Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയും ധവാനും ആഭ്യന്തര തലത്തിൽ കളിക്കാത്തതെന്ത്?: ബിസിസിഐയോട് ഗാവസ്കർ

dhawan-gavaskar-dhoni

മുംബൈ∙ മഹേന്ദ്രസിങ് ധോണി, ശിഖർ ധവാൻ തുടങ്ങിയവർ രാജ്യാന്തര മൽസരങ്ങളുടെ ഇടവേളകളിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. 2019 ലോകകപ്പ് ഉൾപ്പെടെ തിരക്കേറിയ ക്രിക്കറ്റ് സീസൺ മുന്നിൽ നിൽക്കെ ഇരുവരെയും കളത്തിൽ സജീവമാകാൻ നിർബന്ധിക്കാത്തതെന്താണെന്ന് ഗാവസ്കർ ബിസിസിഐയോടു ചോദിച്ചു. ധോണി ക്രിക്കറ്റ് കളിച്ചിട്ടു തന്നെ മാസങ്ങളായെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘എന്തുകൊണ്ടാണ് നിങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതെന്ന് നമ്മൾ ശിഖർ ധവാനോടും മഹേന്ദ്രസിങ് ധോണിയോടും ചോദിക്കുന്നില്ല. ഈ ചോദ്യം ചോദിച്ചേ തീരൂ. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത സമയത്ത് ആഭ്യന്തര മൽസരങ്ങളും ഒഴിവാക്കാൻ ധവാനേയും ധോണിയേയും അനുവദിക്കുന്നതിന് എന്തുകൊണ്ടാണെന്ന് ബിസിസിഐയോടു ചോദിക്കണം’ – ഗാവസ്കർ പറഞ്ഞു. ഇന്ത്യൻ ടീമിന്റെ പ്രകടനം നന്നാകണമെങ്കിൽ താരങ്ങൾ അവരുടെ മികച്ച ഫോമിലായിരിക്കണമെന്നും അതിന് കളത്തിൽ സജീവമാകേണ്ടതുണ്ടെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി.

നിലവിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽ ധവാൻ അംഗമല്ല. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെ തുടർന്ന് പൃഥ്വി ഷാ ഓപ്പണറുടെ സ്ഥാനത്ത് എത്തിയതോടെ ധവാന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പൃഥ്വി ഷാ മികച്ച ഫോം പ്രകടമാക്കുകയും ചെയ്തു. അതേസമയം, ഓഫ് സീസണ്‍ ചെലവഴിക്കാറുള്ള ഓസ്ട്രേലിയയിലെ മെൽബണിലാണ് ധവാൻ ഇപ്പോഴുള്ളത്.

അതേസമയം, 2014ൽ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ധോണി ഇന്ത്യൻ െടസ്റ്റ് ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ മാസം അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുശേഷം നീണ്ട ‘അവധി’യിലാണ് ധോണി. വെസ്റ്റ് ഇൻഡീസിനും ഓസീസിനും എതിരായ ട്വന്റി20 പരമ്പരകളിൽ ധോണിയെ ഉൾപ്പെടുത്തിയിരുന്നില്ല. 2004ൽ ദേശീയ ടീമിൽ അരങ്ങേറിയ ശേഷം ധോണിയെ ഇത്തരത്തിൽ പുറത്തിരുത്തുന്നത് ഇതാദ്യമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയിലാണ് ധോണി ഇനി ഇന്ത്യയ്ക്കു കളിക്കേണ്ടത്. ഇതോടെ ഏതാണ്ട് രണ്ടു മാസത്തെ ഇടവേളയാണ് രാജ്യാന്തര ക്രിക്കറ്റിൽ ധോണിക്കു ലഭിക്കുക. ഈ സമയത്ത് ആഭ്യന്തര ക്രിക്കറ്റിലും കളിക്കാതിരുന്നാൽ അതു ധോണിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ഗാവസ്കറിന്റെ വിമർശനം.

‘ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ധോണി കളിച്ചിരുന്നില്ല. അതിനു മുൻപ് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലോ ഇപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലോ ധോണി കളിക്കുന്നില്ല. ധോണി അവസാനമായി  രാജ്യാന്തര മൽസരം കളിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. ഇനി ജനുവരിയിൽ മാത്രമേ ദേശീയ ജഴ്സിയിൽ മടങ്ങിയെത്തൂ. ഇതു വലിയൊരു ഇടവേളയാണ്. അതിനുശേഷം ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും എതിരായ ഏകദിന പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ലോകകപ്പ് ടീമിലെ ധോണിയുടെ സ്ഥാനംതന്നെ ചോദ്യം ചെയ്യപ്പെടും’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘കളിക്കാർക്കു പ്രായമാവുകയും മൽസര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്താൽ അത് അവരുടെ ഫോമിനെയും പ്രകടനത്തെയും ഉറപ്പായും ബാധിക്കും. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായാൽ വലിയ ഇന്നിങ്സുകൾ കളിക്കാനുള്ള അവസരവും ആത്മവിശ്വാസവും നിങ്ങൾക്കു ലഭിക്കും. ഇത് മികച്ചൊരു പരിശീലനം കൂടിയായിരിക്കും’ – ഗാവസ്കർ പറഞ്ഞു.

related stories