Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റിൽ ഒറ്റ ദിവസം 10 വിക്കറ്റ്; കുംബ്ലെയുടെ റെക്കോർഡിനൊപ്പം യാസിർ, ഈ നൂറ്റാണ്ടിൽ ആദ്യം!

yasir-sha-celebration യാസിർ ഷാ.

അബുദാബി∙ ടെസ്റ്റിൽ ഒറ്റ ദിവസം 10 വിക്കറ്റ് വീഴ്ത്തുക! 21–ാം നൂറ്റാണ്ടിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോളറെന്ന നേട്ടം പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷായ്ക്ക്. അബുദാബിയിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് യാസിർ ഈ അപൂർവനേട്ടം കൈവരിച്ചത്. ഇന്ത്യൻ താരം അനിൽ കുംബ്ലെയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് യാസിർ. 1999 ഫെബ്രുവരി ഏഴിന് പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം. അതുപക്ഷേ, ഒറ്റ ഇന്നിങ്സിൽ നിന്നായിരുന്നെങ്കിൽ യാസിറിന്റേത് രണ്ട് ഇന്നിങ്സിലായിട്ടാണെന്ന വ്യത്യാസമുണ്ട്.

എന്തായാലും യാസിർ ഷായുടെ പന്തുകൾക്കു മുന്നിൽ വട്ടം കറങ്ങി വീണ ന്യൂസീലൻഡ്, പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിങ്സിൽ 90 റൺസിനു പുറത്തായി. 12.3 ഓവറിൽ 41 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ ഷാ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അബ്ദുൽ ഖാദിർ (9/56), സർഫ്രാസ് നവാസ് (9/86) എന്നിവർക്കുശേഷം ടെസ്റ്റിൽ ഒരു പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇത്.

പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 418 റൺസിനോടു ഫോളോ ഓൺ വഴങ്ങി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റിന് 131 റൺസ് എടുത്തപ്പോൾ, ആ രണ്ടു വിക്കറ്റും പോക്കറ്റിലാക്കിയാണ് മൂന്നാം ദിനം യാസിർ 10 വിക്കറ്റ് തികച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ എന്ന് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ വാഴ്ത്തിയ താരമാണു യാസിർ ഷാ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് തികച്ച താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ മുപ്പത്തിരണ്ടുകാരൻ, വേണ്ടിവന്നത് 17 കളികൾ! ലെഗ് സ്പിന്നർ ഫ്ലിപ്പർ, ഗൂഗ്ലി എന്നി ഡെലിവറികളുടെ ഫലപ്രദമായ ഉപയോഗമാണു ഷായെ അപകടകാരിയാക്കുന്നത്. 2014ൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഷാ പാക്കിസ്ഥാനായി 32 ടെസ്റ്റിൽ 190 വിക്കറ്റെടുത്തിട്ടുണ്ട്.

വിക്കറ്റു നഷ്ടം കൂടാതെ 50 റൺസ് എന്ന നിലയിൽ ബാറ്റു ചെയ്തിരുന്ന കിവീസ്, യാസിർ ഷായുടെ മുന്നിൽ തകർന്നു വീഴുകയായിരുന്നു. ഓപ്പണർമാരായ ജീത് റാവൽ (31), ടോം ലാതം (22). ക്യാപ്റ്റൻ കെയ്‌ൻ വില്യംസൻ (28 നോട്ടൗട്ട്) എന്നിവരാണ് ആദ്യ ഇന്നിങ്സിൽ രണ്ടക്കം കണ്ട ന്യുസീലൻഡ് ബാറ്റ്സ്മാൻമാർ. മൽസരം അവസാനിക്കാൻ 2 ദിവസം ബാക്കി നിൽക്കെ പാക്ക് സ്കോറിനു 197 റൺസ് പിന്നിലാണ് കിവീസ്. 3 കളിയുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ന്യൂസീലൻഡ് വിജയിച്ചിരുന്നു.

ഈ ടെസ്റ്റിൽ യാസിർ ഷാ കൈവരിച്ച മറ്റു ചില നേട്ടങ്ങൾ

∙ യുഎഇയിൽ നടക്കുന്ന ടെസ്റ്റിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് ഷായുടേത്. ദുബായിൽ 49 റൺസ് വഴങ്ങി എട്ടു വിക്കറ്റ് പിഴുത വിൻഡീസ് സ്പിന്നർ ദേവേന്ദ്ര ബിഷുവിന്റെ റെക്കോർഡാണ് യാസിർ തിരുത്തിയത്.

∙ ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഒരു ബോളറുടെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. ദക്ഷിണാഫ്രിക്കയുടെ ഗൂഫി ലോറൻസ് 1961–62 കാലഘട്ടത്തിൽ 53 റൺസ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് യാസിറിനു മുന്നിൽ തകർന്നടിഞ്ഞത്.