടെ പ്രകടനം കണ്ട ഓരോ പാക്കിസ്ഥാൻകാരനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം.

ഇതിനുള്ള ഗാംഗുലിയുടെ മറുപടിയും രസകരമായിരുന്നു. ‘വാഗാ ബോർഡറിലൂടെ നടക്കുമ്പോഴാണ് ധോണിയെ കണ്ടത്. ഉടനെ വലിച്ച് ഇന്ത്യയിലേക്കിട്ട് ഞങ്ങൾ സ്വന്തമാക്കി.’

related stories