Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9.5 ഓവറിൽ 11 റൺസ് വഴങ്ങി 10 വിക്കറ്റ്; കുംബ്ലെയുടെ വഴിയേ ഈ മണിപ്പൂരി താരം!

rex-singh റെക്സ് രാജ്കുമാർ സിങ്

അനന്തപുർ∙ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയ വിഖ്യാത സ്പിന്‍ ബോളർ അനിൽ കുംബ്ലെയ്ക്ക് ഇന്ത്യയിൽനിന്നു തന്നെ ഒരു പിൻഗാമി. 19 വയസ്സിൽ താഴെയുള്ളവർക്കായി നടത്തുന്ന കൂച്ച് ബിഹർ ട്രോഫിയിൽ മണിപ്പൂരി താരം റെക്സ് രാജ്കുമാർ സിങ്ങാണ് ഒരു ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തിയത്. അരുണാചൽ പ്രദേശിനെതിരായ മൽസരത്തിലാണ് സിങ്ങിന്റെ ചരിത്രനേട്ടം. റെക്സ് സിങ്ങിന്റെ അതുല്യപ്രകടനത്തിന്റെ കരുത്തിൽ മണിപ്പൂർ അരുണാചലിനെതിരെ 10 വിക്കറ്റ് ജയം നേടി.

അരുണാചൽ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോൾ 9.5 ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയാണ് റെക്സ് 10 വിക്കറ്റ് വീഴ്ത്തിയത്. ഇതിൽ ആറ് ഓവറും മെയ്ഡനായിരുന്നു. ഒന്നാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് വീഴ്ത്തി മണിപ്പൂരി ബോളർമാരിൽ മുൻപനായ റെക്സ്, മൽസരത്തിലാകെ 15 വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ 10.5 ഓവറിൽ 33 റൺസ് വഴങ്ങിയാണ് റെക്സ് അഞ്ചു വിക്കറ്റെടുത്തത്.

ടോസ് നേടിയ മണിപ്പൂർ ക്യാപ്റ്റൻ അരുണാചൽ പ്രദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ റെക്സ് സിങ്ങിന്റെ നേതൃത്വത്തിൽ മണിപ്പൂരി ബോളർമാർ അരുണാചലിനെ 138 റൺസിൽ ഒതുക്കി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മണിപ്പൂരി താരങ്ങൾക്കും ശോഭിക്കാനായില്ല. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഗോവിന്ദ് മിട്ടൽ, നാലു വിക്കറ്റുമായി ബാഗ്ര എന്നിവർ ചേർന്ന് മണിപ്പൂരിനെ 122 റൺസിൽ ഒതുക്കി. ഇതോടെ അരുണാചലിന് സ്വന്തമായത് 16 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്.

എന്നാൽ, രണ്ടാം ഇന്നിങ്സിൽ 10 വിക്കറ്റും പോക്കറ്റിലാക്കി റെക്സ് അവതരിച്ചതോടെ അരുണാചലിന് പിടിവിട്ടു. വെറും 18.5 ഓവറിൽ വെറും 36 റൺസിന് എല്ലാവരും പുറത്ത്. അരുണാചൽ നിരയിൽ രണ്ടക്കം കടന്നത് 12 റൺസെടുത്ത ശിവേന്ദർ ശർമ മാത്രം. ആറു പേർ ‘സംപൂജ്യ’രായി. രണ്ടാം ഇന്നിങ്സിൽ ജയിക്കാനാവശ്യമായിരുന്ന 55 റൺസ് 7.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മണിപ്പൂർ മറികടക്കുകയും ചെയ്തു.

related stories