Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂച്ച് ബിഹർ ട്രോഫിയിൽ കേരളത്തിന് 3–ാം ജയം; ഗോവയെ 159 റൺസിന് തകർത്തു

vatsal-govind-century ഗോവയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടി കേരളത്തിന്റെ വിജയശിൽപിയായ വത്സൽ ഗോവിന്ദ്.

ആലപ്പുഴ ∙ കുച്ച് ബിഹർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനു തുടർച്ചയായ മൂന്നാം ജയം. മൂന്നാം മൽസരത്തിൽ കരുത്തരായ ഗോവയെയാണു കേരളം തോൽപ്പിച്ചത്. 159 റൺസിനായിരുന്നു കേരളത്തിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ 294 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ഗോവ 135 റൺസിന് എല്ലാവരും പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷയ് മനോഹർ, എം.കിരൺ സാഗർ എന്നിവരാണു ഗോവയെ പിടിച്ചു കെട്ടിയത്.

സ്കോർ: കേരളം 356 & 191/8 ഡിക്ലയേർഡ്, ഗോവ  - 253 & 135

ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് ഉജ്വല ജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ വത്സൽ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടി കേരളത്തിന്റെ ടോപ് സ്കോററായിരുന്നു. 277 പന്തിൽ 19 ബൗണ്ടറി സഹിതം 146 റൺസാണ് വത്സൽ ഒന്നാം ഇന്നിങ്സിൽ നേടിയത്. അക്ഷയ് മനോഹർ ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയിരുന്നു. 116 പന്തിൽ 10 ബൗണ്ടറി സഹിതം 64 റൺസാണ് അക്ഷയ് നേടിയത്.

രണ്ട് ഇന്നിങ്സിലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ആറു വിക്കറ്റ് സ്വന്തമാക്കിയ അക്ഷയ് മനോഹറാണ് ബോളർമാരിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്ഷയിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ കിരൺ സാഗർ, മുഹമ്മദ് അഫ്രീദ് എന്നിവർ ചേർന്നാണ് ഗോവയെ 253 റൺസിൽ ഒതുക്കിയത്. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീതം പിഴുത് കിരൺ സാഗർ, അക്ഷയ് മനോഹർ എന്നിവർ കേരളത്തിന്റെ വിജയം അനായാസമാക്കി.