Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയെ ‘കൂവിത്തോൽപ്പിക്കാൻ’ ഓസീസ് കാണികൾ; വിമർശനവുമായി ഹെഡ്, പോണ്ടിങ്

kohli-dhawan വിരാട് കോഹ്‍ലി.

അഡ്‌ലെയ്ഡ്∙ ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് ഓസ്ട്രേലിയൻ കാണികളുടെ കൂവൽ. മൽസരത്തിന്റെ മൂന്നാം ദിനം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഓസ്ട്രേലിയൻ താരങ്ങൾ ബാറ്റു ചെയ്യുമ്പോൾ ഫീൽഡിൽ ഓരോ വിക്കറ്റുകളും ആവേശത്തോടെ ആഘോഷിച്ച കോഹ്‌ലിയെ കൂവലോടെയാണ് ഓസീസ് കാണികൾ വരവേറ്റത്. കോഹ്‍ലി ബാറ്റു ചെയ്യുമ്പോഴും അവർ കൂവൽ തൂടർന്നു.

എന്നാൽ കോഹ്‌ലി ഒട്ടും പ്രകോപിതനായില്ല. ഒട്ടും തിടുക്കമില്ലാത്ത കളിയുമായി പൂജാരയ്ക്കൊപ്പം കളം നിറഞ്ഞ കോഹ്‍ലി അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് തിരിച്ചുകയറിയത്. 149 പന്തിലാണ് ഇരുവരും 50 റൺസ് കൂട്ടുകെട്ട് കടന്നത്. ഒടുവിൽ കൂട്ടുകെട്ട് 81 റൺസിൽ നിൽക്കെ മൂന്നാം ദിനം അവസാന സെഷനിൽ നഥാൻ ലിയോണാണ് കോഹ്‍ലിയെ വീഴ്ത്തിയത്. 104 പന്തിൽ മൂന്നു ബൗണ്ടറികളോടെ 34 രൺസെടുത്ത കോഹ്‍ലിയെ ലയൺ ആരോൺ ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. അതിനിടെ, ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിൽ 1000 റൺസ് കടക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി വിരാട് കോഹ്‌ലി. സച്ചിൻ തെൻഡുൽക്കർ(1809), വിവിഎസ് ലക്ഷ്മൺ(1236), രാഹുൽ ദ്രാവിഡ്(1143) എന്നിവരാണു മുന്നിൽ.

∙ വിമർശനവുമായി ഹെഡ്, പോണ്ടിങ്

അതേസമയം, ഓസീസ് കാണികളുടെ പെരുമാറ്റത്തെ വിമർശിച്ച് ആതിഥേയ താരം ട്രാവിസ് ഹെഡ്, ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ് തുടങ്ങിയവർ രംഗത്തെത്തി. വിരാട് കോഹ്‍ലി മികച്ച താരമാണെന്നു ചൂണ്ടിക്കാട്ടിയ ഹെഡ്, കാണികൾ കൂവേണ്ട താരമല്ലെന്ന് അദ്ദേഹമെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെല്ല പെരുമാറേണ്ടതെന്നു പറഞ്ഞ അദ്ദേഹം, ആൾക്കൂട്ടം ചിലപ്പോൾ ഇങ്ങനെയാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ തീർത്തും അവഗണിക്കാനാണ് ഇന്ത്യൻ ടീമിനു താൽപര്യമെന്ന് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര പ്രതികരിച്ചു. കളത്തിനു പുറത്തു സംഭവിക്കുന്നതു പ്രധാനമല്ലെന്നും കളത്തിനുള്ളിൽ സംഭവിക്കുന്നതാണു പ്രധാനമെന്നും ബുമ്ര പ്രതികരിച്ചു. മറ്റു കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009ലെ ആഷസ് പരമ്പരയുടെ സമയത്ത് ഇംഗ്ലിഷ് ആരാധകരുടെ കൂവലിനു വിധേയനായിട്ടുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും കടുത്ത വിമർശനമാണ് സ്വന്തം കാണികൾക്കു നേരെ ഉയർത്തിയത്. ഇത്തരം പെരുമാറ്റം ഒരുകാലത്തും തനിക്ക് ഇഷ്ടമല്ലെന്ന് പോണ്ടിങ് തുറന്നടിച്ചു. കോഹ്‍ലിക്ക് ഇതൊന്നും വലിയ സംഭവമായിരിക്കുമെന്ന് കരുതുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു.

∙ കോഹ്‍ലിക്കു കൂവൽ തുടർക്കഥ!

അതേസമയം, കാണികളുമായുള്ള ഉസരൽ കോഹ്‍ലിക്ക് ഇതാദ്യ സംഭവമല്ല. ഈ വർഷം ആദ്യം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ എജ്ബാസ്റ്റണിലും ഇംഗ്ലിഷ് കാണികൾ ഇന്ത്യൻ ക്യാപ്റ്റനെ കൂവിയിരുന്നു. അതേസമയം, 2011–12 കാലഘട്ടത്തിലെ ഓസീസ് പര്യടനത്തിനിടെ തന്നെ കൂവിയ കാണികളെ നടുവിരൽ ഉയർത്തിക്കാട്ടിയതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കേണ്ടി വന്ന ചരിത്രവും കോഹ്‍ലിക്കുണ്ട്.

പണ്ട് ഇന്ത്യൻ കാണികളും കോഹ്‍ലിയെ കൂവിയ ചരിത്രമുണ്ട്. ഐപിഎല്ലിൽ കോഹ്‍ലിയുടെ ടീമായ റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മൽസരത്തിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ആരാധകരാണ് കോഹ‍്‌ലിയെ കൂവിയത്.

related stories