Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ നായകർക്കില്ല, ഈ നേട്ടം; കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ ഇനിയും സംശയിക്കണോ?

kohli-ashwin വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കോഹ്‍ലിയും അശ്വിനും.

അഡ്‌ലെയ്ഡ്∙ തന്റെ ക്യാപ്റ്റൻസിയെ ഇപ്പോഴും സംശയത്തോടെ വീക്ഷിക്കുന്നവർക്കു മുന്നിലേക്ക് പുതിയൊരു റെക്കോർഡും പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ രംഗപ്രവേശം. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് െടസ്റ്റിൽ പൊരുതിനേടിയ വിജയത്തിലൂടെയാണ് കോഹ്‍ലി പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഇന്നത്തെ വിജയത്തോടെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനായ ക്യാപ്റ്റനായി കോഹ്‍‌ലി മാറി.

അഡ്‌ലെയ്ഡിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 31 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഓസീസ് വാലറ്റത്തിന്റെ പോരാട്ടവീര്യത്തെ ബോളർമാരുടെ കൂട്ടായ ശ്രമത്തിലൂടെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള കോഹ്‍ലിക്ക് ഇതോടെ ഓസീസ് മണ്ണിലും വിജയം സ്വന്തം.

മുൻ ഇന്ത്യൻ നായകൻമാരായ രാഹുൽ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവർ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഓസീസ് മണ്ണിൽ സാധിച്ചിരുന്നില്ല. ഇവർക്കു സാധിക്കാത്ത നേട്ടമാണ് കോഹ്‍ലി സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നത്തെ വിജയത്തിനു മുൻപ് ഓസീസ് മണ്ണിൽ ഇന്ത്യ അവസാനമായി ജയിച്ചത് 2008ലാണ്. അന്ന് പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ അനിൽ കുംബ്ലെയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ, കുംബ്ലെയ്ക്കു ശേഷം ഓസീസ് മണ്ണിൽ ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഇന്ത്യൻ ക്യാപ്റ്റനുമായി കോഹ്‍ലി.

അതേസമയം, അഡ്‌ലെയ്ഡിൽ ഇന്ത്യ അവസാനമായി ടെസ്റ്റ് മൽസരം വിജയിച്ചിട്ട് 15 വർഷം പിന്നിടുമ്പോഴാണ് ഈ വിജയം എത്തുന്നത്. അന്ന് സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ വിജയം നേടിയത്. ഇന്നത്തെ ജയത്തോടെ ഓസീസ് മണ്ണിൽ ഇന്ത്യയുടെ ആകെ ടെസ്റ്റ് വിജയങ്ങളുടെ എണ്ണം ആറായി.

70 വർഷത്തെ ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തിൽ പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യ ജയിക്കുന്നത് ഇതാദ്യമാണെന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഏഷ്യൻ രാജ്യവുമാണ് ഇന്ത്യ. മുൻപ് 1979ൽ പാക്കിസ്ഥാൻ മെൽബണിൽ വിജയത്തോടെ ഓസീസ് പര്യടനത്തിനു തുടക്കമിട്ടിട്ടുണ്ട്.

ഇതിനു മുൻപ് രണ്ടു തവണ ഓസ്ട്രേലിയയിൽ പര്യടനത്തിന് എത്തിയപ്പോഴും ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. 2011–12ലെ പര്യടനത്തിൽ 4–0നും 2014–15ലെ പര്യടനത്തിൽ 2–0നുമാണ് ഇന്ത്യ തോറ്റത്.

∙ വിരാട് കോഹ്‍ലി ടോസ് നേടിയിട്ടുള്ള ഒരു ടെസ്റ്റ് പോലും ഇന്ത്യ തോറ്റിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ 43 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി ടോസ് നേടിയത് 20 മൽസരങ്ങളിലാണ്. ഇതിൽ 17 തവണയും ഇന്ത്യ ജയിച്ചു. മൂന്നു മൽസരങ്ങൾ മാത്രം സമനിലയിലായി. ടോസ് നഷ്ടമായ എട്ടു മൽസരങ്ങൾ കൂടി കോഹ്‍ലിക്കു കീഴിൽ ഇന്ത്യ ജയിച്ചിട്ടുണ്ട്. അങ്ങനെ, ആകെ നയിച്ച 43 മൽസരങ്ങളിൽ കോഹ്‍ലി ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഇത് 25–ാം ടെസ്റ്റ് വിജയം.

∙ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ ഇങ്ങനെ:

1977 - മെൽബൺ – 222 റൺസ് വിജയം

1978 – സിഡ്നി – ഇന്നിങ്സിനും രണ്ടു റൺസിനും ജയിച്ചു.

1981 – മെൽബൺ – 59 റൺസ് ജയം

2003 – അഡ്‌ലെയ്ഡ് – നാലു വിക്കറ്റ് ജയം

2008 – പെർത്ത് – 72 റൺസ് വിജയം

2018 – അഡ്‌ലെയ്ഡ് – 31 റൺസ് ജയം

related stories