Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: പാക്കിസ്ഥാന് 123 റൺസ് തോൽവി

tim-southee-wicket-celebration പാക്കിസ്ഥാനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ന്യൂസീലൻഡ് താരങ്ങൾ.

അബുദാബി∙ ഒന്നാം ഇന്നിങ്സിൽ മികച്ച ലീഡു (74 റൺസ്) നേടി കരുത്തു കാട്ടിയ പാക്കിസ്ഥാന്, ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 123 റൺസ് തോൽവി. 280 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ 56.1 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ പരമ്പര ന്യൂസീലൻഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാനായി ബാബർ അസം അർധസെഞ്ചുറി (51) നേടി. ഇതിനു പുറമെ ഇമാം–ഉൾ–ഹക്ക്(22), സർഫറാസ് അഹമ്മദ്(28), ബിലാൽ ആസിഫ്(12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

നാലു വിക്കറ്റ് നഷ്ടത്തിൽ 272 റൺ‌സ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. പരമാവധി വേഗത്തിൽ സുരക്ഷിതമായ ലീഡ് ഉറപ്പാക്കി പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുക. അവർ അത് ഏറ്റവും ഭംഗിയായി നിർവഹിച്ചു. അവസാന ദിനം ഒൻപത് ഓവർ മാത്രം ബാറ്റ് ചെയ്ത ന്യൂസീലൻഡ് മൂന്നു വിക്കറ്റ് കൂടി നഷ്ടമാക്കിയെങ്കിലും നേടിയത് 81 റൺസ്! ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 139 റൺസുമായി ഹസൻ അലിക്കു വിക്കറ്റ് സമ്മാനിച്ചു പുറത്തായെങ്കിലും സെഞ്ചുറി തികച്ച ഹെൻറി നിക്കോൾസ് (266 പന്തിൽ 12 ബൗണ്ടറി സഹിതം 126), ഗ്രാൻഡ്ഹോം (19 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും സഹിതം 26), ടിം സൗത്തി 10 പന്തിൽ 15) എന്നിവരാണ് ന്യൂസീലൻഡ് സ്കോർബോർഡിലേക്ക് റണ്ണൊഴുക്കിയത്. ഒടുവിൽ കിവീസ് പാക്കിസ്ഥാനു മുന്നിലുയർത്തിയത് 280 റൺസ് വിജയലക്ഷ്യം.

എന്നാൽ, ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാന് ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാനായില്ല. ഉച്ചവരെ ബാറ്റു ക്രീസിലിറങ്ങിയ ആറു പാക് ബാറ്റ്സ്മാൻമാരിൽ രണ്ടക്കം കടന്നത് ഓപ്പണർ ഇമാമുൽ ഹഖ് മാത്രം. 54 പന്തിൽ 22 റൺസെടുത്ത ഇമാം ലഞ്ചിനു തൊട്ടുമുൻപുള്ള ഓവറിൽ പുറത്താവുകയും ചെയ്തു.

മുഹമ്മദ് ഹഫീസ് (എട്ട്), അസ്ഹർ അലി (അഞ്ച്), ഹാരിസ് സുഹൈൽ (ഒൻപത്), ആസാദ് ഷഫീഖ് (പൂജ്യം), ഇമാം ഉൽ ഹഖ് (22), സർഫറാസ് അഹമ്മദ് (28) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ബാബർ അസം പുറത്താകാതെ നിൽക്കുന്നതു മാത്രം ചെറിയ ആശ്വാസം. ന്യൂസീലൻഡിനായി അരങ്ങേറ്റ താരം സോമർവില്ലെ 3 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ശേഷിച്ച വിക്കറ്റുകൾ ടിം സൗത്തി, അജാസ് പട്ടേൽ, കോളിൻ ഗ്രാൻഡ്ഹോം എന്നിവർ പങ്കിട്ടു.

related stories